
ലണ്ടന്‍: ഇംഗ്ലണ്ട് ടീം ഇന്ത്യന്‍ പര്യടനത്തിനെത്തുന്നത് സ്വന്തം പാചകക്കാരനുമായി. താരങ്ങളുടെ ആരോഗ്യ കാര്യത്തില്‍ റിസ്‌ക്കെടുക്കാന്‍ താല്‍പര്യമില്ലെന്നറിയിച്ചാണ് ഈ നീക്കം. അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയ്ക്കാണ് ഇംഗ്ലണ്ട് ടീം ഇന്ത്യയിലെത്തുന്നത്. ആദ്യ ടെസ്റ്റ് 25ന് ഹൈദരാബാദില്‍ തുടങ്ങും. മത്സരത്തിന് രണ്ട് ദിവസം മുമ്പ് ഒരു വിശിഷ്ടാതിഥി ഇംഗ്ലണ്ടിനൊപ്പം ചേരും. ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഷെഫായ ഒമര്‍ മെസിയാന്‍.
ഇംഗ്ലണ്ട് ടീമിന് യോജിച്ച ഭക്ഷണം തയ്യാറാക്കിക്കൊടുക്കാനാണ് ഒമറിന്റെ സഹായം തേടുന്നത്. ഒന്നര മാസം നീണ്ടു നില്‍ക്കുന്ന പരമ്പരയായതിനാല്‍ താരങ്ങളുടെ ആരോഗ്യകാര്യത്തില്‍ അതീവശ്രദ്ധ വേണമെന്ന നിലപാടിലാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്. മുമ്പ് ഇന്ത്യയില്‍ കളിക്കാനെത്തിയപ്പോള്‍ പല താരങ്ങള്‍ക്കും വയറിളക്കം അടക്കമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായി. ഇനിയത് ആവര്‍ത്തിക്കാതിരിക്കാനാണ് നടപടി.
പാകിസ്ഥാന്‍ പര്യടനത്തിന് പോയപ്പോഴും ടീം ഇതുപോലെ പ്രത്യേക ഷെഫിന്റെ സേവനം തേടിയിരുന്നു. എന്നാല്‍ അന്ന് ആദ്യ ടെസ്റ്റിന് മുമ്പ് താരങ്ങള്‍ക്കും ഷെഫിനും ഭക്ഷ്യവിഷബാധയേറ്റന്ന് റിപ്പോര്‍ട്ടുണ്ടായി. എന്നാല്‍ ഭക്ഷ്യവിഷബാധയല്ലെന്ന് പിന്നീട് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് വിശദീകരിച്ചു.
അതേസമയം സ്വന്തം നിലയില്‍ പാചകക്കാരനെ കൊണ്ടുവരാനുള്ള ഇംഗ്ലണ്ട് ടീമിനെ ട്രോളുകയാണ് ഇന്ത്യന്‍ മുന്‍ താരം വീരേന്ദ്രര്‍ സെവാഗ്. അലിസ്റ്റര്‍ കുക്ക് വിരമിച്ചതിന് ശേഷമാണ് ഇംഗ്ലണ്ട് ടീമിന് ഇങ്ങനെയൊരു ആവശ്യം വന്നത്. എന്നാല്‍ ഐപിഎല്ലില്‍ കളിക്കുമ്പോള്‍ ഇതൊന്നും നോക്കില്ലെന്നും സേവാഗ് പരിഹസിച്ചു.
ഇംഗ്ലണ്ടിനെതിരെ അഞ്ച് മത്സരങ്ങളാണ് ഇന്ത്യ കളിക്കുക. ഈ മാസം 25ന് ഹൈദരാബാദിലാണ് ആദ്യ മത്സരം. രണ്ടാം ടെസ്റ്റ് ഫെബ്രുവരി രണ്ടിന് വിശാഖപട്ടണത്ത് നടക്കും. മൂന്നാം ടെസ്റ്റിന് സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന് സ്റ്റേഡിയം വേദിയാകും. ഫെബ്രുവരി 15നാണ് മത്സരം. നാലാം ടെസ്റ്റ് 23 മുതല്‍ 27 വരെ റാഞ്ചിയില്‍ നടക്കും. മാര്‍ച്ച് 11ന് ധരംശാലയിലാണ് അഞ്ചാം ടെസ്റ്റ്.