കലിപ്പന്‍ ദ്രാവിഡിനെ ആദ്യമായി കാണുകയല്ല, ഒരിക്കല്‍ ധോണിക്ക് കണക്കിന് കിട്ടി; സംഭവം വിവരിച്ച് സെവാഗ്

By Web TeamFirst Published Apr 11, 2021, 5:32 PM IST
Highlights

ക്രിക്കറ്റ് ലോകം ഏറ്റെടുത്ത വീഡിയോയില്‍ ദ്രാവിഡിന്റെ മറ്റൊരു മുഖമെന്നാണ് പലരും പറഞ്ഞത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി വരെ വീഡിയോ പങ്കുവെക്കുകയുണ്ടായി. 

ദില്ലി: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡിന്റെ പരസ്യചിത്രം കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ വൈറാലിയിരുന്നു. തീര്‍ത്തും ശാന്തനായ ദ്രാവിഡ് ദേഷ്യപ്പെടുന്നതാണ് വീഡിയോയില്‍ ഉണ്ടായിരുന്നത്. ക്രിക്കറ്റ് ലോകം ഏറ്റെടുത്ത വീഡിയോയില്‍ ദ്രാവിഡിന്റെ മറ്റൊരു മുഖമെന്നാണ് പലരും പറഞ്ഞത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി വരെ വീഡിയോ പങ്കുവെക്കുകയുണ്ടായി. 

എന്നാല്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരേന്ദര്‍ സെവാഗ് പറയുന്നത് ദ്രാവിഡ് മുമ്പും ദേഷ്യപ്പെട്ടിട്ടുണ്ടെന്നാണ്. അതിന് കാരണക്കാരന്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയായിരുന്നുവെന്നാണ് സെവാഗ് പറയുന്നത്. ധോണിയുടെ തുടക്കകാലത്തെ പാകിസ്ഥാന്‍ പര്യടനത്തിലെ സംഭവാണ് സെവാഗ് വിവരിക്കുന്നത്. ''പാകിസ്ഥാന്‍ പര്യടനത്തിടെയായിരുന്നു സംഭവം. ധോണി അന്ന് തുടക്കകാരനാണ്. ഇന്ത്യയുടെ വിക്കറ്റ് കീപ്പറായിരുന്ന ധോണി പോയിന്റില്‍ ക്യാച്ച് നല്‍കി മടങ്ങി. ഡ്രസിങ് റൂമില്‍ തിരിച്ചെത്തിയ ധോണിയോട്് ദ്രാവിഡ് കയര്‍ത്ത് സംസാരിച്ചു. 'ഈ രീതിയിലാണോ കളിക്കുന്നത്. നീ മത്സരം ഫിനിഷ് ചെയ്യണമായിരുന്നു.' എന്ന് ദ്രാവിഡ് ധോണിയോട് പറഞ്ഞു. 

ഇതുകഴിഞ്ഞുള്ള മത്സരത്തില്‍ ധോണി ശാന്തതയോടെയാണ് കളിച്ചത്. വലിയ ഷോട്ടുകളൊന്നും ധോണിയുടെ ബാറ്റില്‍ നിന്നുണ്ടായില്ല. അതിനെ കുറിച്ച് ഞാന്‍ ധോണിയോട് സംസാരിച്ചു. അന്ന് ധോണി പറഞ്ഞത് ദ്രാവിഡില്‍ നിന്ന് വഴക്ക് കേള്‍ക്കാതിരിക്കാനാണെന്നാണ്. വലിയ ഷോട്ടുകളില്ലാതെ മത്സരം അവസാനിപ്പിച്ചോളാമെന്നും ധോണി പറഞ്ഞു.'' സെവാഗ് വ്യക്തമാക്കി. 

ഒരിക്കല്‍ തനിക്കും ദ്രാവിഡില്‍ നിന്ന് കണക്കിന് കിട്ടിയുണ്ടെന്നും സെവാഗ് വ്യക്തമാക്കി. എന്നാല്‍ ഇംഗ്ലീഷിലായിരുന്നത് കൊണ്ട് പകുതിയും എനിക്ക് മനസിലായിരുന്നില്ലെന്നും സെവാഗ് കൂട്ടിച്ചേര്‍ത്തു.

click me!