മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ മോശം ക്യാപ്റ്റന്‍സി; പാക് നായകന്‍ അസര്‍ അലിക്കെതിരെ വസിം അക്രം

By Web TeamFirst Published Aug 9, 2020, 1:39 PM IST
Highlights

277 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് മൂന്ന് വിക്കറ്റിന്‍െ വിജയം സ്വന്തമാക്കുകയായിരുന്നു. ഒരുഘട്ടത്തിന് അഞ്ചിന് 117 എന്ന നിലയില്‍ തകര്‍ച്ചയെ നേരിടുകയായിരുന്നു ഇംഗ്ലണ്ട്.

മാഞ്ചസ്റ്റര്‍: പാകിസ്ഥാന്‍ ക്രിക്കറ്റ് ആരാധകരെ നിരാശരാക്കുന്നാതായിരുന്നു മാഞ്ചസ്റ്റര്‍ ടെസ്റ്റിലെ ഫലം. ഇംഗ്ലണ്ടിനെതിരെ ജയിക്കാന്‍ സാധ്യതയുണ്ടായിരുന്നിട്ടും പാകിസ്ഥാന് തോല്‍വി സമ്മതിക്കേണ്ടിവന്നു. 277 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് മൂന്ന് വിക്കറ്റിന്‍െ വിജയം സ്വന്തമാക്കുകയായിരുന്നു. ഒരുഘട്ടത്തിന് അഞ്ചിന് 117 എന്ന നിലയില്‍ തകര്‍ച്ചയെ നേരിടുകയായിരുന്നു ഇംഗ്ലണ്ട്. എന്നാല്‍ ജോസ് ബട്‌ലര്‍ (75), ക്രിസ് വോകസ് (84) എന്നിവരുടെ ഇന്നിങ്‌സ്് ആതിഥേയരെ വിജയത്തിലേക്ക് നയിച്ചു.

ഇതോടെ ക്യാപ്റ്റന്‍ അസര്‍ അലിക്കെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്. മുന്‍ നായകന്‍ വസിം അക്രമാണ് ആദ്യം രംഗത്തെത്തിയത്. മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ക്യാപ്റ്റന് പലപ്പോഴും എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ലായിരുന്നുവെന്ന് അക്രം പറഞ്ഞു. മുന്‍താരം തുടര്‍ന്നു... ''തീര്‍ച്ചയായും ഈ തോല്‍വി പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിനേയും ആരാധകരേയും നിരാശരാക്കും. ജയവും തോല്‍വിയും ക്രിക്കറ്റിന്റെ ഭാഗമാണ്. എന്നാല്‍ പറയാതിരിക്കാന്‍ വയ്യ. 

ഞങ്ങളുടെ ക്യാപ്റ്റന്‍ ടെസ്റ്റില്‍ പലപ്പോഴായി തന്ത്രങ്ങള്‍ മറന്നിരുന്നു. ടീമിനെ നയിക്കുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടു. ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനെ 219 ഒതുക്കിയ പാക് ബൗളര്‍മാര്‍ക്ക് വോക്‌സിനെ പുറത്താക്കാനായില്ലെന്നുള്ളതില്‍ അത്ഭുതം തോന്നുന്നു. വോക്‌സ് ബാറ്റിങ് ആരംഭിച്ചപ്പോള്‍ ബൗണ്‍സറുകളും ഷോര്‍ട്ട് പന്തുകളും പാക് പേസര്‍മാര്‍ മറുന്നു. 

ഇംഗ്ലീഷ് ബാറ്റ്‌സ്മാന്മാരെ സുഖകരമായി ബാറ്റ് ചെയ്യാന്‍ അനുവദിക്കുകയായിരുന്നു പാക് ബൗളര്‍മാര്‍. ഇക്കാര്യം ക്യാപ്റ്റന്‍ ബോധ്യപ്പെടുത്തണമായിരുന്നു. എന്നാല്‍ അതുണ്ടായില്ല.'' അക്രം വ്യക്തമാക്കി.

യുവബൗളര്‍മാരെ ശരിയായ രീതിയില്‍ ഉപയോഗിച്ചില്ലെന്നും അക്രം പറഞ്ഞു. ''രണ്ടാം ഇന്നിങ്‌സില്‍ 28.1 ഓവറുകളാണ് നസീം ഷായും ഷഹീന്‍ അഫ്രീദിയും എറിഞ്ഞത്. എന്നാല്‍ ഒരാള്‍ക്ക് മാത്രം 18-20 ഓവറുകള്‍ വീതം കൊടുക്കണമായിരുന്നു.'' അക്രം പറഞ്ഞുനിര്‍ത്തി.

click me!