സച്ചിന്റെ റെക്കോര്‍ഡിനരികെ വിരാട് കോലി; സെവാഗിനൊപ്പം എത്താനുള്ള അവസരവും

By Web TeamFirst Published Jan 23, 2023, 10:21 PM IST
Highlights

ന്യൂസിലന്‍ഡിനെതിരെ അഞ്ച് ഏകദിന സെഞ്ചുറികള്‍ സച്ചിനും കോലിക്കുമുണ്ട്. നാളെ ഒരു സെഞ്ചുറി നേടിയാല്‍ സച്ചിനെ മറികടക്കാന്‍ കോലിക്കാവും. അതോടൈാപ്പം ആറ് സെഞ്ചുറികള്‍ നേടിയ മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗിനൊപ്പം എത്തുകയും ചെയ്യാം.

ഇന്‍ഡോര്‍: അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഓരോ റെക്കോര്‍ഡും സ്വന്തം പേരിലാക്കികൊണ്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. നാളെ ന്യൂസിലന്‍ഡിനെതിരെ മൂന്നാം ഏകദിനം ആരംഭിക്കാനിരിക്കെ ഒരു റെക്കോര്‍ഡ് കൂടി അദ്ദേഹതതിന് മുന്നിലുണ്ട്. മറികടക്കുക ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറെ. ന്യൂസിലന്‍ഡിനെതിരെ ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ചുറികളും സെഞ്ചുറികളും നേടുന്ന കാര്യത്തില്‍ സച്ചിനെ മറികടക്കാനുള്ള അവസരം കോലിക്കുണ്ട്.

ന്യൂസിലന്‍ഡിനെതിരെ അഞ്ച് ഏകദിന സെഞ്ചുറികള്‍ സച്ചിനും കോലിക്കുമുണ്ട്. നാളെ ഒരു സെഞ്ചുറി നേടിയാല്‍ സച്ചിനെ മറികടക്കാന്‍ കോലിക്കാവും. അതോടൈാപ്പം ആറ് സെഞ്ചുറികള്‍ നേടിയ മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗിനൊപ്പം എത്തുകയും ചെയ്യാം. കോലി ന്യൂസിലന്‍ഡിനെതിരെ 28 ഏകദിന ഇന്നിംഗ്‌സുകളാണ് കളിച്ചിട്ടുള്ളത്. സച്ചിന്‍ 41 ഇന്നിംഗ്‌സുകളും കളിച്ചു. അര്‍ധ സെഞ്ചുറികളുടെ കാര്യമെടുത്താല്‍ സച്ചിനും കോലിയും ഇപ്പോള്‍ ഒപ്പത്തിനൊപ്പമാണ്. ഇരുവര്‍ക്കും കിവീസിനെതിരെ 13 ഫിഫ്റ്റികള്‍ വീതമാണുള്ളത്. ഒരു അര്‍ധ സെഞ്ചുറി നേടിയാല്‍ ന്യൂസിലന്‍ഡിനെതിരെ ഏറ്റവും കൂടുതല്‍ ഫിഫ്റ്റികളുള്ള ഇന്ത്യന്‍ താരമാവും കോലി.

ന്യൂസിലന്‍ഡിനെതിരെ ആദ്യ രണ്ട് ഏകദിനവും ജയിച്ച് പരമ്പര നേടിയ ഇന്ത്യ മൂന്നാം ഏകദിനവും ജയിച്ച് പരമ്പര തൂത്തുവാരാനാണ് ഇറങ്ങുന്നത്. നാളത്തെ മത്സരവും ജയിച്ചാല്‍ ടി20ക്ക് പിന്നാലെ ഏകദിന റാങ്കിംഗിലും ഇന്ത്യക്ക് ഒന്നാം സ്ഥാനത്തെത്താനാവും. ഇംഗ്ലണ്ടാണ് നിലവില്‍ ഒന്നാം സ്ഥാനത്ത്. ഇന്ത്യക്കെതിരായ ആദ്യ രണ്ട് ഏകദിനങ്ങളിലും തോറ്റതോടെയാണ് ന്യൂസിലന്‍ഡിന് ഒന്നാം സ്ഥാനം നഷ്ടമായത്.

പരമ്പര നേടിയതിനാല്‍ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര കണക്കിലെടുത്ത് പേസ് ബൗളര്‍മാരില്‍ ചിലര്‍ക്ക് വിശ്രമം അനുവദിച്ചേക്കുമെന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ സൂചന നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ മൂന്നാം ഏകദിനത്തിനുള്ള ടീമില്‍ ബൗളിംഗ് നിരയില്‍ കാര്യമായ അഴിച്ചുപണി ഉണ്ടാകുമെന്നാണ് കരുതുന്നത്.

ലിയോണല്‍ മെസി പിഎസ്ജിയില്‍ തുടരില്ലെന്ന് റിപ്പോര്‍ട്ട്! ഒരിക്കല്‍കൂടി ബാഴ്‌സലോണയിലേക്ക്?

click me!