മോശം ഫോം മറികടക്കാന്‍ കോലി സച്ചിന്റെ ഉപദേശം തേടണമെന്ന് ഗവാസ്‌കര്‍

By Web TeamFirst Published Aug 25, 2021, 10:37 PM IST
Highlights

സച്ചിന്‍ സിഡ്‌നിയില്‍ ചെയ്തതുപോലെ കവര്‍ ഡ്രൈവുകള്‍ കളിക്കില്ലെന്ന് ഉറപ്പിച്ച് ക്രീസിലിറങ്ങാന്‍ കോലിയും തയാറാവണം.

ലീഡ്‌സ്: ബാറ്റിംഗിലെ മോശം ഫോം മറികടക്കാന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ഉപദേശം തേടണമെന്ന് മുന്‍ നായകന്‍ സുനില്‍ ഗവാസ്‌കര്‍. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിലും കോലി ചെറിയ സ്‌കോറില്‍ പുറത്തായ പശ്ചാത്തലത്തിലാണ് ഗവാസ്‌കറുടെ പ്രതികരണം.

2003ല്‍ ഓസ്‌ട്രേലിയക്കെതിരെ തുടര്‍പരാജയങ്ങള്‍ക്കൊടുവില്‍ സിഡ്‌നിയില്‍ എങ്ങനെയാണോ സച്ചിന്‍ തിരിച്ചുവന്നത് അതുപോലെ തിരിച്ചുവരാന്‍ കോലിക്ക് കഴിയും. എന്നാല്‍ അതിന് കോലി എത്രയും പെട്ടെന്ന് സച്ചിനെ വിളിച്ച് ഉപദേശം തേടണം. സച്ചിന്‍ സിഡ്‌നിയില്‍ ചെയ്തതുപോലെ കവര്‍ ഡ്രൈവുകള്‍ കളിക്കില്ലെന്ന് ഉറപ്പിച്ച് ക്രീസിലിറങ്ങാന്‍ കോലിയും തയാറാവണം. 2014ലെ ഇംഗ്ലണ്ട് പര്യടനത്തിലേതുപോലെ ശരീരത്തില്‍ നിന്ന് അകലെ പോകുന്ന പന്തില്‍ ബാറ്റെവെച്ചാണ് കോലി തുടര്‍ച്ചയായി പുറത്താവുന്നത്. അത് ശരിക്കും ആശങ്കപ്പെടുത്തുന്ന കാര്യമാണ്.

ഓഫ് സ്റ്റംപിന് പുറത്ത് അഞ്ചോ, ആറോ ചിലപ്പോഴൊക്കെ ഏഴാമത്തെ സ്റ്റംപിലൂടെ പോകുന്ന പന്തിലൊക്കെ ബാറ്റ് വെച്ചാണ് കോലി പുറത്താവുന്നത്. 2014ല്‍ ഓഫ് സ്റ്റംപിന് തൊട്ടുചേര്‍ന്ന് പോകുന്ന പന്തിലായിരുന്നു കോലി കൂടുതലും പുറത്തായിരുന്നതെന്നും ഗവാസ്‌കര്‍ കമന്ററിക്കിടെ പറഞ്ഞു. 2014ല്‍ ഇംഗ്ലണ്ടിനെതിരെ കളിച്ച അഞ്ച് ടെസ്റ്റുകളില്‍ നിന്ന് 134 റണ്‍സ് മാത്രം സ്‌കോര്‍ ചെയ്ത കോലി പിന്നീട് സച്ചിന്റെ ഉപദേശം തേടിയിരുന്നു. 2018ലെ പരമ്പരയില്‍ രണ്ട് സെഞ്ചുറികള്‍ ഉള്‍പ്പെടെ 594 റണ്‍സ് നേടിയ കോലി തിളങ്ങുകയും ചെയ്തു.

കഴിഞ്ഞ 50 ഇന്നിംഗ്‌സുകളില്‍ ഒരിക്കല്‍ പോലും കോലിക്ക് മൂന്നക്കം കടക്കാനായിട്ടില്ല. 2020നുശേഷം കളിച്ച 10 ടെസ്റ്റില്‍ 25ല്‍ താഴെ മാത്രമാണ് കോലിയുടെ ബാറ്റിംഗ് ശരാശരി. ഇംഗ്ലണ്ടിനെതിരെ ഈ പരമ്പരയില്‍ കളിച്ച അഞ്ച് ഇന്നിംഗ്‌സിലും ഒന്നില്‍ പോലും അര്‍ധസെഞ്ചുറി നേടാന്‍ കോലിക്കായില്ല.

ആദ്യ ടെസ്റ്റില്‍ നേരിട്ട ആദ്യ പന്തില്‍ പൂജ്യത്തിന് പുറത്തായ കോലി രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റ് ചെയ്തില്ല. രണ്ടാം ടെസ്റ്റില്‍ 20ഉം 42 ഉം റണ്‍സെടുത്ത് കോലി പുറത്തായി. മൂന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സിലാകട്ടെ ഏഴ് റണ്‍സ് മാത്രമാണ് കോലി നേടിയത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!