വീഡിയോ പ്രചരിച്ചതോടെ ചിലര്‍ ബുമ്രയുടെ നടപടിയെ വിമര്‍ശിച്ചപ്പോള്‍ മറ്റു ചിലര്‍ ബുമ്രയെ ന്യായീകരിച്ചും രംഗത്തെത്തി.
അഹമ്മദാബാദ്: തനിക്കൊപ്പമുള്ള സെല്‍ഫി എടുക്കാന്‍ ശ്രമിച്ച ആരാധകന്‍റെ കൈയില്‍ നിന്ന് ഫോണ്‍ പിടിച്ചുവാങ്ങി ഇന്ത്യൻ പേസര്‍ ജസ്പ്രീത് ബുമ്ര. തനിക്കൊപ്പമുള്ള വീഡിയോ പകര്‍ത്താന്‍ ശ്രമിക്കുന്ന ആരാധകനോട് ബുമ്ര നിര്‍ത്തിയില്ലെങ്കില്‍ ആ ഫോണ്‍ പിടിച്ചുവാങ്ങുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാലും കുഴപ്പമില്ലെന്ന് പറഞ്ഞ് വീഡിയോ പകര്‍ത്തുന്നത് തുടര്‍ന്ന ആരാധകന്‍റെ കൈയില്‍ നിന്നാണ് ക്ഷമകെട്ട് ഒടുവില്‍ ബുമ്ര ഫോണ്‍ പിടിച്ചുവാങ്ങിയത്. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ എവിടെ വെച്ച് എടുത്തതാണെന്ന് വ്യക്തമല്ല.
വീഡിയോ പ്രചരിച്ചതോടെ ചിലര്‍ ബുമ്രയുടെ നടപടിയെ വിമര്‍ശിച്ചപ്പോള്‍ മറ്റു ചിലര്‍ ബുമ്രയെ ന്യായീകരിച്ചും രംഗത്തെത്തി. ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയില്‍ കളിക്കുന്ന ബുമ്ര ആദ്യ രണ്ട് മത്സരങ്ങളില്‍ കളിച്ചശേഷം വ്യക്തിപരമായ കാരണങ്ങളാല്‍ മൂന്നാം ടി20യില്‍ നിന്ന് വിട്ടുനിന്നിരുന്നു. നാലാം ടി20ക്കുള്ള ഇന്ത്യൻ ടീമിനൊപ്പം ചേരാനായി ബുമ്ര ലക്നോവിലേക്ക് വരുമ്പോൾ വിമാനത്താവളത്തില്‍വെച്ച് ചിത്രീകരിച്ച വീഡിയോ ആണിതെന്നാണ് സൂചന.
മുള്ളന്‍പൂരില്‍ നടന്ന രണ്ടാം ടി20യില്‍ ബുമ്രക്ക് ബൗളിംഗില തിളങ്ങാനായിരുന്നില്ല. നാലോവറില്‍ 45 റണ്‍സ് വഴങ്ങിയെങ്കിലും ബുമ്രക്ക് വിക്കറ്റൊന്നും വീഴ്ത്താനായില്ല. ഇതിന് പിന്നാലെയാണ് വ്യക്തിപരമായ കാരണങ്ങളാല്‍ നാട്ടിലേക്ക് മടങ്ങിയ ബുമ്ര ധരംശാലയില്‍ നടന്ന മൂന്നാം ടി20യില്‍ നിന്ന് വിട്ടുനിന്നത്. ദക്ഷിണാഫ്രിക്കക്കെതിരായ അഞ്ചാം ടി20 മത്സരത്തിനായി ഇന്ത്യൻ ടീം അംഗങ്ങള്‍ക്കൊപ്പം ബുമ്ര ഇന്ന് അഹമ്മദാബാദിലേക്ക് പോകുമെന്നാണ് കരുതുന്നത്.
അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായി ജനുവരിയില്‍ ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലും ഇന്ത്യ കളിക്കുന്നുണ്ട്.അഞ്ച് മത്സരങ്ങളാണ് ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലുമുള്ളത്.


