ലോകകപ്പുകളില്‍ പാകിസ്ഥാന് ഇന്ത്യയെ തോല്‍പ്പിക്കാനായില്ല; കാരണം വ്യക്തമാക്കി വഖാര്‍ യൂനിസ്

By Web TeamFirst Published Jul 9, 2020, 3:33 PM IST
Highlights

പാകിസ്ഥാനെ ഇന്ത്യയെ തോല്‍പ്പിക്കാനാവാത്തതിനെ കുറിച്ച് പ്രതികരിക്കുകയാണ് മുന്‍ പാക് താരം വഖാര്‍ യൂനിസ്. ട്വിറ്ററില്‍ ആരാധകരോട് സംസാരിക്കുമ്പോഴാണ് അദ്ദേഹം ചോദ്യത്തിന് മറുപടി നല്‍കിയത്.
 

ഇസ്ലാമാബാദ്: ഐസിസി ലോകകപ്പിന്റെ ചരിത്രത്തില്‍ പോലും പാകിസ്ഥാന് ഇന്ത്യയെ തോല്‍പ്പിക്കാനായിട്ടില്ല. 2017ലെ ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ മാത്രമാണ് ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യയ്‌ക്കെതിരെ പാക്കിസ്ഥാനു വിജയം നേടാനായത്. ചാംപ്യന്‍സ് ട്രോഫിയില്‍ മുന്‍പും ഇന്ത്യയെ വീഴ്ത്തിയിട്ടുണ്ടെങ്കിലും ഏകദിന, ട്വന്റി20 ലോകകപ്പുകളില്‍ ഇതുവരെ ഇന്ത്യയെ തോല്‍പ്പിക്കാനായിട്ടില്ല.

പാകിസ്ഥാനെ ഇന്ത്യയെ തോല്‍പ്പിക്കാനാവാത്തതിനെ കുറിച്ച് പ്രതികരിക്കുകയാണ് മുന്‍ പാക് താരം വഖാര്‍ യൂനിസ്. ട്വിറ്ററില്‍ ആരാധകരോട് സംസാരിക്കുമ്പോഴാണ് അദ്ദേഹം ചോദ്യത്തിന് മറുപടി നല്‍കിയത്. വഖാര്‍ പറയുന്നതിങ്ങനെ... ''എല്ലാ ലോകകപ്പിലും ഇന്ത്യ നന്നായി കളിച്ചു, അവര്‍ ജയിച്ചു. ശരിയാണ് മറ്റു ഫോര്‍മാറ്റുകളില്‍ ഇന്ത്യക്കെതിരെ പാകിസ്ഥാന്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ട്. ചില മത്സരങ്ങളിലെങ്കിലും പാക്കിസ്ഥാന്‍ ഇന്ത്യയ്ക്കെതിരെ ആധിപത്യം നേടിയ ഘട്ടങ്ങളുണ്ടെങ്കിലും, വര്‍ധിച്ചുവരുന്ന സമ്മര്‍ദ്ദം താങ്ങാനാകാതെ തോല്‍വിയിലേക്കു വഴുതുന്നു. പലപ്പോഴായി ടെസ്റ്റില്‍ പാകിസ്ഥാന്‍ ഇന്ത്യക്കെതിരെ മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ട്. 

പക്ഷേ, ഏകദിന ലോകകപ്പില്‍ ഇന്ത്യയ്ക്ക് എക്കാലവും പാക്കിസ്ഥാനു മേല്‍ വ്യക്തമായ ആധിപത്യമുണ്ട്. അവരത് അര്‍ഹിക്കുന്നുണ്ട് എന്നതാണ് വാസ്തവം. കാരണം അവര്‍ നമ്മളേക്കാര്‍ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. അവരുടേത് മികച്ച ടീമായിരുന്നു എന്നത് മറക്കരുത്. 2003ലും അതിനു മുന്‍പ് 1996ലും ഇന്ത്യയ്ക്കെതിരെ നമുക്ക് വ്യക്തമായ ആധിപത്യമുണ്ടായിരുന്നു. 

എന്നിട്ടും ആ മത്സരങ്ങള്‍ നമ്മള്‍ കൈവിട്ടുകളഞ്ഞു. എന്താണ് കാരണമെന്ന് ചോദിച്ചാല്‍ വ്യക്തമായി പറയാന്‍ എനിക്കറിയില്ല. സമ്മര്‍ദ്ദം പാക് ടീമിനെ നല്ല രീതിയില്‍ ബാധിക്കുന്നുണ്ട്.'' വഖാര്‍ പറഞ്ഞുനിര്‍ത്തി.

click me!