ലോകകപ്പ് നേട്ടത്തിന് ശേഷം എന്തുകൊണ്ട് സച്ചിനെ ചുമലിലേറ്റി; വിശദീകരിച്ച് കോലി

By Web TeamFirst Published Jul 29, 2020, 2:24 PM IST
Highlights

ഇന്ത്യന്‍ ക്രിക്കറ്റിനെ 21 വര്‍ഷം ചുമലിലേറ്റിയ സച്ചിനെ തോളിലേറ്റാന്‍ ഇതിലും മികച്ച സമയമില്ലെന്ന് ഞങ്ങള്‍ക്ക് തോന്നി. 

ദില്ലി: 2011ലെ ലോകകപ്പ് ഫൈനല്‍ ജയത്തിന് ശേഷം  സച്ചിനെ തോളിലേറ്റി യുവതാരങ്ങള്‍ വാംഖഡെ ക്രിക്കറ്റ് മൈതാനത്തിന് ചുറ്റും നടന്നത് ക്രിക്കറ്റ് പ്രേമികള്‍ക്ക് മറക്കാനാവില്ല. അന്ന് സച്ചിനെ തോളിലേറ്റാനുണ്ടായ കാരണത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായ വിരാട് കോലി. അന്ന് കോലിയും സച്ചിനെ തോളിലേറ്റിയിരുന്നു.

'വിജയത്തിന് ശേഷം സച്ചിന് സര്‍പ്രൈസ് നല്‍കാന്‍ തീരുമാനിച്ചിരുന്നു. മുമ്പ് രണ്ട് തവണയാണ് സച്ചിന് ലോകകപ്പ് നേട്ടം നഷ്ടമായത്. 1996ല്‍ സെമിയിലും 2003ല്‍ ഫൈനലിലും ഇന്ത്യ തോറ്റു. 2011ലെ ലോകകപ്പ് അദ്ദേഹത്തിന്റെ കരിയറിലെ അവസാന അവസരമായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റിന് വിലമതിക്കാനാകാത്ത സംഭാവന നല്‍കിയ താരമാണ് സച്ചിന്‍. അദ്ദേഹത്തിന്റെ അവസാന അവസരമാണെന്ന് ഞങ്ങള്‍ക്കെല്ലാം അറിയാമായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റിനെ 21 വര്‍ഷം ചുമലിലേറ്റിയ സച്ചിനെ തോളിലേറ്റാന്‍ ഇതിലും മികച്ച സമയമില്ലെന്ന് ഞങ്ങള്‍ക്ക് തോന്നി. 

ഇന്ത്യയിലെ മറ്റ് കുട്ടികള്‍ക്കെന്ന പോലെ, ഞങ്ങള്‍ക്കും മോട്ടിവേഷന്‍ നല്‍കിയ താരമാണ് അദ്ദേഹം. അതുകൊണ്ട് തന്നെ മുമ്പ് ഇന്ത്യക്ക് നിരവധി സംഭാവന നല്‍കിയ അദ്ദേഹത്തിന് എല്ലാവരില്‍ നിന്നും ലഭിച്ച സമ്മാനമായിരുന്നു ആ തോളിലേറ്റല്‍. അദ്ദേഹത്തിന്റെ എല്ലാ കഠിനാധ്വാനവും സഫലീകരിച്ച നേട്ടമായിരുന്നു അതെന്ന് ഞങ്ങള്‍ക്ക് തോന്നി. സ്വന്തം മൈതാനത്ത് സ്വപ്‌ന നേട്ടം കൈവരിച്ച അദ്ദേഹത്തിന് എന്ത് ബഹുമതി നല്‍കുമെന്ന് ഞാന്‍ ആലോചിച്ചു. തോളിലേറ്റ് മൈതാനം ചുറ്റുന്നതാണ് ഏറ്റവും വലിയ ബഹുമതിയായിട്ട് ഞങ്ങള്‍ക്ക് തോന്നിയത്. ഞങ്ങള്‍ അത് ചെയ്തു'-കോലി പറഞ്ഞു.

യുവതാരം മായങ്ക് അഗര്‍വാളുമായി നടത്തിയ വീഡിയോ ചാറ്റിലാണ് കോലി മനസ്സ് തുറന്നത്.
 

click me!