കെ എല്‍ രാഹുല്‍ ടെസ്റ്റില്‍ ഓപ്പണറാവില്ല; കാരണം വ്യക്തമാക്കി വിരാട് കോലി

By Web TeamFirst Published Dec 16, 2020, 7:08 PM IST
Highlights

ഇപ്പോള്‍ രാഹുലിനെ എന്തുകൊണ്ട് പുറത്തിരുത്തിയെന്ന് വ്യക്തമാക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. മാത്രമല്ല, രാഹുല്‍ ടെസ്റ്റില്‍ രാഹുല്‍ ഓപ്പണറാവില്ലെന്നും കോലി വ്യക്തമാക്കി.

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയക്കെതിരെ ആദ്യ ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ച് ആരാധകരെ അമ്പരിപ്പിച്ചത് കെ എല്‍ രാഹുലിന്റെ അഭാവമാണ്. മായങ്ക അഗര്‍വാള്‍- പൃഥ്വി ഷാ എന്നിവരെയാണ് ഓപ്പണ്‍ ചെയ്യാന്‍ നിയോഗിച്ചത്. മറ്റൊരു ഓപ്പണാറായ ശുഭ്മാന്‍ ഗില്ലിനേയും പുറത്തിരുത്തിയാണ് ഒട്ടും ഫോമിലല്ലാത്ത പൃഥ്വിയെ ടീമില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ രാഹുലും ഗില്ലും മികച്ച ഫോമിലുമായിരുന്നു. 

ഇപ്പോള്‍ രാഹുലിനെ എന്തുകൊണ്ട് പുറത്തിരുത്തിയെന്ന് വ്യക്തമാക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. മാത്രമല്ല, രാഹുല്‍ ടെസ്റ്റില്‍ രാഹുല്‍ ഓപ്പണറാവില്ലെന്നും കോലി വ്യക്തമാക്കി. അതിന്റെ കാരണം പറയുന്നതിങ്ങനെ... ''ടീമില്‍ സന്തുലിതാവസ്ഥ നിലനിര്‍ത്തുകയാണ് പ്രധാനം. രാഹുല്‍ മികച്ച താരമാണെന്നുള്ള കാര്യത്തില്‍ സംശയമൊന്നുമില്ല. രാഹുലിനെ പോലെ ടീമില്‍ നിലവാരമുള്ള താരങ്ങള്‍ ഏറെയുണ്ട്. ടെസ്റ്റ് ടീമില്‍ ഓപ്പണര്‍മാര്‍ ഏറെയുണ്ടെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് രാഹുലിനെ ടീമിലെടുത്തത്. ഇനി രോഹിത് ശര്‍മ കൂടി ടീമിലേക്കെത്തും. അപ്പോള്‍ അദ്ദേഹമാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക. ഇങ്ങനെയൊരു അവസ്ഥയില്‍ രാഹുല്‍ എവിടെ കളിക്കും.?

ടീമിലെ യുവാക്കള്‍ സ്വതന്ത്രമായി കളിക്കണമെന്നാണ് എന്റെ ആഗ്രഹം. അതോടൊപ്പം മുതിര്‍ന്ന താരങ്ങള്‍ ഉത്തരവാദിത്തം കാണിക്കാനും തയ്യാറാവണം. കിട്ടാവുന്നതില്‍ മികച്ച ടീമാണ് ഓസ്‌ട്രേലിയിലുള്ളത്. എന്നാല്‍ സാഹചര്യവും പിച്ചിന്റെ സ്വഭാവവും നോക്കി മികച്ച ടീമിനെ ഒരുക്കണം.'' കോലി പറഞ്ഞുനിര്‍ത്തി.

ടീം ഇന്ത്യ: പൃഥ്വി ഷാ, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിന്‍ക്യ രഹാനെ, ഹനുമ വിഹാരി, വൃദ്ധിമാന്‍ സാഹ, ആര്‍ അശ്വിന്‍, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, ജസ്പ്രിത് ബുമ്ര.

click me!