വിഷ്ണു വിനോദിന് സെഞ്ച്വറി; കേരള ക്രിക്കറ്റ് ലീഗ് റണ്‍വേട്ടയില്‍ അഞ്ചാമന്‍

Published : Sep 03, 2026, 08:49 PM IST
Vishnu Vinod

Synopsis

കേരള ക്രിക്കറ്റ് ലീഗിൽ കാലിക്കറ്റിനെതിരായ മത്സരത്തിൽ ട്രിവാന്‍ഡ്രം റോയല്‍സിനായി വിഷ്ണു വിനോദ് വെടിക്കെട്ട് സെഞ്ച്വറി (118) നേടി. വിഷ്ണുവിൻ്റെ വീരോചിത ഇന്നിംഗ്‌സിനും ടീമിനെ വിജയത്തിലെത്തിക്കാനായില്ലെങ്കിലും, ഈ പ്രകടനത്തോടെ ടൂർണമെന്റിലെ റൺവേട്ടക്കാരിൽ താരം അഞ്ചാം സ്ഥാനത്തെത്തി.

തിരുവനന്തപുരം: അവസാന നിമിഷം വരെ ആകാംക്ഷ നിറഞ്ഞ കാലിക്കറ്റ്-ട്രിവാന്‍ഡ്രം റോയല്‍സ് മത്സരത്തില്‍ വെടിക്കെട്ട് ബാറ്റിങ്ങുമായി കളം നിറഞ്ഞ വിഷ്ണു വിനോദിന് സെഞ്ച്വറി. മത്സരത്തില്‍ ഏഴ് റണ്‍സിന് ഗ്ലോബ്സ്റ്റാര്‍സിനോട് പരാജയപ്പെട്ടെങ്കിലും ട്രിവാന്‍ഡ്രത്തിന് വേണ്ടി മികച്ച പ്രകടനമാണ് വിഷ്ണു പുറത്തെടുത്തത്. നേരത്തെ രണ്ട് അര്‍ദ്ധ സെഞ്ച്വറികള്‍ നേടിയ താരം തകര്‍പ്പന്‍ ഫോമില്‍ തുടരുന്നത് റോയല്‍സിന്റെ കിരീട പ്രതീക്ഷകള്‍ക്ക് കരുത്തേകുകയാണ്. കാലിക്കറ്റിന്റെ സ്പിന്‍ മാന്ത്രികന്‍ വിഗ്‌നേഷ് പുത്തൂരിന് മുന്നില്‍ റോയല്‍സ് ക്യാപ്റ്റന്‍ ഉള്‍പ്പെടെയുള്ള മുന്‍നിര ബാറ്റര്‍മാര്‍ കൂടാരം കയറിയപ്പോള്‍, മറുവശത്ത് വിഷ്ണു വിനോദ് കളം നിറഞ്ഞു കളിക്കുകയായിരുന്നു. 62 പന്തില്‍ നിന്ന് എട്ട് പടുകൂറ്റന്‍ സിക്‌സറുകളും പത്ത് ഫോറുകളും ഉള്‍പ്പെടെ 118 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്.

ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിലെ ബാറ്റിങ് വിരുന്നിലൂടെ 341 റണ്‍സുമായി ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരില്‍ അഞ്ചാം സ്ഥാനത്തേക്ക് കുതിക്കാനും വിഷ്ണുവിന് കഴിഞ്ഞു. രണ്ടാം ഓവറില്‍ തുടര്‍ച്ചയായി മൂന്ന് തവണ പന്ത് ബൗണ്ടറി കടത്തിയാണ് വിഷ്ണു വെടിക്കെട്ടിന് തിരികൊളുത്തിയത്. ഹരികൃഷ്ണനെ സിക്‌സര്‍ പറത്തി ടീം സ്‌കോര്‍ അമ്പത് കടത്തിയ വിഷ്ണു, ജോസ് പെരയിലിനെ ബൗണ്ടറി കടത്തിയാണ് വ്യക്തി?ഗത സ്‌കോര്‍ അമ്പതിലെത്തിച്ചത്. പിന്നീട് കണ്ടത് വിഷ്ണുവിന്റെ അഴിഞ്ഞാട്ടമായിരുന്നു. പതിനാറാം ഓവറില്‍ അഖിന്‍ സത്താറിന്റെ പന്തില്‍ ബൗണ്ടറി പായിച്ച് 56 പന്തില്‍ വിഷ്ണു സീസണിലെ തന്റെ ആദ്യ സെഞ്ച്വറി പൂര്‍ത്തിയാക്കുകയും ചെയ്തു. തൊട്ടടുത്ത പന്തും സിക്‌സര്‍ പറത്തിയ വിഷ്ണു കാലിക്കറ്റിന്റെ പേടി സ്വപ്നമായി മാറുകയായിരുന്നു.

ആ ഓവറില്‍ മാത്രം ട്രിവാന്‍ഡ്രത്തിന്റെ സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ന്നത് 28 റണ്‍സാണ്. അഖിന്‍ സത്താര്‍, ഇബ്‌നുല്‍, ജോസ് പെരയില്‍, അഖില്‍ സ്‌കറിയ, ഹരികൃഷ്ണന്‍ എന്നിവരെല്ലാം വിഷ്ണുവിന്റെ ബാറ്റിങ് ചൂടറിഞ്ഞു. നാലാം ഓവറില്‍ മാത്രം അഖിന്‍ സത്താറിനെതിരെ ഒരു സിക്‌സും ഫോറും ഉള്‍പ്പെടെ 14 റണ്‍സാണ് താരം നേടിയത്. ഒരു വശത്ത് വിക്കറ്റുകള്‍ കൊഴിയുമ്പോഴും ഏഴാം വിക്കറ്റില്‍ ഉജ്ജ്വലിനൊപ്പം ചേര്‍ന്ന് വിഷ്ണു നടത്തിയ ചെറുത്തുനില്‍പ്പാണ് മത്സരത്തില്‍ ട്രിവാന്‍ഡ്രത്തെ സജീവമാക്കിയത്.

കേവലം 24 പന്തില്‍ നിന്നാണ് ഇരുവരും 62 റണ്‍സ് അടിച്ചുകൂട്ടിയത്. ഇതില്‍ 49 റണ്‍സും പിറന്നത് വിഷ്ണുവിന്റെ ബാറ്റില്‍ നിന്നായിരുന്നു. ഒടുവില്‍ അഖില്‍ സ്‌കറിയയുടെ പന്തില്‍ കാലിക്കറ്റ് ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മലിന് ക്യാച്ച് നല്‍കിയാണ് വിഷ്ണുവിന്റെ ഈ വീരോചിത ഇന്നിങ്‌സിന് വിരാമമായത്. ഈ നിര്‍ണായക വിജയത്തോടെ കാലിക്കറ്റ് സെമി ഫൈനലില്‍ പ്രവേശിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ട്രിവാന്‍ഡ്രം റോയല്‍സിനെ ഏഴ് റണ്‍സിന് തോല്‍പ്പിച്ച് കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് സെമിയില്‍
ഗൗതം ഗംഭീറില്ല, എഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി വിവിഎസ് ലക്ഷ്മണ്‍