രോഹിത്തിനെ ഒഴിവാക്കിയതിനെ വിമര്‍ശിക്കുന്നവര്‍ക്ക് കോലിയുടെ മറുപടി

By Web TeamFirst Published Aug 26, 2019, 10:57 PM IST
Highlights

ടീം കോംബിനേഷന്‍ സന്തുലിതമാക്കാനാണ് ഹനുമാ വിഹാരിയെ അന്തിമ ഇലവനില്‍ കളിപ്പിച്ചത്. പാര്‍ട്ട് ടൈം സ്പിന്നറായ വിഹാരിയുടെ സാന്നിധ്യം ഓവറുകള്‍ വേഗം എറിഞ്ഞു തീര്‍ക്കാനും ഉപകരിക്കും.

ആന്റിഗ്വ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ രോഹിത് ശര്‍മക്ക് അന്തിമ ഇലവനില്‍ ഇടം നല്‍കാതിരുന്നതിനെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി ഇന്ത്യന്‍ നായകന്‍ വിരാട് കോലി. ടീം ഇലവനെക്കുറിച്ച് ആളുകള്‍ക്ക് വ്യത്യസ്ത അഭിപ്രായമുണ്ടാകാമെന്നും എന്നാല്‍ ടീമിന്റെ താല്‍പര്യങ്ങള്‍ക്കാണ് എപ്പോഴും മുന്‍തൂക്കം നല്‍കുന്നതെന്നും കോലി മത്സരശേഷം പറഞ്ഞു.

ടീം കോംബിനേഷന്‍ സന്തുലിതമാക്കാനാണ് ഹനുമാ വിഹാരിയെ അന്തിമ ഇലവനില്‍ കളിപ്പിച്ചത്. പാര്‍ട്ട് ടൈം സ്പിന്നറായ വിഹാരിയുടെ സാന്നിധ്യം ഓവറുകള്‍ വേഗം എറിഞ്ഞു തീര്‍ക്കാനും ഉപകരിക്കും. ടീം അംഗങ്ങളുമായി ചര്‍ച്ച ചെയ്തശേഷം ഏറ്റവും നല്ലതെന്ന് തോന്നുന്ന തീരുമാനമാണ് എപ്പോഴും എടുക്കാറുള്ളത്. പുറത്തുനിന്നുള്ളവര്‍ക്ക് പല അഭിപ്രായങ്ങളും ഉണ്ടാകും. എന്നാല്‍ ഞങ്ങള്‍ എപ്പോഴും ടീമിന്റെ താല്‍പര്യത്തിനാണ് മുന്‍തൂക്കം നല്‍കുന്നത് -കോലി പറഞ്ഞു.

രോഹിത്തിന് പകരം ടീമിലെത്തിയ വിഹാരി ആദ്യ ഇന്നിംഗ്സില്‍ 32ഉം രണ്ടാം ഇന്നിംഗ്സില്‍ 93ഉം റണ്‍സടിച്ചിരുന്നു. രണ്ടാം ഇന്നിംഗ്സില്‍ അജിങ്ക്യാ രഹാനെക്കൊപ്പം വിഹാരി പടുത്തുയര്‍ത്തിയ കൂട്ടുകെട്ടാണ് ഇന്ത്യക്ക് മികച്ച ലീഡ് സമ്മാനിച്ചത്.

ലോകകപ്പില്‍ മികച്ച പ്രകടനം നടത്തിയ രോഹിത്തിനെ അന്തിമ ഇലവനില്‍ കളിപ്പിക്കാത്തതിനെതിരെ മുന്‍കാല താരങ്ങള്‍ അടക്കം രംഗത്തെത്തിയിരുന്നു. ടെസ്റ്റില്‍ വിന്‍ഡീസിനെതിരെ രോഹിത്തിന് മികച്ച റെക്കോര്‍ഡാണുള്ളത്. ടെസ്റ്റ് കരിയറില്‍ രോഹിത് നേടിയ രണ്ട് സെഞ്ചുറികളും വിന്‍ഡീസിനെതിരെ ആയിരുന്നു.

click me!