ഇന്ത്യക്കെതിരെ 'ഗ്രോവൽ' പരാമർശം; ദക്ഷിണാഫ്രിക്കൻ പരിശീലകനെതിരെ കടുത്ത പ്രതിഷേധം ഉയർത്തി ഇന്ത്യൻ ആരാധകർ, ചരിത്രപ്രാധാന്യമുള്ള വാക്ക്

Published : Nov 25, 2025, 08:29 PM IST
shukri conrad

Synopsis

1976-ൽ ഇംഗ്ലണ്ട് ക്യാപ്റ്റൻ ടോണി ഗ്രീഗ്വെസ്റ്റ് ഇൻഡീസിനെതിരെ ഉപയോഗിച്ച് വംശീയ വിവാദമുണ്ടാക്കിയ അതേ വാക്കാണ് കോൺറാഡും ആവർത്തിച്ചത്. താൻ ബോധപൂർവം ആ വാക്ക് “മോഷ്ടിച്ചു” ഉപയോഗിച്ചതാണെന്നും കോച്ച് പറഞ്ഞു.

ഗുവാഹത്തി/ദില്ലി: ഗുവാഹത്തി ടെസ്റ്റിൽ നാലാം ദിനം ഇന്ത്യൻ ബൗളർമാരെ ദക്ഷിണാഫ്രിക്കൻ ബാറ്റർമാർ നന്നായി വെള്ളം കുടിപ്പിച്ചതിന് പിന്നാലെ, ദക്ഷിണാഫ്രിക്കൻ ഹെഡ് കോച്ച് ഷുക്രി കോൺറാഡ് നടത്തിയ 'ഗ്രോവൽ' (Grovel) പരാമർശം വിവാദത്തിൽ. ചരിത്രപരമായി പ്രാധാന്യമുള്ള ഈ വാക്കിന്‍റെ ഉപയോഗം ശനിയാഴ്ച നിരവധി മാധ്യമപ്രവർത്തകരെ ഞെട്ടിച്ചതായാണ് റിപ്പോർട്ട്. ക്രിക്കറ്റിൽ 'ഗ്രോവൽ' (ഒരു ടീമിനെ തികച്ചും നിസ്സഹായരും അപമാനിതരുമാക്കി തോൽപ്പിക്കുക) എന്ന വാക്ക് വംശീയമല്ലാത്ത അർത്ഥത്തിൽ ഉപയോഗിക്കാറുണ്ടെങ്കിലും, അതിന് ചരിത്രപരമായി വളരെ വലിയ പ്രാധാന്യമുണ്ട്.

1976ൽ വെസ്റ്റ് ഇൻഡീസിൽ ഇംഗ്ലണ്ട് പര്യടനം നടത്തിയപ്പോൾ, ദക്ഷിണാഫ്രിക്കൻ വംശജനായ ഇംഗ്ലണ്ട് ക്യാപ്റ്റൻ ടോണി ഗ്രീഗ് തന്‍റെ ടീം വെസ്റ്റ് ഇൻഡീസുകാരെക്കൊണ്ട് 'ഗ്രോവൽ ചെയ്യിപ്പിക്കും' എന്ന് പ്രഖ്യാപിച്ചത് വലിയ വിവാദമായിരുന്നു. അക്കാലത്തെ വംശീയ രാഷ്ട്രീയവും കളിയുടെ കോളോണിയൽ ചരിത്രവും കാരണം, ഈ പ്രസ്താവന വംശീയമായി അധിക്ഷേപകരമായി കണക്കാക്കപ്പെട്ടു. ഇതിനെ തുടർന്ന് വെസ്റ്റ് ഇൻഡീസ് ടീം 3-0ന് ഇംഗ്ലണ്ടിനെ തകർത്തെറിയുകയും, ക്രിക്കറ്റ് ചരിത്രം വഴിതിരിച്ചുവിടുകയും ചെയ്തിരുന്നു.

നാലാം ദിവസത്തെ കളിക്ക് ശേഷം നടന്ന പത്രസമ്മേളനത്തിൽ കോൺറാഡ് തന്‍റെ അഭിപ്രായം മറച്ചുവെച്ചില്ല. എന്നാൽ, താൻ 'ഒരു വാചകം മോഷ്ടിക്കുകയാണ്' എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'ഇന്ത്യൻ താരങ്ങൾ ഫീൽഡിൽ കൂടുതൽ സമയം ചെലവഴിക്കണമെന്ന് ഞങ്ങൾ ആഗ്രഹിച്ചു. ഒരു വാചകം മോഷ്ടിച്ച് പറയുകയാണെങ്കിൽ, അവർ ശരിക്കും 'ഗ്രോവൽ' ചെയ്യണമെന്ന് ഞങ്ങൾ ആഗ്രഹിച്ചു. അവരെ കളിയിൽ നിന്ന് പൂർണ്ണമായും പുറത്താക്കി, അവസാന ദിവസവും ഇന്ന് വൈകുന്നേരം ഒരു മണിക്കൂറും വന്ന് പിടിച്ചുനിൽക്കാൻ ഞങ്ങൾ അവരോട് പറയുകയായിരുന്നു," കോൺറാഡ് പറഞ്ഞു. കോൺറാഡിന്‍റെ ഈ പരാമർശം ഇന്ത്യൻ ആരാധകർക്കിടയിൽ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

അവസാന ദിനത്തിൽ അത്ഭുതം കാട്ടുമോ?

അതേസമയം, ഗുവാഹത്തി ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഹിമാലയന്‍ വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് രണ്ടാം ഇന്നിംഗ്സിലും ബാറ്റിംഗ് തകര്‍ച്ചയാണ്. 549 റണ്‍സിന്‍റെ വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ നാലാം ദിനം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 27 റണ്‍സെന്ന നിലയിലാണ് ക്രീസ് വിട്ടത്. രണ്ട് റണ്‍സോടെ സായ് സുദര്‍ശനും നാലു റണ്‍സോടെ നൈറ്റ് വാച്ച്‌മാന്‍ കുല്‍ദീപ് യാദവുമാണ് ക്രീസില്‍. 13 റണ്‍സെടുത്ത യശസ്വി ജയ്സ്വാളിന്‍റെയും ആറ് റണ്‍സെടുത്ത കെ എല്‍ രാഹുലിന്‍റെയും വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ജയ്സ്വാളിനെ മാര്‍ക്കോ യാന്‍സന്‍ പുറത്താക്കിയപ്പോള്‍ രാഹുലിനെ സിമോണ്‍ ഹാര്‍മര്‍ ബൗൾഡാക്കി. എട്ടുവിക്കറ്റും 90 ഓവറും ശേഷിക്കെ ഇന്ത്യക്ക് സമനിലപോലും സ്വപ്നം കാണണമെങ്കില്‍ അത്ഭുതങ്ങള്‍ സംഭവിക്കേണ്ടിവരും. എട്ട് വിക്കറ്റ് മാത്രം കൈയിലിരിക്കെ ദക്ഷിണഫ്രിക്കൻ സ്കോറിന് 522 റണ്‍സിന് പിന്നിലാണ് ഇന്ത്യ ഇപ്പോഴും.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ഷമി അടക്കമുള്ള മികച്ച ബൗളര്‍മാരെയെല്ലാം അവര്‍ ഒതുക്കി', ഇന്ത്യൻ ടീം മാനേജ്മെന്‍റിനെതിരെ ആഞ്ഞടിച്ച് ഹര്‍ഭജന്‍ സിംഗ്
ഇന്ത്യ-ദക്ഷിണാഫ്രിക്ക അവസാന ഏകദിന നാളെ, തോറ്റാല്‍ പരമ്പര നഷ്ടം. ഗൗതം ഗംഭീറിന് നിര്‍ണായാകം