ചെന്നൈയിലെ ആദ്യ ടെസ്റ്റിനിടെ തന്നെ കോലി മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ഇംഗ്ലണ്ട് താരം

By Web TeamFirst Published Apr 2, 2021, 9:54 PM IST
Highlights

ആദ്യ ടെസ്റ്റില്‍ ബാറ്റ് ചെയ്യുന്നതിനിടെ നോണ്‍ സ്ട്രൈക്കിംഗ് എന്‍ഡില്‍ നില്‍ക്കുകയായിരുന്ന എനിക്ക് സമീപമെത്തിയാണ് കോലി അത് പറഞ്ഞത്. ഇത് നിങ്ങള്‍ക്ക് ലഭിക്കുന്ന അവസാനത്തെ ഫ്ലാറ്റ് പിച്ചായിരിക്കും എന്ന്.

ലണ്ടന്‍: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍ ചെന്നൈയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യ വമ്പന്‍ തോല്‍വി വഴങ്ങിയതിന് പിന്നാലെ പിച്ചിനെച്ചൊല്ലിയുള്ള വിവാദങ്ങളും തലപൊക്കിയിരുന്നു. ഫ്ലാറ്റ് പിച്ചില്‍ ഇംഗ്ലണ്ട് ആദ്യം ബാറ്റ് ചെയ്ത് വമ്പന്‍ സ്കോര്‍ ഉയര്‍ത്തുകയും ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്യുകയായിരുന്നു.

എന്നാല്‍ ആദ്യ ടെസ്റ്റില്‍ ബാറ്റിംഗിനിടെ തന്നെ ഇംന്ത്യന്‍ നായകന്‍ വിരാട് കോലി തനിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് ഇംഗ്ലണ്ട് താരമായ ഓലി പോപ്പ്. ഇത് നിങ്ങള്‍ക്ക് ലഭിക്കുന്ന അവസാനത്തെ ഫ്ലാറ്റ് പിച്ചായിരിക്കുമെന്നും വരാനിരിക്കുന്ന ടെസ്റ്റുകളില്‍ സ്പിന്‍ പിച്ചുകളായിരിക്കുമെന്നും കോലി മുന്നറിയിപ്പ് നല്‍കിയെന്നാണ് പോപ്പ്  തുറന്നു പറയുന്നത്.

ആദ്യ ടെസ്റ്റില്‍ ബാറ്റ് ചെയ്യുന്നതിനിടെ നോണ്‍ സ്ട്രൈക്കിംഗ് എന്‍ഡില്‍ നില്‍ക്കുകയായിരുന്ന എനിക്ക് സമീപമെത്തിയാണ് കോലി അത് പറഞ്ഞത്. ഇത് നിങ്ങള്‍ക്ക് ലഭിക്കുന്ന അവസാനത്തെ ഫ്ലാറ്റ് പിച്ചായിരിക്കും എന്ന്. അപ്പോഴെ എനിക്കറിയാമായിരുന്നു വരാനിരിക്കുന്ന ടെസ്റ്റുകള്‍ അത്ര എളുപ്പമാവില്ലെന്ന്-പോപ്പ് പറഞ്ഞു.

ആദ്യ ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്സില്‍ ക്യാപ്റ്റന്‍ ജോ റൂട്ടിന്‍റെ ഇരട്ട സെഞ്ചുറിയുടെ കരുത്തില്‍ 578 റണ്‍സടിച്ച ഇംഗ്ലണ്ടിന് പക്ഷെ പിന്നീട് ഏഴ് ഇന്നിംഗ്സില്‍ ഒരിക്കല്‍ മാത്രമാണ് 200 റണ്‍സ് പോലും പിന്നിടാനായത്. തങ്ങള്‍ കളിച്ചിട്ടുള്ളതില്‍ ഏറ്റവും വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളായിരുന്നു ഇന്ത്യയിലേതെന്ന് ബെന്‍ സ്റ്റോക്സും ജോ റൂട്ടൂം തന്നോട് പറഞ്ഞതായും പോപ്പ് വ്യക്തമാക്കി.

പരമ്പരയില്‍ ആദ്യ മൂന്ന് ദിവസവും ബാറ്റിംഗിനെയും പിന്നീട് സ്പിന്നിനെയും അനുകൂലിക്കുന്ന പിച്ചൊരുക്കാനായിരുന്നു ഇന്ത്യയുടെ പദ്ധതി. എന്നാല്‍ ആദ്യ ടെസ്റ്റിലെ തോല്‍വിയോടെ ഇന്ത്യ ഗെയിം പ്ലാന്‍ മാറ്റിയെന്നും പോപ്പ് വ്യക്തമാക്കി. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ 3-1നാണ് ജയിച്ചു കയറിയത്.

click me!