
മുംബൈ: ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റുകള്‍ക്ക് പിന്നാലെ അവസാന മൂന്ന് മത്സരങ്ങളും ഇന്ത്യന്‍ മുന്‍ നായകന്‍ വിരാട് കോലിക്ക് നഷ്ടമാകുമെന്ന് ഏതാണ്ടുറപ്പായി. കോലി അവസാന മൂന്ന് ടെസ്റ്റുകളില്‍ നിന്നും പിന്‍വാങ്ങിയതായി ദേശീയ മാധ്യമമായ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഇക്കാര്യം കോലി ബിസിസിഐയെ കോലി അറിയിച്ചതായും റിപ്പോര്‍ട്ടില്‍ വിശദമാകുന്നു.
വ്യക്തിപരമായ കാരണങ്ങളാല്‍ ഇന്ത്യന്‍ ടീമില്‍ നിന്ന് വിരാട് കോലി മാറി നില്‍ക്കുന്നതായാണ് നേരത്തെ പുറത്തുവന്നത്. എന്തോ കുടുംബ കാരണങ്ങളാലാണ് കോലിയുടെ പിന്‍മാറ്റം എന്ന് പറയപ്പെടുന്നുണ്ടെങ്കിലും കൃത്യമായ കാരണം വ്യക്തമല്ല. തനിക്ക് ടെസ്റ്റ് സ്ക്വാഡിനൊപ്പം ചേരാന്‍ കഴിയില്ലെന്ന് കോലി ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയെ അറിയിച്ചിരുന്നു. ആദ്യ രണ്ട് ടെസ്റ്റുകളില്‍ നിന്ന് വ്യക്തിപരമായ കാരണങ്ങളാല്‍ വിട്ടുനില്‍ക്കുന്ന കോലിയുടെ തീരുമാനത്തെ ബഹുമാനിക്കുന്നതായും എല്ലാ പിന്തുണയും താരത്തിന് അറിയിക്കുന്നതായും ബിസിസിഐ ടീം പ്രഖ്യാപനവേളയില്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചിരുന്നു. എന്നാല്‍ ഇംഗ്ലണ്ട് പോലൊരു ശക്തരായ ടീമിനെതിരായ പരമ്പരയില്‍ നിന്ന് കോലി മാറി നില്‍ക്കുന്നത് വലിയ വിമര്‍ശനത്തിനും ഇടയാക്കി.
അതേസമയം ആര്‍സിബിയുടെ യുവ പേസര്‍ ആകാശ് ദീപ് ഇംഗ്ലണ്ടിനെതിരെ അവശേഷിക്കുന്ന മൂന്ന് ടെസ്റ്റുകളില്‍ കളിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇതോടെ ആവേഷ് ഖാനാവും സ്ക്വാഡിന് പുറത്താവുക. ആകാശ് ദീപ് ഇംഗ്ലണ്ട് ലയണ്‍സിനെതിരെ ഇന്ത്യ എയ്ക്കായി പുറത്തെടുത്ത മികച്ച പ്രകടനത്തില്‍ സെലക്ടര്‍മാര്‍ സംതൃപ്തരാണ് എന്നാണ് സൂചന. നേരത്തെ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പരയ്ക്കുള്ള സ്ക്വാഡില്‍ ആകാശ് ഇടംപിടിച്ചെങ്കിലും അരങ്ങേറ്റത്തിന് അവസരം ലഭിച്ചിരുന്നില്ല. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 29 മത്സരങ്ങളില്‍ 103 വിക്കറ്റും ലിസ്റ്റ് എയില്‍ 28 കളികളില്‍ 42 വിക്കറ്റുമാണ് 27കാരനായ ആകാശ് ദീപിനുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!