
മുംബൈ: കുപ്രചരണങ്ങള്‍ക്കും ക്യാപ്റ്റന്‍സിയെ ചൊല്ലിയുള്ള വിവാദങ്ങള്‍ക്കും അറുതി വരുത്തി ഇന്ത്യയുടെ ടെസ്റ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി (Virat Kohli). ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കോലി. പുതുതായി തിരഞ്ഞെടുക്കപ്പെട്ട നിശ്ചിത ഓവര്‍ ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമായുള്ള (Rohit Sharma) ബന്ധത്തെ കുറിച്ചും കോലി ഏറെ സംസാരിച്ചു.
രോഹിത്തുമായി എനിക്കൊരു പ്രശ്‌നവുമില്ലെന്ന് കോലി വിശദീകരിച്ചു. ''കഴിഞ്ഞ രണ്ട് വര്‍ഷമായി ഞാനിത് ആവര്‍ത്തിച്ചുകൊണ്ടിരക്കുകയാണ്. രോഹിത്തുമായി എനിക്കെന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ ഇടയ്ക്കിടെ പുറത്തുവരാറുണ്ട്. അപ്പോഴൊക്കെ ഞാന്‍ പറഞ്ഞത് തന്നെ ഇപ്പോഴും ആവര്‍ത്തിക്കുന്നു. ഞങ്ങള്‍ തമ്മില്‍ ഒരു പ്രശ്‌നവുമില്ല. ഇത് പറഞ്ഞ് പറഞ്ഞ് എനിക്ക് മടുത്തു. ടീമിന് മോശമായി ബാധിക്കുന്ന എന്തെങ്കിലും നീക്കം എന്റെ ഭാഗത്തുനിന്നുണ്ടാവില്ല.
രോഹിത് മികച്ച ക്യാപ്റ്റനാണ്. ബാറ്റിംഗില്‍ സാങ്കേതിക തികവുമുണ്ട്. രോഹിത്തിനും കോച്ച് രാഹുല്‍ ദ്രാവിഡിനുമൊപ്പം ടീമിനെ ഉയരങ്ങളിലേക്ക് നയിക്കുകയെന്നത് എന്റെകൂടി ഉത്തരവാദിത്തമാണ്. അവര്‍ക്കുവേണ്ട എല്ലാ പിന്തുണയും എന്റെ ഭാഗത്തുനിന്നുണ്ടാവും.'' കോലി വ്യക്തമാക്കി.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഏകദിന പരമ്പര കളിക്കുമെന്നും അവധി ആവശ്യപ്പെട്ടുവെന്ന് പറയുന്ന വാര്‍ത്തകളെല്ലാം നുണക്കഥകളാണെന്നും കോലി പറഞ്ഞു.
നേരത്തെ, ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഏകദിന പരമ്പയില്‍ നിന്ന് കോലി പിന്മാറുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. രോഹിത് നയിക്കുന്നതുകൊണ്ടാണ് കോലി പിന്മാറുന്നതടക്കമുള്ള വാര്‍ത്തകള്‍ പുറത്തുവന്നു. കോലിയുടെ പത്ര സമ്മേളനത്തോടെ ഇത്തരം വാദങ്ങള്‍ക്കെല്ലാം അറുതിയായി.