ഷൊയ്ബ് അക്തറും ബ്രറ്റ് ലീയുമല്ല; തന്നെ അസ്വസ്ഥനാക്കിയ പേസ് ബൗളറെ കുറിച്ച് വിരേന്ദര്‍ സെവാഗ്

By Sajish AFirst Published May 17, 2022, 6:22 PM IST
Highlights

അക്തറിന്റെ ബൗളിംഗ് ആക്ഷനെ കുറിച്ച് സംസാരിക്കുകയാണ് സെവാഗ്. മുന്‍ ഓസ്‌ട്രേലിയന്‍ താരം ബ്രറ്റ് ലീയുമായി താരതമ്യം ചെയ്യുമ്പോള്‍ അക്തറിനെ നേരിടുക ബുദ്ധിമുട്ടാണെന്നാണ് സെവാഗ് പറയുന്നത്.

മുംബൈ: പാകിസ്ഥാന്‍ പേസര്‍ ഷൊയ്ബ് അക്തര്‍ക്കെതിരെ (Shoaib Akhtar) കളിച്ചപ്പോഴെല്ലാം വ്യക്തമായ ആധിപത്യം നേടാന്‍ മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗിനായിട്ടുണ്ട് (Virender Sehwag). അക്തറിനെതിരെയും പാകിസ്ഥാനെതിരേയും കളിക്കുന്നത് സെവാഗ് പലപ്പോഴും ആസ്വദിച്ചിരുന്നു. പ്രത്യേകിച്ച് ടെസ്റ്റ് ക്രിക്കറ്റില്‍. പാകിസ്ഥാനെതിരെ ടെസ്റ്റില്‍ 90-ാണ് സെവാഗിന്റെ ശരാശരി. ഇതില്‍ ഒരു സെഞ്ചുറിയും രണ്ട് ഇരട്ട സെഞ്ചുറിയും ഒരു ട്രിപ്പിള്‍ സെഞ്ചുറിയും ഉള്‍പ്പെടും.

ഇപ്പോള്‍ അക്തറിന്റെ ബൗളിംഗ് ആക്ഷനെ കുറിച്ച് സംസാരിക്കുകയാണ് സെവാഗ്. മുന്‍ ഓസ്‌ട്രേലിയന്‍ താരം ബ്രറ്റ് ലീയുമായി താരതമ്യം ചെയ്യുമ്പോള്‍ അക്തറിനെ നേരിടുക ബുദ്ധിമുട്ടാണെന്നാണ് സെവാഗ് പറയുന്നത്. ''ഷൊയ്ബിനറിയാം, പന്തെറിയുമ്പോള്‍ താന്‍ കൈമുട്ട് മടക്കുന്നുണ്ടെന്ന്. അറിഞ്ഞുകൊണ്ട് ചെയ്തിട്ട് ഷൊയ്ബ് ചിരിക്കുകയും ചെയ്യും. ഐസിസി എന്തുകൊണ്ടാണ് വിലക്കിയതെന്ന് മനസിലാക്കാമല്ലോ.'' സെവാഗ് ചിരിച്ചുകൊണ്ടു പറഞ്ഞു. 

''ബ്രറ്റ് ലീയുടെ കൈകള്‍ നേരെയാണ്. അതുകൊണ്ടുതന്നെ അനായാസം കൡക്കാന്‍ സാധിക്കും. എന്നാല്‍ അക്തറിന്റെ കാര്യത്തില്‍, എവിടെ നിന്നാണ് പന്ത് വരുന്നതെന്ന് അറിയാന്‍ പോലും സാധിക്കില്ല. ബ്രറ്റ് ലീയെ നേരിടുമ്പോള്‍ എനിക്ക് പേടിയില്ലായിരുന്നു. എന്നാല്‍ ഷൊയ്ബിനെതിരെ അങ്ങനെയല്ലായിരുന്നു. അദ്ദേഹത്തെ തുടര്‍ച്ചയായി ബൗണ്ടറി നേടിയാല്‍ അടുത്ത തവണ അദ്ദേഹം ബീറമോ, യോര്‍ക്കറോ എറിയും.'' സെവാഗ് വ്യക്തമാക്കി.

എന്നാല്‍ സെവാഗിനെ ബുദ്ധിമുട്ടിച്ച പേസര്‍ ഇവര്‍ രണ്ട് പേരുമല്ല. മുന്‍ ന്യൂസിലന്‍ജ് പേസര്‍ ഷെയ്ന്‍ ബോണ്ടാണത്. ''ബോണ്ടിന്റെ പന്തുകള്‍ ശരീരത്തിലേക്ക് സ്വിങ് ചെയ്യും. ഓഫ് സ്റ്റംപിന് പുറത്ത് പിച്ച് ചെയ്യുന്ന പന്തുകള്‍ പോലും ദേഹത്തേക്ക് വരും.'' സെവാഗ് പറഞ്ഞു.

വേഗത്തില്‍ റണ്‍സെടുക്കുന്നതിനെ കുറിച്ചും സെവാഗ് സംസാരിച്ചു. ''സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, സൗരവ് ഗാംഗുലി, വിവിഎസ് ലക്ഷ്മണ്‍ തുടങ്ങിയര്‍ 150-200 പന്തുകള്‍ നേരിട്ടാണ് സെഞ്ചുറി  പൂര്‍ത്തിയാക്കുന്നത്. ഞാനും അതുപോലെ കളിച്ചാല്‍ എന്നെക്കുറിച്ച് മറ്റാരും ഓര്‍ക്കുക പോലുമില്ല. 

എനിക്ക് എന്റേതായ ഇടമുണ്ടാക്കണമായിരുന്നു. ദിവസം മുഴുവന്‍ ക്രീസില്‍ നിന്നിരുന്നെങ്കില്‍ 250 റണ്‍സ് നേടാന്‍ കഴിയുമായിരുന്നുവെന്ന് ഞാനെപ്പോഴും ചിന്തിക്കാറുണ്ട്. 90 കളിലെത്തിയാലും എനിക്ക് സിക്‌സോ, ഫോറോ നേടാന്‍ സമ്മര്‍ദ്ദമൊന്നും ഉണ്ടായിരുന്നില്ല.'' സെവാഗ് പറഞ്ഞുനിര്‍ത്തി.
 

click me!