'ഞാനവരോട് എല്ലാകാലത്തും കടപ്പെട്ടിരിക്കും'; തിരിച്ചുവരവില്‍ മൂന്ന് പേരെ പ്രത്യേകം പരാമര്‍ശിച്ച് വിരാട് കോലി

By Web TeamFirst Published Jan 16, 2023, 3:53 PM IST
Highlights

ഫോമിലേക്ക് തിരിച്ചെത്തിയതിന് പിന്നാലെ ഇന്ത്യയുടെ മൂന്ന് കോച്ചിംഗ് സ്റ്റാഫുകള്‍ക്ക് നന്ദി അറിയിച്ചിരിക്കുയാണ് കോലി. ബിസിസിഐ ടിവിയിലൂടെയാണ് കോലി മൂന്ന് ത്രോഡൗണ്‍ സ്‌പെഷ്യലിസ്റ്റുമാരുടെ പേരെടുത്ത് പറഞ്ഞ് നന്ദി അറിയിച്ചത്. 

തിരുവനന്തപുരം: തകര്‍പ്പന്‍ ഫോമിലാണ് ഇന്ത്യന്‍ താരം വിരാട് കോലി. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഈ വര്‍ഷത്തെ രണ്ടാം സെഞ്ചുറിയാണ് കോലി കഴിഞ്ഞദിവസം നേടിയത്. 110 പന്തുകള്‍ മാത്രം നേരിട്ട കോലി 166 റണ്‍സാണ് അടിച്ചെടുത്തത്. എട്ട് സിക്‌സും 13 ഫോറും കോലിയുടെ ഇന്നിംഗ്‌സിലുണ്ടായിരുന്നു. കോലിയുന്ന ഇന്നിംഗ്‌സിന്റെ കരുത്തില്‍ 317 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. പുരുഷന്മാരുടെ ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയമായിരുന്നു ഇന്ത്യയുടേത്. പരമ്പരയിലെ താരവും പ്ലയര്‍ ഓഫ് ദ മാച്ചും കോലി തന്നെയായിരുന്നു. 

ഫോമിലേക്ക് തിരിച്ചെത്തിയതിന് പിന്നാലെ ഇന്ത്യയുടെ മൂന്ന് കോച്ചിംഗ് സ്റ്റാഫുകള്‍ക്ക് നന്ദി അറിയിച്ചിരിക്കുയാണ് കോലി. ബിസിസിഐ ടിവിയിലൂടെയാണ് കോലി മൂന്ന് ത്രോഡൗണ്‍ സ്‌പെഷ്യലിസ്റ്റുമാരുടെ പേരെടുത്ത് പറഞ്ഞ് നന്ദി അറിയിച്ചത്. രഘു, നുവാന്‍, ദയ എന്നിവരുടെ പേരാണ് കോലി പ്രത്യേകം പരാമര്‍ശിച്ചത്. കോലിയുടെ വാക്കുകള്‍... ''രഘുവിനെ കുറിച്ച് നിങ്ങള്‍ക്കെല്ലാവര്‍ക്കുമറിയാം. നമ്മള്‍ മുമ്പും അദ്ദേഹത്തെ കുറിച്ച് സംസാരിച്ചിട്ടുണ്ട്. നുവാന്‍ ശ്രീലങ്കക്കാരനാണ്. എന്നാലിപ്പോള്‍ ഇന്ത്യക്കാരനായിട്ടാണ് തോന്നാറുള്ളത്. ദയ, രണ്ട് വര്‍ഷം മുമ്പാണ് അംഗമായത്. നിലവില്‍, ടീമിന്റെ പ്രധാനഭാഗമാണ് അദ്ദേഹം. 

എന്റെ അഭിപ്രായത്തില്‍ ഇവര്‍ മൂന്ന് പേരുമാണ് ഞങ്ങള്‍ക്ക് എല്ലാദിവസവും ലോകോത്തര പരിശീലനം നല്‍കുന്നത്. 145- 150 കിലോമീറ്റര്‍ പന്തെറിഞ്ഞ് തരുന്നുണ്ട് അവര്‍. ഈ രീതിയിലുള്ള പരിശീലനാണ് എന്നെ ഇവിടെയെത്തിച്ചത്. അവിശ്വസനീയമാണ് അവരുടെ സംഭാവന. ഇവരുടെ പേരും മുഖവും എപ്പോഴും ഓര്‍ത്തുവെക്കേണ്ടതുണ്ട്. എന്റെ വിജയത്തിന്റെ കാരണം ഇവരുടെ ശ്രമഫലമായിട്ടും ഉണ്ടായതാണ്.'' കോലി ബിസിസിഐ ടിവിയില്‍ പറഞ്ഞു.

ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലാണ് ഇന്ത്യ അടുത്തതായി കളിക്കുക. ജനുവരി 18ന് ഹൈദരാബാദിലാണ് ആദ്യ ഏകദിനം. രണ്ടാം ഏകദിനം 21ന് രായ്പൂരില്‍ നടക്കും. മൂന്നാം ഏകദിനം 24ന്് ഇന്‍ഡോര്‍ വേദിയാകും. ശേഷം മൂന്ന് ടി20 മത്സരങ്ങള്‍ ഉള്‍പ്പെട്ട പരമ്പരയിലും കളിക്കും. 27ന് ആദ്യ ടി20ക്ക് റാഞ്ചി വേദിയാകും. ലഖ്‌നൗവില്‍ 29ന് രണ്ടാം ടി20. മൂന്നാം മത്സരം ഫെബ്രുവരി ഒന്നിന് അഹമ്മദാബാദില്‍ നടക്കും.

കോലിക്കെിരെ വാളെടുത്തവര്‍ എന്തുകൊണ്ട് രോഹിത്തിനെ വിമര്‍ശിക്കുന്നില്ലെന്ന് ഗംഭീര്‍

click me!