ശ്രീലങ്കക്കെതിരായ സെഞ്ചുറി, സച്ചിന്‍റെ വമ്പന്‍ റെക്കോര്‍ഡിനൊപ്പമെത്തി വിരാട് കോലി

By Web TeamFirst Published Jan 10, 2023, 5:12 PM IST
Highlights

ഏകദിനങ്ങളില്‍ കോലിയുടെ തുടര്‍ച്ചയായ രണ്ടാം സെഞ്ചുറിയാണിത്. കഴിഞ്ഞ മാസം ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ സെഞ്ചുറി നേടിയാണ് കോലി 1214 ദിവസമായുള്ള ഏകദിന സെഞ്ചുറി വരള്‍ച്ചക്ക് വിരമാമിട്ടത്.

ഗുവാഹത്തി: ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ സെഞ്ചുറി നേടിയതോടെ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ എക്കാലത്തെയും വലിയ റെക്കോര്‍ഡിനൊപ്പമെത്തി വിരാട് കോലി. ഗുവാഹത്തിയില്‍ സെഞ്ചുറി നേടിയതോടെ നാട്ടില്‍ 20 ഏകദിന സെഞ്ചുറികളെന്ന സച്ചിന്‍റെ റെക്കോര്‍ഡിനൊപ്പമാണ് കോലിയെത്തിയത്. ഇന്ത്യയില്‍ കളിച്ച 102 ഏകദിന മത്സരങ്ങളില്‍ നിന്നാണ് കോലി 20 സെഞ്ചുറി നേടിയതെങ്കില്‍ 164 മത്സരങ്ങളില്‍ നിന്നാണ് സച്ചിന്‍ 20 സെഞ്ചുറികള്‍ സ്വന്തമാക്കിയത്.

ഏകദിനങ്ങളില്‍ കോലിയുടെ തുടര്‍ച്ചയായ രണ്ടാം സെഞ്ചുറിയാണിത്. കഴിഞ്ഞ മാസം ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ സെഞ്ചുറി നേടിയാണ് കോലി 1214 ദിവസമായുള്ള ഏകദിന സെഞ്ചുറി വരള്‍ച്ചക്ക് വിരമാമിട്ടത്. ഇന്നത്തെ സെഞ്ചുറിയോടെ ഏകദിനങ്ങളില്‍ വെസ്റ്റ് ഇന്‍ഡീസിനും ഓസ്ട്രേലിയക്കും പുറമെ ശ്രീലങ്കക്കെതിരെയും കോലിയുടെ പേരില്‍ ഒമ്പത് സെഞ്ചുറികളായി. സച്ചിന്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയും ഓസ്ട്രേലിയക്കെതിരെയും ഒമ്പത് സെഞ്ചുറികള്‍ വീതം നേടിയിട്ടുണ്ട്.

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്ക് മുമ്പ് രഞ്ജിയില്‍ വെടിക്കെട്ട് ഡബിള്‍ സെഞ്ചുറിയുമായി പൃഥ്വി ഷാ

ശ്രീലങ്കക്കെതിരായ പരമ്പരയില്‍ ഇനി ഒരു സെഞ്ചുറി നേടിയാല്‍ ഏതെങ്കിലും ഒരു രാജ്യത്തിനെതിരെ 10 ഏകദിന സെഞ്ചുറി നേടുന്ന ലോകത്തെ ആദ്യ ബാറ്ററെന്ന റെക്കോര്‍ഡ് കോലിയുടെ പേരിലാവും. ശ്രീലങ്കക്കെിരെ കളിച്ച 84 മത്സരങ്ങളില്‍ സച്ചിന്‍ 3,113 റണ്‍സടിച്ചപ്പോള്‍ 49 മത്സരങ്ങളില്‍ നിന്ന് കോലി 2,323 റണ്‍സ് നേടി. ശ്രീലങ്കക്കെതിരെ ഒമ്പത് സെഞ്ചുറിക്ക് പുറമെ 19 അര്‍ധസെഞ്ചുറിയും കോലിയുടെ പേരിലുണ്ട്.

പരമ്പരയില്‍ ഇനി 67 റണ്‍സ് കൂടി നേടിയാല്‍ ഏകദിന റണ്‍വേട്ടക്കാരുടെ ലിസ്റ്റില്‍ ആദ്യ അഞ്ചിലെത്താനും കോലിക്ക് അവസരമുണ്ട്. സച്ചിന്‍, കുമാര്‍ സംഗക്കാര, റിക്കി പോണ്ടിംഗ്, സനത് ജയസൂര്യ, മഹേല ജയവര്‍ധനെ എന്നിവരാണ് നിലവില്‍ കോലിക്ക് മുന്നിലുള്ളവര്‍.

click me!