
ദില്ലി: രഞ്ജി ട്രോഫി ക്രിക്കറ്റിലേക്ക് 13 വര്‍ഷത്തിനുശേഷമുള്ള വിരാട് കോലിയുടെ മടങ്ങിവരവ് നിരാശയോടെ. കോലിയുടെ ബാറ്റിംഗ് കാണാനായി ഡല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലേക്ക് രണ്ടാം ദിനവും ഒഴുകിയെത്തിയ പതിനായിരങ്ങളെ നിരാശരാക്കി റെയില്‍വേസിനെതിരായ മത്സരത്തില്‍ വിരാട് കോലി ആറ് റണ്‍സെടുത്ത് പുറത്തായി. റെയില്‍വേസിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറിന് മറുപടിയായി രണ്ടാം ദിനം ഒരു വിക്കറ്റ് നഷ്ടത്തില്‍ 41 റണ്‍സെന്ന നിലയില്‍ ക്രീസിലിറങ്ങിയ ഡല്‍ഹിക്കായി വിരാട് കോലി എപ്പോള്‍ ക്രീസിലിറങ്ങുമെന്നതായിരുന്നു ആരാധകരുടെ ആകാംക്ഷ.
യാഷ് ദുള്ളും സനത് സംഗ്‌വാനും തുടക്കത്തില്‍ പിടിച്ചു നിന്നതോടെ കാത്തിരിപ്പ് നീളുന്നതില്‍ ആരാധകര്‍ നിരാശരായി. ഒടുവില്‍ യാഷ് ദുള്ളിനെ(32) രാഹുല്‍ ശര്‍മ വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ നാലാമനായി വിരാട് കോലി ക്രീസിലെത്തി. ആരാധകരെ ആവേശത്തിലാഴ്ത്തി ബൗണ്ടറി അടിച്ച് തുടങ്ങിയെങ്കിലും ഇന്നിംഗ്സ് അധികം നീണ്ടില്ല. 15 പന്ത് നേരിട്ട കോലിയെ ഹിമാന്‍ഷു സംഗ്‌വാന്‍ ക്ലീന്‍ ബൗള്‍ഡാക്കി മടക്കിയതോടെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയം നിശബ്ദമായി. ഹിമാന്‍ഷു സംഗ്‌വാന്‍റെ ഇന്‍സ്വിംഗറില്‍ കോലിയുടെ ഓഫ് സ്റ്റംപ് വായുലില്‍ പറന്നു.റെയില്‍വേസിനെതിരെ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഡല്‍ഹി നാലു വിക്കറ്റ് നഷ്ടത്തില്‍ 101 റണ്‍സെന്ന നിലയില്‍ ബാറ്റിംഗ് തകര്‍ച്ചയിലാണ്. 10 റണ്‍സോടെ ക്യാപ്റ്റന്‍ ആയുഷ് ബദോനിയും ആറ് റണ്‍സോടെ സുമിത് മാഥൂറും ക്രീസില്‍.
പൂജാരക്കും രഹാനെക്കും സെഞ്ചുറി നഷ്ടം
മറ്റ് മത്സരങ്ങളില്‍ ആസമിനെതിരെ ആദ്യം ബാറ്റ് ചെയ്യുന്ന സൗരാഷ്ട്രക്കായി ഇറങ്ങിയ ഇന്ത്യൻ താരം ചേതേശ്വര്‍ പൂജാരക്ക് ഒരു റണ്‍സകലെ സെഞ്ചുറി നഷ്ടമായി. 95 റണ്‍സുമായി രണ്ടാം ദിനം ക്രീസിലിറങ്ങിയ പൂജാര 99 റണ്‍സില്‍ പുറത്തായി.167 പന്തില്‍ 10 ബൗണ്ടറിയടിച്ച് 99 റണ്‍സെടുത്ത പൂജാരയെ മുഖ്താർ ഹുസൈനാണ് പുറത്താക്കിയത്. ഇന്ത്യൻ താരം രവീന്ദ്ര ജഡേജക്കും സൗരാഷ്ട്രക്കായി ബാറ്റിംഗില്‍ തിളങ്ങാനായില്ല. ഒമ്പതാമനായി ക്രീസിലിറങ്ങിയ ജഡേജ 19 റണ്‍സെടുത്ത് പുറത്തായി. ആസമിനെതിരെ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ സൗരാഷ്ട്ര എട്ട് വിക്കറ്റ് നഷ്ടത്തില്‍ 451 റണ്‍സെന്ന മികച്ച നിലയിലാണ്.
രഞ്ജി ട്രോഫി: സല്‍മാന്‍ നിസാറിന്‍റെ ഒറ്റയാള്‍ പോരാട്ടം, ബിഹാറിനെതിരെ കേരളത്തിന് മികച്ച സ്കോര്‍
മറ്റൊരു മത്സരത്തില്‍ മേഘാലയക്കെതിരെ മുംബൈ നായകന്‍ അജിങ്ക്യാ രഹാനെക്കും സെഞ്ചുറി നഷ്ടമായി. മേഘാലയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 86 റണ്‍സിന് മറുപടിയായി മുംബൈ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 277 റണ്‍സെടുത്തിട്ടുണ്ട്. രഹാനെ 96 റണ്‍സെടുത്ത് പുറത്തായപ്പോള്‍ സിദ്ദേശ് ലാഡ് 118 റണ്‍സുമായി ക്രീസിലുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!