
ചെന്നൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്റ്റര്‍മാര്‍ക്കെതിരെ ആഞ്ഞടിച്ച് ഓള്‍റൗണ്ടര്‍ വാഷിംഗ്ടണ്‍ സുന്ദറിന്റെ അച്ഛന്‍ എം സുന്ദര്‍. ദേശീയ ടീമില്‍ മകന് സ്ഥിരമായി അവസരങ്ങള്‍ ലഭിക്കാത്തതില്‍ അദ്ദേഹം നിരാശ പ്രകടിപ്പിച്ചു. ഇംഗ്ലണ്ടിനെതിരായ ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടന്ന നാലാം ടെസ്റ്റില്‍ വാഷിംഗ്ടണിന്റെ നടത്തിയ സെഞ്ചുറി പ്രകടനത്തിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. തന്റെ കന്നി ടെസ്റ്റ് സെഞ്ച്വറി നേടിയ വാഷിംഗ്ടണ്‍ ഇന്ത്യക്ക് വിലപ്പെട്ട സമനില സമ്മാനിക്കുന്നതില്‍ നിര്‍ണായക സംഭാവന നല്‍കിയിരുന്നു.
ഇതിനിടെയാണ് അച്ഛന്‍ എം സുന്ദറിന്റെ പ്രസ്താവന... ''വാഷിംഗ്ടണ്‍ സ്ഥിരമായി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. എന്നിരുന്നാലും, ആളുകള്‍ അവന്റെ പ്രകടനങ്ങള്‍ കണക്കിലെടുക്കാറോ സംസാരിക്കാറോ ഇല്ല. മറ്റ് കളിക്കാര്‍ക്ക് പതിവായി അവസരങ്ങള്‍ ലഭിക്കുന്നു, എന്റെ മകന് മാത്രം അത്രത്തോളം ലഭിക്കുന്നില്ല. നാലാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ ചെയ്തതുപോലെ വാഷിംഗ്ടണ്‍ സ്ഥിരമായി അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്യണം. മാത്രമല്ല, തുടര്‍ച്ചയായി അഞ്ച് മുതല്‍ പത്ത് മത്സരങ്ങളില്‍ അവസരങ്ങള്‍ നല്‍കട്ടെ. ആദ്യ ടെസ്റ്റില്‍ അവനെ കളിപ്പിച്ചില്ലെന്നത് അതിശയകരമാണ്. സെലക്ടര്‍മാര്‍ അദ്ദേഹത്തിന്റെ പ്രകടനം നിരീക്ഷിക്കണം.'' അദ്ദേഹം പറഞ്ഞു.
2017ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച താരമാണ് വാഷിംഗ്ടണ്‍. 2021ല്‍ ടെസ്റ്റ് ക്രിക്കറ്റിലും അരങ്ങേറ്റം കുറിച്ചു. വെറും 11 ടെസ്റ്റ് മത്സരങ്ങളില്‍ മാത്രമാണ് കളിച്ചിട്ടുള്ളത്. എന്നിരുന്നാലും, 44.86 എന്ന മികച്ച ബാറ്റിംഗ് ശരാശരിയും 27.87 എന്ന ബൗളിംഗ് ശരാശരിയും അദ്ദേഹത്തിനുണ്ട്. 2021ല്‍ ടെസ്റ്റ് ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ടതിനെ കുറിച്ചും എം സുന്ദര്‍ സംസാരിച്ചു. ''2021ല്‍ ഇംഗ്ലണ്ടിനെതിരെ ചെന്നൈയില്‍ 85 റണ്‍സും അഹമ്മദാബാദില്‍ 96 റണ്‍സും അവന്‍ നേടി. അതും ബാറ്റിംഗ് ദുഷ്‌കരമായ പിച്ചില്‍. ഒന്നോ രണ്ടോ മത്സരങ്ങളില്‍ പരാജയപ്പെട്ടാലും എന്റെ മകന്‍ പുറത്താകും. അത് ന്യായമല്ല.'' അദ്ദേഹം പറഞ്ഞു.
വാഷിംഗ്ടണിന്റെ ഐപിഎല്‍ ടീമായ ഗുജറാത്ത് ടൈറ്റന്‍സ് അവസരം നല്‍കാത്തതിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ''ഗുജറാത്ത് ടൈറ്റന്‍സ് അവന് പതിവായി അവസരങ്ങള്‍ നല്‍കുന്നില്ല. ഐപിഎല്‍ 2025 എലിമിനേറ്ററില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ 24 പന്തില്‍ നിന്ന് 48 റണ്‍സ് നേടി അദ്ദേഹം തന്റെ കഴിവ് പ്രകടിപ്പിച്ചു. യശസ്വി ജയ്സ്വാളിന് രാജസ്ഥാന്‍ എങ്ങനെയാണ് പിന്തുണ നല്‍കിയതെന്ന് നോക്കൂ.'' അദ്ദേഹം കൂട്ടിചേര്‍ത്തു.
ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ മൂന്ന് ടെസ്റ്റുകള്‍ കളിച്ച വാഷിംഗ്ടണ്‍ ഇതുവരെ 205 റണ്‍സാണ് നേടിയത്. ഇതില്‍ ഒരു സെഞ്ചുറിയും ഉള്‍പ്പെടും. വിക്കറ്റ് കോളത്തിലും താരത്തിന്റെ പേര് രേഖപ്പെടുത്താനായി. മൂന്ന് മത്സങ്ങളില്‍ ഏഴ് വിക്കറ്റാണ് വാഷിംഗ്ടണ്‍ വീഴ്ത്തിയത്. ഒരു തവണ നാല് വിക്കറ്റ് നേട്ടവും കൈവരിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!