ഐപിഎല്‍ ലോകത്തെ ഏറ്റവും മികച്ച ടി20 ലീഗ്; പ്രശംസ കൊണ്ടുമൂടി അക്രം, ബിസിസിഐക്കും കയ്യടി

By Web TeamFirst Published Jul 31, 2020, 12:06 PM IST
Highlights

പണക്കിലുക്കമാണ് മറ്റ് ടൂര്‍ണമെന്‍റുകളില്‍ നിന്ന് ഐപിഎല്ലിന്‍റെ ശോഭ കൂട്ടാന്‍ കാരണം എന്നും സുല്‍ത്താന്‍ ഓഫ് സ്വിങ്

ലാഹോര്‍: ലോകത്തിലെ ഏറ്റവും മികച്ച ടി20 ലീഗ് ഐപിഎല്‍ എന്ന് പാക് പേസ് ഇതിഹാസം വസീ അക്രം. പണക്കിലുക്കമാണ് മറ്റ് ടൂര്‍ണമെന്‍റുകളില്‍ നിന്ന് ഐപിഎല്ലിന്‍റെ ശോഭ കൂട്ടാന്‍ കാരണം എന്നും സുല്‍ത്താന്‍ ഓഫ് സ്വിങ് പറഞ്ഞു. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് അടക്കമുള്ള മറ്റ് ലീഗുകളുമായി താരതമ്യം ചെയ്‌താണ് അക്രം ഈ നിഗമനത്തില്‍ എത്തിയിരിക്കുന്നത്. 

ഐപിഎല്ലില്‍ നിന്നുള്ള പണം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിക്ഷേപിക്കുന്ന ബിസിസിഐയുടെ നയത്തെ അക്രം പ്രശംസിച്ചു. 'ഇതിലൂടെ മികച്ച പ്രതിഭകളെ അഭ്യന്തര ക്രിക്കറ്റില്‍ സൃഷ്‌ടിക്കാനാകുന്നു. 60 മുതല്‍ 80 കോടി ഇന്ത്യന്‍ രൂപയാണ് താരങ്ങളെ സ്വന്തമാക്കാന്‍ ടീമുകള്‍ ചിലവഴിക്കുന്നത്. പിസിഎല്ലിന്‍റെ ഇരട്ടി തുകയാണിത്. ഇത്രത്തോളം തുക നിക്ഷേപിച്ച് ലാഭം കൊയ്യുമ്പോള്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ എത്തുന്ന പണത്തിന്‍റെ അളവ് കൂടുന്നതായും' അക്രം കൂട്ടിച്ചേര്‍ത്തു.

മുന്‍താരങ്ങളെ പരിശീലകരായി കൂടെക്കൂട്ടുന്നത് ഇന്ത്യന്‍ താരങ്ങള്‍ക്ക് ഗുണം ചെയ്യുന്നതായും അക്രം പറയുന്നു. 'ഐപിഎല്ലില്‍ മിക്ക താരങ്ങള്‍ക്കും പ്രവീണ്‍ ആമ്രെയെ പോലുള്ള പ്രത്യേക പരിശീലകരുണ്ട്. മികച്ച പരിശീലകരാകാന്‍ കഴിയുന്ന മുന്‍ താരങ്ങളാണിവര്‍, ഏറെ ആത്മവിശ്വാസത്തോടെയാണ് താരങ്ങള്‍ കളിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ രീതി തന്നെ വ്യത്യസ്തമാണ്' എന്നും അക്രം വ്യക്തമാക്കി. 

ഐപിഎല്ലില്‍ പ്രവര്‍ത്തിച്ചു പരിചയമുള്ളയാളാണ് വസീം അക്രം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ ബൗളിംഗ് പരിശീലകനായിരുന്നു അക്രം. അതേസമയം പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിലും മുന്‍താരം പ്രവര്‍ത്തിച്ചിട്ടുണ്ട്. ജസ്‌പ്രീത് ബുമ്ര, ഹര്‍ദിക് പാണ്ഡ്യ, ദീപക് ചഹാര്‍, റിഷഭ് പന്ത് തുടങ്ങി ഒട്ടേറെ യുവതാരങ്ങള്‍ ഇന്ത്യന്‍ സീനിയര്‍ ടീമില്‍ എത്തിയത് ഐപിഎല്ലിലൂടെയാണ്. ഐപിഎല്‍ 2020 സെപ്റ്റംബര്‍-നവംബര്‍ മാസങ്ങളിലായി യുഎഇയില്‍ നടക്കും. 

ഐപിഎല്‍ തീയതിയില്‍ വീണ്ടും ട്വിസ്റ്റിന് സാധ്യത; ഫൈനൽ മാറ്റിയേക്കും; അങ്ങനെയെങ്കില്‍ ചരിത്രം    

click me!