മുന്നിൽ നിന്ന് നയിക്കാൻ കൃഷ്ണപ്രസാദും വിഷ്ണു വിനോദും; കെസിഎല്ലിൽ തിരിച്ചുവരവിനൊരുങ്ങി ട്രിവാൻഡ്രം റോയൽസ്

Published : Aug 10, 2026, 12:51 PM IST
Trivandrum Royals Team

Synopsis

ഐപിഎല്ലിൽ പഞ്ചാബ് കിങ്സിന്‍റെ താരമായ വിഷ്ണു വിനോദ്, വിജയ് ഹസാരെ ട്രോഫിയിലടക്കം കഴിഞ്ഞ സീസണിൽ തകർപ്പൻ പ്രകടനമായിരുന്നു കാഴ്ചവെച്ചത്.

തിരുവവന്തപുരം: കെ.സി.എല്ലിൽ ശക്തമായൊരു തിരിച്ചുവരവ് ലക്ഷ്യമിട്ട് മൂന്നാം സീസണായി തയ്യാറെടുക്കുകയാണ് ട്രിവാൻഡ്രം റോയൽസ്. കഴിഞ്ഞ സീസണിലെ പിഴവുകളിൽ നിന്ന് പാഠം ഉൾക്കൊണ്ട്, കൃത്യമായ തയ്യാറെടുപ്പുകളോടെയാണ് ട്രിവാൻഡ്രം റോയൽസ് ഇത്തവണ കളിക്കാനിറങ്ങുന്നത്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരേപോലെ കരുത്തുള്ള സന്തുലിതമായൊരു ടീമാണ് ഇത്തവണ റോയൽസിന്റേത്.

കഴിഞ്ഞ സീസണിലെ ക്യാപ്റ്റനായ കൃഷ്ണപ്രസാദ് തന്നെയാണ് ഇത്തവണയും ടീമിനെ നയിക്കുന്നത്. ഒരു സെഞ്ചുറിയടക്കം 479 റൺസ് നേടിയ കൃഷ്ണപ്രസാദായിരുന്നു കഴിഞ്ഞ സീസണിൽ ലീഗിലെ ടോപ് സ്കോറർ. കൃഷ്ണപ്രസാദ് ഒഴികെയുള്ള താരങ്ങൾക്ക് ബാറ്റിങ്ങിൽ സ്ഥിരത പുലർത്താൻ കഴിയാതെ പോയതാണ് കഴിഞ്ഞ തവണ ടീമിന്‍റെ കുതിപ്പിന് തടയിട്ടത്. എന്നാൽ ലേലത്തിലൂടെ വെടിക്കെട്ട് ബാറ്റർ വിഷ്ണു വിനോദിനെ ടീമിലെത്തിച്ചതോടെ റോയൽസിന്‍റെ ബാറ്റിങ് നിരയുടെ ചിത്രം തന്നെ മാറിയിട്ടുണ്ട്. ഐപിഎല്ലിൽ പഞ്ചാബ് കിങ്സിന്‍റെ താരമായ വിഷ്ണു വിനോദ്, വിജയ് ഹസാരെ ട്രോഫിയിലടക്കം കഴിഞ്ഞ സീസണിൽ തകർപ്പൻ പ്രകടനമായിരുന്നു കാഴ്ചവെച്ചത്. കഴിഞ്ഞ രണ്ട് സീസണിലും ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങളിലൊരാൾ കൂടിയായ വിഷ്ണുവിന്‍റെ സാന്നിധ്യം ബാറ്റിങ് നിരയുടെ ആത്മവിശ്വാസം ഉയർത്തിയിട്ടുണ്ട്.

മധ്യനിരയിൽ അണിനിരക്കുന്നത് സ്ഥിരതയാർന്ന ബാറ്റിങ്ങിലൂടെ ശ്രദ്ധേയരായ ഗോവിന്ദ് ദേവ് പൈയും അക്ഷയ് മനോഹറുമാണ്. അടുത്തിടെ സമാപിച്ച എൻ.എസ്.കെ ട്രോഫിയിൽ 36 പന്തുകളിൽ 87 റൺസ് നേടി ശ്രദ്ധേയനായ സുധീഷ് മോഹനും ഇത്തവണ റോയൽസ് നിരയിലുണ്ട്. ബാറ്റിങ്ങിൽ തകർപ്പൻ പ്രകടനം പുറത്തെടുക്കുന്നതിനൊപ്പം, വിക്കറ്റിന് പിന്നിലും തിളങ്ങുന്ന വിക്കറ്റ് കീപ്പർ ബാറ്റർമാരായ ഉജ്വൽ കൃഷ്ണയും ഭരത് സൂര്യയും കൂടി ചേരുമ്പോൾ ആഴവും വൈവിധ്യവുമുള്ളൊരു ബാറ്റിങ് നിരയാണ് ഇത്തവണ റോയൽസിന്റേത്.

അനുഭവസമ്പത്തും യുവത്വവും സമന്വയിക്കുന്ന മികച്ചൊരു ഓൾറൗണ്ട് നിരയാണ് റോയൽസിന്റെ മറ്റൊരു കരുത്ത്. സീനിയർ താരങ്ങളായ സി.വി. വിനോദ് കുമാറിനെയും മുൻ കേരള ക്യാപ്റ്റൻ സിജോമോൻ ജോസഫിനെയും ടീമിലെത്തിക്കാൻ കഴിഞ്ഞത് ബാറ്റിങ്ങിലും ബൗളിങ്ങിലും ടീമിന് മുതൽക്കൂട്ടാകും. എം. നിഖിൽ, അഭിഷേക് പി. നായർ തുടങ്ങിയ താരങ്ങളും ഓൾറൗണ്ടർമാരായി ഇത്തവണ ടീമിനൊപ്പമുണ്ട്. ഇത്തവണത്തെ എൻ.എസ്.കെ ട്രോഫിയിൽ തകർപ്പൻ ഓൾറൗണ്ട് പ്രകടനങ്ങളിലൂടെ നിഖിൽ ശ്രദ്ധേയനായിരുന്നു.

കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ബൗളിങ് നിരയും ഇത്തവണ മൂർച്ചയേറിയതാണ്. ബേസിൽ എൻ.പിയും രാഹുൽ ചന്ദ്രനും നേതൃത്വം നൽകുന്ന പേസ് ബൗളിങ് നിരയിൽ വിനോദ് കുമാറും ശ്രീഹരി നായരും കൂടിയുണ്ട്. പവർപ്ലേയിലും ഡെത്ത് ഓവറുകളിലും വിക്കറ്റ് വീഴ്ത്താൻ ശേഷിയുള്ള ഈ കൂട്ടുകെട്ടിനൊപ്പം വി. അജിത്തും സിജോമോൻ ജോസഫും കൂടി ചേരുമ്പോൾ എതിരാളികൾക്ക് വെല്ലുവിളി ഉയർത്താൻ പോന്ന മികച്ചൊരു ബൗളിങ് നിരയാണ് റോയൽസിന്റേത്.

അഭിഷേക് മോഹനാണ് ടീമിന്‍റെ മുഖ്യ പരിശീലകൻ. അസിസ്റ്റന്‍റ് കോച്ചുമാരായി മദൻ മോഹൻ, അതുൽ ഡയമണ്ട് എന്നിവരും ടീമിനൊപ്പമുണ്ട്. വരുൺ എസ്. എസ്. (ഫിസിയോ), അഖിൽ ചിന്തു (സ്ട്രെങ്ത് & കണ്ടീഷനിങ് കോച്ച്), സൂരജ് നായർ (ടീം മാനേജർ) എന്നിവരാണ് സപ്പോർട്ട് സ്റ്റാഫ് അംഗങ്ങൾ. ജോസ് പട്ടാറ, എസ്. പ്രിയദർശൻ, കീർത്തി സുരേഷ്, റിയാസ് ആദം, ഷിബു മാത്തായി, ടോം ജോസഫ്, സലീൽ ഗുപ്ത എന്നിവരാണ് ടീമിന്‍റെ ഉടമകൾ.

ടീം അംഗങ്ങൾ: കൃഷ്ണപ്രസാദ് (ക്യാപ്റ്റൻ), സിജോമോൻ ജോസഫ് (വൈസ് ക്യാപ്റ്റൻ), വിഷ്ണു വിനോദ്, ഗോവിന്ദ് ദേവ് പൈ, അജിത്ത് വാസുദേവൻ, അഭിഷേക് പി. നായർ, വിനോദ് കുമാർ സി.വി., അക്ഷയ് മനോഹർ, നിഖിൽ എം., ബേസിൽ എൻ.പി., രാഹുൽ ചന്ദ്രൻ, ശ്രീഹരി നായർ, അജീഷ് കെ., ഭരത് സൂര്യ, സുധീഷ് മോഹൻ, ഉജ്വൽ കൃഷ്ണ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പരുക്കില്‍ വീണ് ഇന്ത്യ! ബിസിസിഐക്ക് വീഴ്ചയുണ്ടോ, ബുമ്രയെ എങ്ങനെ ഇനി ഉപയോഗിക്കാം?
ഷമിയോടുള്ള അവഗണന തുടര്‍ന്ന് ബിസിസിഐ; പ്രതീക്ഷ കൈവിടരുതെന്ന് ഉപദേശിച്ച് സഹീർ ഖാൻ