മുംബൈയിലുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് 2008ലെ ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയ്‌ക്കിടെ നാട്ടിലേക്ക് മടങ്ങിയ കെവിന്‍ പീറ്റേഴ്‌സണും സംഘവും അടുത്ത മാസം തിരിച്ചെത്തി രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചിരുന്നു 

മുംബൈ: കൊവിഡ് കാരണം ഉപേക്ഷിച്ച മാഞ്ചസ്റ്റര്‍ ടെസ്റ്റ് പുനക്രമീകരിക്കാനുള്ള ബിസിസിഐ ശ്രമം സ്വാഗതം ചെയ്ത് ഇന്ത്യന്‍ മുന്‍ നായകന്‍ സുനില്‍ ഗാവസ്‌കര്‍. മുംബൈയിലുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് 2008ലെ ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയ്‌ക്കിടെ നാട്ടിലേക്ക് മടങ്ങിയ കെവിന്‍ പീറ്റേഴ്‌സണും സംഘവും അടുത്ത മാസം തിരിച്ചെത്തി രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പര കളിച്ചത് ഓര്‍മ്മിപ്പിച്ചാണ് ഗാവസ്‌കറുടെ വാക്കുകള്‍.

'2008ലെ ഭീകരാക്രമണത്തിന് ശേഷം തിരിച്ചെത്തിയ ഇംഗ്ലണ്ട് ടീമിനെ ഇന്ത്യക്കാര്‍ ഒരിക്കലും മറക്കാന്‍ പാടില്ല. കെവിന്‍ പീറ്റേഴ്‌സണായിരുന്നു നായകന്‍. തനിക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യാന്‍ താല്‍പര്യമില്ലെന്ന് കെപി പറഞ്ഞിരുന്നെങ്കില്‍ അതോടെ പരമ്പരയ്‌ക്ക് അന്ത്യമായേനേ. എന്നാല്‍ സഹതാരങ്ങളെ കാര്യങ്ങള്‍ കെപി പറഞ്ഞുമനസിലാക്കി. അതോടെ ചെന്നൈയില്‍ അവസാന ദിനം 380 റണ്‍സ് പിന്തുടര്‍ന്ന് ഇന്ത്യ ജയിക്കുന്ന ഗംഭീര ടെസ്റ്റ് മത്സരത്തിന് സാക്ഷിയാകാന്‍ നമുക്ക് കഴിഞ്ഞു. ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് അന്ന് കാട്ടിയ സ്‌നേഹവായ്‌പ് തീര്‍ച്ചയായും ഓര്‍ത്തിരിക്കേണ്ടതാണ്' എന്നും ഗാവസ്‌കര്‍ സോണി സ്‌പോര്‍ട്‌സില്‍ പറഞ്ഞു. 

ഇംഗ്ലണ്ടിന്‍റെ ഇന്ത്യന്‍ പര്യടനത്തിന്‍റെ മധ്യേയാണ് മുംബൈയില്‍ ഭീകരാക്രമണം നടന്നത്. ഇതോടെ ഗുവാഹത്തിയിലും ദില്ലിയിലും നടക്കേണ്ടിയിരുന്ന അവസാന രണ്ട് ഏകദിനങ്ങള്‍ ഉപേക്ഷിച്ചു. എന്നാല്‍ തൊട്ടടുത്ത മാസം രണ്ട് ടെസ്റ്റുകളുടെ പര്യടനത്തിനായി ഇംഗ്ലണ്ട് ടീം ഇന്ത്യയില്‍ മടങ്ങിയെത്തി. ആദ്യ ടെസ്റ്റ് ചെന്നൈയിലും രണ്ടാം മത്സരം മെഹാലിയിലും ഗംഭീരമായി നടന്നു. 

ചര്‍ച്ചയ്‌ക്ക് ഗാംഗുലി

ഇന്ത്യന്‍ സപ്പോര്‍ട്ട് സ്റ്റാഫിലെ നാല് പേര്‍ക്ക് കൊവിഡ് ബാധിച്ചതോടെയാണ് മാഞ്ചസ്റ്റര്‍ ടെസ്റ്റ് ഉപേക്ഷിച്ചത്. മാഞ്ചസ്റ്റ‍ർ ടെസ്റ്റ് റദ്ദാക്കിയതോടെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡുമായി ചർച്ച നടത്താൻ ബിസിസിഐ തയ്യാറെടുക്കുകയാണ്. ഈ മാസം ഇരുപത്തിരണ്ടിന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് ബോ‍ർഡ് സിഇഒ ടോം ഹാരിസണുമായും ഇയാൻ വാട്ട്മോറുമായും ചർച്ച നടത്തും. 

ഇൻഷുറൻസ് കഴിഞ്ഞ് 40 ദശലക്ഷം പൗണ്ട് നഷ്‌ടം വന്നുവെന്നാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിന്റെ വിലയിരുത്തൽ. ഉപേക്ഷിച്ച ടെസ്റ്റ് എന്ന് നടത്താൻ കഴിയും, സാമ്പത്തിക നഷ്‌ടം എങ്ങനെ പരിഹരിക്കാം എന്നീ കാര്യങ്ങളാവും സൗരവ് ഗാംഗുലി ഇംഗ്ലണ്ടിലെത്തി ചർച്ച ചെയ്യുക.

മാഞ്ചസ്റ്റര്‍ ടെസ്റ്റ് ഉപേക്ഷിച്ചതിന് പിന്നാലെ ഇന്ത്യന്‍ താരങ്ങള്‍ ഐപിഎല്ലിനായി യുഎഇയിലേക്ക്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona