Virat Kohli : 'രോഹിത്തിനെ പോലെ മറവിക്കാരനെ ഞാന്‍ കണ്ടിട്ടില്ല': താരത്തിന്റെ മോശം സ്വഭാവത്തെ കുറിച്ച് കോലി

By Web TeamFirst Published Dec 20, 2021, 8:07 PM IST
Highlights

ഞങ്ങള്‍ തമ്മല്‍ യാതൊരുവിധ പ്രശ്‌നങ്ങളുമില്ലെന്ന് കോലി തന്നെ പറഞ്ഞിട്ടുണ്ട്. രണ്ട് പേരും ദീര്‍ഘകാലമായി ഇന്ത്യന്‍ ടീമിനൊപ്പമുണ്ട്. ഡ്രസിംഗ് റൂമിലും ഹോട്ടലിലുമെല്ലാം ഇരുവരും ഒരുമിച്ചുതന്നെയാണ്.

സെഞ്ചൂറിയന്‍ : ഇന്ത്യന്‍ ടെസ്റ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയും (Virat Kohli) നിശ്ചിത ഓവര്‍ ടീ നായകന്‍ രോഹിത് ശര്‍മയും (Rohit Sharma) കടുത്ത ശത്രുതയിലാണെന്നാണ് പൊതുവെയുള്ള സംസാരം. ഇതിനെ കുറിച്ച് കോലി തന്നെ പറഞ്ഞിട്ടുണ്ട്, ഞങ്ങള്‍ തമ്മല്‍ യാതൊരുവിധ പ്രശ്‌നങ്ങളുമില്ലെന്ന്. രണ്ട് പേരും ദീര്‍ഘകാലമായി ഇന്ത്യന്‍ ടീമിനൊപ്പമുണ്ട്. ഡ്രസിംഗ് റൂമിലും ഹോട്ടലിലുമെല്ലാം ഇരുവരും ഒരുമിച്ചുതന്നെയാണ്.

അതുകൊണ്ടുതന്നെ ഇരുവര്‍ക്കും പരസ്പരം അറിയുകയും ചെയ്യാം. സ്വഭാവവും ഇരുവരും പരസ്പരം മനസിലാക്കിയിട്ടുണ്ടാവും. ഇപ്പോള്‍ രോഹിത്തിന്റെ ഒരു മോശം സ്വഭാവത്തെ കുറിച്ച് സംസാരിക്കുകയാണ് കോലി. രോഹിത്ത് മറവിക്കാരനാണെന്നാണ് കോലി പറയുന്നത്. ''വലിയ മറവിക്കാരനാണ് രോഹിത്. മൊബൈല്‍ ഫോണ്‍, ഐപാഡ്, വാലറ്റ്, പാസ്പോര്‍ട്ട് തുടങ്ങിയ കാര്യങ്ങളെല്ലാം മിക്കവാറും അവസരങ്ങളില്‍ രോഹിത് മറന്നുവെക്കും. ഇത്രത്തോളം മറവിയുളള മറ്റൊരാളെ ഞാന്‍ കണ്ടിട്ടില്ല. അത്യാവശ്യമായി കൈവശം വെയ്ക്കേണ്ട പല വസ്തുക്കളും രോഹിത് ഹോട്ടല്‍ റൂമിലും വിമാനത്തിലും മറന്നുവെയ്ക്കും. എന്നാല്‍ എന്താണ് മറന്നുവച്ച ഓര്‍മ പോലും രോഹിത്തിനുണ്ടാവില്ല. 

പലപ്പോഴായി പാസ്‌പോര്‍ട്ട് പലയിടങ്ങളില്‍ അദ്ദേഹം മറന്നുവച്ചിട്ടുണ്ട്്. പലപ്പോഴും ടീം ബസ് പാതി ദൂരം പിന്നിടുമ്പോഴായിരിക്കും താന്‍ മറന്നുവെച്ചതിനെ കുറിച്ച് രോഹിത് ആലോചിക്കുന്നത്. ഐപാഡ് വിമാനത്തില്‍ തന്നെ മറന്നു വച്ചതായി അദ്ദേഹം ടീം ബസില്‍വെച്ചായിരിക്കും ഓര്‍ക്കുക. ഇതെല്ലാം തിരിച്ചെടുക്കുന്നത് പലപ്പോഴും ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും. ബസ് പുറപ്പെടുന്നതിന് മുമ്പ് ലോജിസ്റ്റിക് മാനേജര്‍ രോഹിത്തിനെ എല്ലാം എടുക്കാന്‍ ഓര്‍മിപ്പിക്കാറുണ്ട്.'' കോലി പറഞ്ഞു. 

ദക്ഷിണാഫ്രിക്കയിലാണ് കോലി. അവര്‍ക്കെതിരായ ടെസ്റ്റ് പരമ്പരയിലാണ് ഇന്ത്യ കളിക്കുക. ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനായ രോഹിത് പരിക്കിനെ തുടര്‍ന്ന് പരമ്പരയില്‍ നിന്ന് പിന്മാറിയിരുന്നു. നിലവില്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ ഫിറ്റ്‌നെസ് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് രോഹിത്. ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി രോഹിത് ദക്ഷിണാഫ്രിക്കയിലെത്തും.

click me!