
ദില്ലി: ഐപിഎല്ലിന് പിന്നാലെ ചെറിയ ഇടേവള എടുത്ത വിരാട് കോലി ലോകകപ്പില്‍ കളിക്കാനായി എപ്പോള്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേരുമെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വരുത്താതെ ബിസിസിഐ. ലോകകപ്പ് ടീമിലെ 14 താരങ്ങളും റിസര്‍വ് ലിസ്റ്റിലുള്ള നാലു താരങ്ങളും അമേരിക്കയിലെത്തി പരിശീലനം തുടങ്ങിയെങ്കിലും ഐപിഎല്ലിന് ശേഷം ചെറിയൊരു ഇടവേള എടുത്ത കോലി ഞായറാഴ്ച ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ ഒരേയൊരു സന്നാഹ മത്സരത്തിന് മുമ്പ് ടീമിനൊപ്പം ചേരാനിടയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. 30ന് കോലി അമേരിക്കയിലേക്ക് തിരിക്കുമെന്നായിരുന്നു നേരത്തെ വാര്‍ത്താ ഏജൻസിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
എന്നാല്‍ ഇത് അല്‍പം കൂടി നീണ്ടേക്കാമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. കഴിഞ്ഞ ദിവസം ഭാര്യ അനുഷ്ക ശര്‍മക്കും മുന്‍ താരം സഹീര്‍ ഖാനുമൊപ്പം വിരാട് കോലി മുംബൈയിലെ ഹോട്ടലില്‍ എത്തിയിരുന്നു. മെയ് 22നാണ് കോലി ഐപിഎല്‍ എലിമിനേറ്ററില്‍ കളിച്ചത്. ഇതിനുശേഷം ക്വാളിഫയറിലും ഫൈനലിലുമെല്ലാം കളിച്ച സഞ്ജു സാംസൺ, യുസ്‌വേന്ദ്ര ചാഹല്‍, യശസ്വി ജയ്സ്വാള്‍, ആവേശ് ഖാന്‍ റിങ്കു സിംഗ് എന്നിവരെല്ലാം കഴിഞ്ഞ ദിവസങ്ങളില്‍ അമേരിക്കയിലെത്തി ടീമിനൊപ്പം ചേര്‍ന്നിരുന്നു. മുബൈ ഇന്ത്യന്‍സ് നായകനായ ഹാര്‍ദ്ദിക് പാണ്ഡ്യയും ലണ്ടനില്‍ നിന്നെത്തി ടീമിനൊപ്പം ചേര്‍ന്നു.
കഴിഞ്ഞ വര്‍ഷം ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങിയെന്ന് കുല്‍ദീപ്, ഇതൊക്കെ എപ്പോഴെന്ന് രോഹിത് ശര്‍മ
അഞ്ചിന് അയര്‍ലന്‍ഡിനെതിരെ ആണ് ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം. ഇതിന് മുമ്പ് മാത്രമെ വിരാട് കോലി ഇന്ത്യൻ ടീമിനൊപ്പം ചേരു എന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ഞായറാഴ്ച ബംഗ്ലാദേശിനെതിരെ നടക്കുന്ന ഇന്ത്യയുടെ ഏക സന്നാഹ മത്സരത്തില്‍ വിരാട് കോലി കളിക്കില്ലെന്ന കാര്യം ഉറപ്പായി. വിരാട് കോലി കളിച്ചില്ലെങ്കില്‍ മൂന്നാം നമ്പറില്‍ ഐപിഎല്ലില്‍ ഇതേ സ്ഥാനത്ത് തിളങ്ങിയ മലയാളി താരം സഞ്ജു സാംസണ് അവസരമൊരുങ്ങും.
യശസ്വി ജയ്സ്വാളും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഓപ്പണര്‍മാരാകുമ്പോള്‍ സഞ്ജു മൂന്നാമതും സൂര്യകുമാര്‍ നാലാം നമ്പറിലും കളിക്കാനാണ് സാധ്യത. സന്നാഹ മത്സരായതിനാല്‍ പരമാവധി താരങ്ങള്‍ക്ക് ബാറ്റിംഗിന് അവസരം കൊടുക്കുമെന്നാണ് കരുതുന്നത്. അഞ്ചിന് അയര്‍ലന്‍ഡിനെതിരായ മത്സരം കഴിഞ്ഞാല്‍ ഒമ്പതിനാണ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക