വനിതാ ടി20 ലോകകപ്പ്: പരിശീലനമത്സരം ഗംഭീരമാക്കി ഇന്ത്യ; ത്രില്ലര്‍ ജയം

By Web TeamFirst Published Feb 18, 2020, 3:09 PM IST
Highlights

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ശിഖ പാണ്ഡെ(16 പന്തില്‍ 24), ദീപ്‌തി ശര്‍മ്മ(32 പന്തില്‍ 21), പൂജ വസ്‌ത്രാക്കര്‍(15 പന്തില്‍ 13) എന്നിവരുടെ മികവിലാണ് 107 റണ്‍സെടുത്തത്.

ബ്രിസ്‌ബേന്‍: ഐസിസി വനിതാ ടി20 ലോകകപ്പിന് മുന്‍പുള്ള അവസാന സന്നാഹമത്സരം ആവേശമാക്കി ടീം ഇന്ത്യ. അലന്‍ ബോര്‍ഡര്‍ ഫീല്‍ഡില്‍ രണ്ട് റണ്‍സിന് വിന്‍ഡീസിനെ ഇന്ത്യ തോല്‍പിച്ചു. ഇന്ത്യയുടെ 107 റണ്‍സ് പിന്തുടര്‍ന്ന വിന്‍ഡീസിന് 20 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഏഴ് വിക്കറ്റിന് 105 റണ്‍സെടുക്കാനേയായുള്ളൂ. സ്‌കോര്‍: ഇന്ത്യ-107/8(20), വെസ്റ്റ് ഇന്‍ഡീസ്-105/7(20). 

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ശിഖ പാണ്ഡെ(16 പന്തില്‍ 24), ദീപ്‌തി ശര്‍മ്മ(32 പന്തില്‍ 21), പൂജ വസ്‌ത്രാക്കര്‍(15 പന്തില്‍ 13) എന്നിവരുടെ മികവിലാണ് 107 റണ്‍സെടുത്തത്. സ്‌മൃതി മന്ദാന(4), ജെമീമ റോഡ്രിഗസ്(0), ഹര്‍മന്‍പ്രീത് കൗര്‍(11) എന്നിവര്‍ക്ക് തിളങ്ങാനാകാതെ പോയതാണ് ഇന്ത്യയെ ചെറിയ സ്‌കോറിലൊതുക്കിയത്. വിന്‍ഡീസിനായി കോണലും അനിഷയും രണ്ടുവീതവും ചിനെല്ലെ, അഫി, സ്റ്റെഫാനി, ആലിയ എന്നിവര്‍ ഓരോ വിക്കറ്റും നേടി. 

മറുപടി ബാറ്റിഗില്‍ നിശ്‌ചിത ഇടവേളകളില്‍  വിക്കറ്റ് വീഴ്‌ത്തി ഇന്ത്യ വിന്‍ഡീസിനെ പ്രതിരോധത്തിലാക്കി. 41 പന്തില്‍ 42 റണ്‍സെടുത്ത ഓപ്പണര്‍ ലീ ആനിന്‍റെ പ്രകടനം പാഴായി. ഹെയ്‌ലി മാത്യൂസ് 25 ഉം ചിനെല്ലെ ഹെന്‍‌റി 17 ഉം സ്റ്റാഫാനി ടെയ്‌ലര്‍ 16 റണ്‍സുമെടുത്തു. നാല് ഓവറില്‍ 20 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് പേരെ പുറത്താക്കിയ പൂനം യാദവാണ് വിന്‍ഡീസിനെ തളച്ചത്. ശിഖ പാണ്ഡെയും ദീപ്‌തി ശര്‍മ്മയും ഹര്‍മന്‍പ്രീത് കൗറും ഓരോ വിക്കറ്റ് നേടി. 

പാകിസ്ഥാനെതിരായ ഇന്ത്യയുടെ പരിശീലനമത്സരം കഴിഞ്ഞദിവസം മഴമൂലം ഉപേക്ഷിച്ചിരുന്നു. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ വെള്ളിയാഴ്‌ച ഓസ്‌ട്രേലിയയെ നേരിടും. സിഡ്നിയില്‍ ഉച്ചയ്‌ക്ക് ഒന്നരയ്‌ക്കാണ് മത്സരം. 

click me!