
ബംഗളൂരു: ഇന്ത്യൻ ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡിയെ അലട്ടുന്ന തുടർച്ചയായ പരിക്കുകളിലും റീഹാബിലിറ്റേഷൻ നടപടികളിലും പ്രതികരണവുമായി ബിസിസിഐ സെന്‍റർ ഓഫ് എക്സലൻസ് തലവൻ വി.വി.എസ് ലക്ഷ്മൺ. ബെംഗളൂരുവിലെ സന്ദർശിച്ച ബിസിസിഐ സെക്രട്ടറി ദേവജിത് സെയ്കിയയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ലക്ഷ്മൺ മാധ്യമങ്ങളോട് സംസാരിച്ചത്. ഇടത് തുടയിലെ പേശികൾക്കേറ്റ പരിക്കിനെ തുടർന്ന് അയർലൻഡ്, ഇംഗ്ലണ്ട്, സിംബാബ്‌വെ പരമ്പരകൾ നിതീഷിന് നഷ്ടമായിരുന്നു. ഒരു ഓൾറൗണ്ടർ എന്ന നിലയിൽ നിതീഷിന് മേൽ വലിയ ജോലിഭാരമുണ്ടെന്ന് ലക്ഷ്മൺ ചൂണ്ടിക്കാട്ടി.
ഇന്നത്തെ തിരക്കുപിടിച്ച ക്രിക്കറ്റ് കലണ്ടറിൽ കൃത്യമായ ഓഫ്-സീസൺ ലഭിക്കാത്തതിനാൽ, മത്സരങ്ങൾക്കിടയിലെ ചെറിയ ഇടവേളകൾ ഫിറ്റ്നസ് നിലനിർത്താൻ കളിക്കാർ ഫലപ്രദമായി ഉപയോഗിക്കണമെന്ന് അദ്ദേഹം പറഞ്ഞു. നിതീഷ് കുമാർ റെഡ്ഡിയെ കൂടാതെ ജസ്പ്രീത് ബുംറ, സായ് സുദർശൻ, ഹർഷിത് റാണ, വാഷിംഗ്ടൺ സുന്ദർ തുടങ്ങിയ മുൻനിര താരങ്ങളും നിലവിൽ പരിക്കിന്‍റെ പിടിയിലാണ്.
പരിക്കേറ്റ് പുറത്തിരിക്കുന്ന സമയത്ത് കളിക്കാർ നേരിടുന്ന മാനസിക സമ്മർദ്ദത്തിന് സെന്‍റർ ഓഫ് എക്സലൻസ് വലിയ പ്രാധാന്യമാണ് നൽകുന്നത്. പൂർണ്ണ കായികക്ഷമത നേടി തിരിച്ചെത്താൻ എന്താണ് ചെയ്യേണ്ടതെന്ന് താരങ്ങളെ ബോധ്യപ്പെടുത്തുകയും അവർക്ക് ആവശ്യമായ മാനസിക പിന്തുണ നൽകുകയും ചെയ്യുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
താരങ്ങളുടെ കായികക്ഷമത അളക്കുന്നതിൽ വരുത്തിയ പുതിയ മാറ്റങ്ങളും ലക്ഷ്മൺ വെളിപ്പെടുത്തി. പരമ്പരകൾ നടക്കുമ്പോൾ കഠിനമായ യോ-യോ ടെസ്റ്റ് നടത്തുന്നത് കളിക്കാരുടെ ശരീരത്തെയും റിക്കവറിയെയും പ്രതികൂലമായി ബാധിക്കും. ഇതിന് പരിഹാരമായി സ്ട്രെങ്ത് ആന്‍റ് കണ്ടീഷനിങ് കോച്ച് ആഡ്രിയൻ ലെ റൂക്‌സ് അവതരിപ്പിച്ച 'ബ്രോങ്കോ ടെസ്റ്റ്' ആണ് നാഷണൽ ഫിറ്റ്നസ് ടെസ്റ്റിംഗ് ക്രൈറ്റീരിയയുടെ ഭാഗമായി ഇപ്പോൾ നടപ്പിലാക്കുന്നത്. ഇത് ഒരു കണ്ടീഷനിങ് സെഷനായി ഉപയോഗിക്കാമെന്നതിനൊപ്പം കളിക്കാരുടെ അനാറോബിക് ഫിറ്റ്നസ് നിലവാരം കൃത്യമായി അളക്കാനും സഹായിക്കുമെന്ന് ലക്ഷ്മൺ കൂട്ടിച്ചേർത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!