
മുംബൈ: മുംബൈ: ജപ്പാനിലെ ഐച്ചി-നാഗോയയിൽ ഈ മാസം നടക്കുന്ന ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്‍റെ മുഖ്യ പരിശീലകനായി മുൻ താരം വി.വി.എസ് ലക്ഷ്മണിനെ നിയമിച്ചു. മുൻ താരം സുനിൽ ജോഷി, ഹൃഷികേശ് കനിത്കർ, പുതിയ ഫീൽഡിംഗ് പരിശീലകൻ ശുഭദീപ് ഘോഷ് എന്നിവരാണ് ലക്ഷ്മണിന്‍റെ സഹപരിശീലകർ.
ഏഷ്യൻ ഗെയിംസ് മത്സരങ്ങളും വെസ്റ്റ് ഇൻഡീസിനെതിരായ ഇന്ത്യയുടെ ഏകദിന പരമ്പരയും ഒരേ സമയത്ത് വരുന്നതിനാലാണ് പുരുഷ ടീമിനായി പ്രത്യേക പരിശീലക സംഘത്തെ ബിസിസിഐ ചുമതലപ്പെടുത്തിയത്. സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 3 വരെയാണ് വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പര നടക്കുന്നത്. അതിനാൽ ഗൗതം ഗംഭീറിന്‍റെ നേതൃത്വത്തിലുള്ള പ്രധാന പരിശീലക സംഘം സീനിയർ ഏകദിന ടീമിനൊപ്പമാകും ഉണ്ടാകുക.ഏഷ്യൻ ഗെയിംസിൽ സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 3 വരെയാണ് ക്രിക്കറ്റ് മത്സരങ്ങൾ നടക്കുന്നത്.
ആദ്യ റൗണ്ടിൽ ബൈ ലഭിച്ച ഇന്ത്യൻ പുരുഷ ടീം സെപ്റ്റംബർ 28-ന് നടക്കുന്ന ക്വാർട്ടർ ഫൈനലോടെയാണ് കാമ്പയിൻ ആരംഭിക്കുന്നത്. 2024-ൽ (2023) ഇന്ത്യ സ്വർണം നേടിയപ്പോഴും വി.വി.എസ് ലക്ഷ്മൺ തന്നെയായിരുന്നു ടീമിന്റെ പരിശീലകൻ. ശ്രേയസ് അയ്യർ നയിക്കുന്ന ശക്തമായ ടീമിനെയാണ് ഇന്ത്യ ഇത്തവണ ഏഷ്യൻ ഗെയിംസിനായി അണിനിരത്തുന്നത്. തിലക് വർമ്മയാണ് വൈസ് ക്യാപ്റ്റൻ. പേസർ ജസ്പ്രീത് ബുംറ, യുവതാരം വൈഭവ് സൂര്യവംശി എന്നിവരും ടീമിലുണ്ട്.
അതേസമയം, നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യൻ വനിതാ ടീമിനെ പതിവ് പരിശീലക സംഘം തന്നെയാകും പരിശീലിപ്പിക്കുക. അമോൽ മജുംദാർ മുഖ്യ പരിശീലകനായും ആവിഷ്കാർ സാൽവി ബൗളിംഗ് പരിശീലകനായും മുനീഷ് ബാലി ഫീൽഡിംഗ് പരിശീലകനായും തുടരും. ഹർമൻപ്രീത് കൗർ ക്യാപ്റ്റനായും സ്മൃതി മന്ദാന വൈസ് ക്യാപ്റ്റനായുമാണ് വനിതാ ടീം ഇറങ്ങുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!