ഇന്ത്യയിലെ ആഭ്യന്തര, അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളുടെ ടൈറ്റിൽ സ്പോൺസറാകാൻ പ്രമുഖ സ്വർണ വായ്പ ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിൻകോർപ്പ് ലിമിറ്റഡും ബിസിസിഐയും തമ്മിൽ കരാറിലെത്തി. 2028 മാർച്ച് വരെയാണ് ഈ പങ്കാളിത്തം.

മുംബൈ: പ്രമുഖ സ്വർണ വായ്പ ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിൻകോർപ്പ് ലിമിറ്റഡിനെ തങ്ങളുടെ ടൈറ്റിൽ സ്പോൺസറായി പ്രഖ്യാപിച്ച് ബിസിസിഐ. ഇന്ത്യയിലെ ആഭ്യന്തര, അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളുടെ ടൈറ്റിൽ സ്പോൺസറാകാൻ മുത്തൂറ്റ് ഫിൻകോർപ്പ് ലിമിറ്റഡും ബിസിസിഐയും തമ്മിൽ കരാറിലെത്തിയത്. 2028 മാർച്ച്‌ വരെ ആണ് കരാർ. മുത്തൂറ്റ് ഫിൻകോർപ്പിന്റെ പ്രധാന നിറമായ നീല, ഇന്ത്യൻ ക്രിക്കറ്റിലെ 'മെൻ ആൻഡ് വുമൺ ഇൻ ബ്ലൂ' എന്ന ആശയവുമായി തികച്ചും അനുയോജ്യമാണെന്ന് ബിസിസിഐ പ്രസിഡന്റ് മിഥുൻ മൻഹാസ് വ്യക്തമാക്കി. മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പുമായുള്ള സഹകരണം നേട്ടമാകുമെന്ന് ബിസിസിഐ സെക്രട്ടറി ദേവജിത് സൈക്കിയ പറഞ്ഞു.

ഞായറാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന ഇന്ത്യ - വെസ്റ്റ് ഇൻഡീസ് ആദ്യ ഏകദിന മത്സരത്തോടെ ഈ പുതിയ സ്പോൺസർഷിപ്പ് ആരംഭിക്കും. ഇന്ത്യയിലെ പുരുഷ-വനിതാ സീനിയർ ടീമുകൾ, ഇന്ത്യ 'എ', 'ബി' ടീമുകൾ, അണ്ടർ-19 ടീമുകൾ എന്നിവയുടെ മത്സരങ്ങൾക്കും കൂടാതെ രഞ്ജി ട്രോഫി, ദുലീപ് ട്രോഫി, വിജയ് ഹസാരെ ട്രോഫി, സയ്യിദ് മുഷ്താഖ് അലി ട്രോഫി തുടങ്ങിയ പ്രധാന ആഭ്യന്തര ടൂർണമെന്റുകൾക്കും മുത്തൂറ്റ് ഫിൻകോർപ്പ് തന്നെയായിരിക്കും മുഖ്യ സ്പോൺസർമാർ.

ഇന്ത്യൻ ക്രിക്കറ്റിന്റെ ജനപ്രീതിയും മുത്തൂറ്റ് ഫിൻകോർപ്പിന്റെ രാജ്യവ്യാപകമായ സാന്നിധ്യവും ഒത്തുചേരുന്ന ഈ പങ്കാളിത്തത്തെ ബിസിസിഐ ഭാരവാഹികളായ പ്രസിഡന്റ് മിഥുൻ മൻഹാസ്, സെക്രട്ടറി ദേവാജിത് സൈകിയ, വൈസ് പ്രസിഡന്റ് രാജീവ് ശുക്ല, ട്രഷറർ എ രഘുറാം ഭട്ട്, ജോയിന്റ് സെക്രട്ടറി പ്രഭ്തേജ് ഭാട്ടിയ എന്നിവർ സ്വാഗതം ചെയ്തു. ബിസിസിഐയുമായുള്ള പങ്കാളിത്തം ഇന്ത്യയിലെ ജനങ്ങളുമായി സംവദിക്കാനുള്ള സ്വഭാവിക മാർഗം എന്ന് മുത്തൂറ്റ് ഫിൻകോർപ്പ് ലിമിറ്റഡ് ജോയിന്റ് മാനേജിംഗ് ഡയറക്ടർ തോമസ് ജോർജ് മുത്തൂറ്റ് വിശേഷിപ്പിച്ചു. എല്ലാ തരം ക്രിക്കറ്റ് പ്രേമികളിലേക്കും എത്തിച്ചേരാൻ ഈ വൻ പങ്കാളിത്തം സഹായിക്കുമെന്ന് സിഇഒ ഷാജി വർഗീസും അഭിപ്രായപ്പെട്ടു.