പന്തിന്റെ കാര്യം ഏറെക്കുറെ തീരുമായിട്ടുണ്ട്; കീപ്പറായി രാഹുല്‍ മതിയെന്ന് തുറന്നുപറഞ്ഞ് കോലി

By Web TeamFirst Published Jan 20, 2020, 1:04 PM IST
Highlights

അങ്ങനെ പ്രതീക്ഷിച്ചതുപോലെ സംഭവിച്ചു. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ തല്‍ക്കാലത്തേക്കെങ്കിലും ഋഷഭ് പന്തിന്റെ സ്ഥാനം തെറിക്കും. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ബംഗളൂരു: അങ്ങനെ പ്രതീക്ഷിച്ചതുപോലെ സംഭവിച്ചു. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ തല്‍ക്കാലത്തേക്കെങ്കിലും ഋഷഭ് പന്തിന്റെ സ്ഥാനം തെറിക്കും. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്നലെ ഓസ്‌ട്രേലിയക്കെതിരായ പരമ്പര നേട്ടത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കോലി. ഓസീസിനെതിരെ രണ്ട് ഏകദിനങ്ങളിലും രാഹുലാണ് വിക്കറ്റ് കീപ്പറായിരുന്നത്. വിക്കറ്റിന് പിന്നില്‍ മികച്ച പ്രകടനം പുറത്തെടുത്ത രാഹുല്‍ ബാറ്റിങ്ങിലും നിരാശപ്പെടുത്തിയില്ല. ഇതോടെ പന്തിന്റെ സ്ഥാനം തുലാസിലായി.

രണ്ടാം ഏകദിനത്തില്‍ പാറ്റ് കമ്മിന്‍സിന്റെ ബൗണ്‍സറേറ്റതിന് ശേഷം പന്ത് കീപ്പ് ചെയ്തിട്ടില്ല. ചിന്നസ്വാമിയില്‍ നടന്ന അവസാന ഏകദിനത്തിന് പന്ത് ഫിറ്റായിരുന്നെങ്കിലും കളിപ്പിച്ചിരുന്നില്ല. തുടര്‍ന്നായിരുന്നു കോലിയുടെ പ്രസ്താവന. ക്യാപ്റ്റന്‍ പറഞ്ഞതിങ്ങനെ... ''രാഹുല്‍ വിക്കറ്റ് കീപ്പറാവുമ്പോള്‍ അധികം ബാറ്റ്‌സ്മാനെ ടീമില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുന്നുണ്ട്. അത് ടീമിനെ ശക്തിപ്പെടുത്തും. 2003 ഏകദിന ലോകകപ്പില്‍ ഇക്കാര്യം നമ്മള്‍ കണ്ടതാണ്. അന്ന് രാഹുല്‍ ദ്രാവിഡായിരുന്നു വിക്കറ്റ് കീപ്പര്‍. സ്ഥിരം കീപ്പറല്ലാത്ത ദ്രാവിഡ് ആ റോള്‍ ഏറ്റെടുത്തപ്പോള്‍ മറ്റൊരു സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനെ അധികം ഉള്‍പ്പെടുത്താന്‍ സാധിച്ചു. അത് ടീമിന് ഗുണം ചെയ്തു. ഇപ്പോഴും അതേ സാഹചര്യമാണ് ടീമിലുളളത്.

നിലവില്‍ ടീം ഇന്ത്യ മികച്ച പ്രകടനം പുറത്തെടുക്കുന്നു. കഴിഞ്ഞ മത്സരങ്ങളില്‍ മാറ്റങ്ങില്ലാതെ ഇറങ്ങിയ ടീം തുടര്‍ച്ചയായി വിജയിച്ചു. അതുകൊണ്ടുതന്നെ ടീമില്‍ മാറ്റം വരുത്തേണ്ട് ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ടീം സന്തുലിതമാണ്. രാഹുല്‍ കീപ്പ് ചെയ്യുന്നത് ടീമിന് ഗുണം ചെയ്യുന്നുണ്ട്. അതിനപ്പുറത്തേക്ക് മറ്റൊന്നും വേണ്ട'' കോലിപറഞ്ഞുനിര്‍ത്തി.

ന്യൂസിലന്‍ഡിനെതിരെ ആദ്യ ടി20യിലും രാഹുലായിരിക്കും കീപ്പ് ചെയ്യുക. ഈ പരീക്ഷണം വിജയകരമാണെങ്കില്‍ പന്തിന് കുറച്ചുകാലം പുറത്തിരിക്കേണ്ടിവരും.

click me!