
ബെംഗളൂരു: ഇന്ത്യന്‍ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ഫിറ്റ‌്‌നസുള്ള താരമായി അറിയപ്പെടുന്നത് മുന്‍ നായകന്‍ വിരാട് കോലിയാണ്. പരിക്കുകള്‍ അധികം വലയ്ക്കാത്ത കരിയര്‍ തന്നെ തെളിവ്. മത്സരങ്ങളില്ലാത്ത ദിവസങ്ങളില്‍ പോലും ഫിറ്റ്‌നസില്‍ വലിയ ശ്രദ്ധയാണ് കോലി വെക്കുന്നത്. മാത്രമല്ല, വര്‍ഷങ്ങളായി കൃത്യമായ ഭക്ഷണ ഡയറ്റും കോലിക്കുണ്ട്. ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റിന് മുന്നോടിയായി യോയോ ടെസ്റ്റ് ആദ്യ ശ്രമത്തില്‍ തന്നെ കോലി വിജയിച്ചിരുന്നു. ഇതോടെ ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും ഫിറ്റസ്റ്റ് ക്രിക്കറ്റര്‍ താനാണ് എന്ന് കോലി തെളിയിച്ചപ്പോള്‍ കിംഗിനൊരു വലിയ വെല്ലുവിളി വന്നിരിക്കുകയാണ് ഇപ്പോള്‍.
ബെംഗളൂരുവില്‍ നടക്കുന്ന ഏഷ്യാ കപ്പ് ക്യാംപില്‍ ആദ്യം യോയോ ടെസ്റ്റ് വിജയിച്ച താരം വിരാട് കോലിയായിരുന്നു. 17.2 ആയിരുന്നു കിംഗിന്‍റെ യോയോ സ്കോര്‍. എന്നാല്‍ ഇതിനെ അനായാസം മറികടന്നിരിക്കുകയാണ് യുവ ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്‍. യോയോ ടെസ്റ്റില്‍ 18.7 എന്ന വിസ്‌മയ സ്കോര്‍ ഗില്‍ നേടി എന്നാണ് റിപ്പോര്‍ട്ട്. ഫിറ്റ്‌നസ് തെളിയിക്കാന്‍ 16.5 എന്ന സ്കോറാണ് യോയോ ടെസ്റ്റില്‍ വേണ്ടത്. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയും ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയും കായികക്ഷമത തെളിയിച്ചിട്ടുണ്ട്. യോയോ ടെസ്റ്റില്‍ ഗില്ലിനേക്കാള്‍ സ്കോര്‍ ഇതുവരെ ഇന്ത്യന്‍ താരങ്ങളാരും ഇത്തവണ നേടിയിട്ടില്ല. 16.5നും 18നും ഇടയിലാണ് മിക്കവരും സ്കോര്‍ ചെയ്തത്. നേരിയ പരിക്കുള്ള കെ എല്‍ രാഹുലിന്‍റെ യോയോ ടെസ്റ്റ് വരാനിരിക്കുന്നതേയുള്ളൂ. രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് തുടങ്ങിയവര്‍ക്കും യോയോ ടെസ്റ്റുണ്ട്.
ഏഷ്യാ കപ്പിനും ലോകകപ്പിനും മുമ്പുള്ള ടീം ഇന്ത്യയുടെ തയ്യാറെടുപ്പാണ് ബെംഗളൂരുവില്‍ പുരോഗമിക്കുന്നത്. താരങ്ങളെല്ലാം ആലൂരിലെ ക്യാംപിലെത്തിയിട്ടുണ്ട്. ഏഷ്യാ കപ്പിലെ പ്ലേയിംഗ് ഇലവന്‍ കണ്ടെത്തുക ഈ ക്യാംപില്‍ വച്ചായിരിക്കും. സെപ്റ്റംബര്‍ രണ്ടിന് പാകിസ്ഥാനെതിരെയാണ് ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം. ഏഷ്യാ കപ്പിന് ശേഷം ഏകദിന ലോകകപ്പിന് മുമ്പ് ഓസ്ട്രേലിയക്ക് എതിരെ മൂന്ന് ഏകദിനങ്ങളുടെ പരമ്പര ഇന്ത്യക്കുണ്ട്. ഏഷ്യാ കപ്പിന് മുമ്പ് ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ താരങ്ങള്‍ക്കായി വലിയ പദ്ധതിയാണ് ബിസിസിഐ മെഡിക്കല്‍ സംഘം തയ്യാറാക്കിയിരിക്കുന്നത്. പരിക്കിന് ശേഷം തിരിച്ചുവരുന്ന കെ എല്‍ രാഹുല്‍ എപ്പോള്‍ ഫിറ്റ്നസ് വീണ്ടെടുക്കും എന്ന് വ്യക്തമല്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം