വോക്‌സ്- ബട്‌ലര്‍ നയിച്ചു; പാകിസ്ഥാനെതിരെ ഒന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ത്രസിപ്പിക്കുന്ന ജയം

By Web TeamFirst Published Aug 9, 2020, 12:20 AM IST
Highlights

പാകിസ്ഥാനെതിരായ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ത്രസിപ്പിക്കുന്ന ജയം. തോല്‍വി മുന്നില്‍ കണ്ടിരുന്ന ഇംഗ്ലണ്ടിനെ ക്രിസ് വോക്‌സ് (പുറത്താവാതെ 84), ജോസ് ബട്‌ലര്‍ (75) എന്നിവരാണ് വിജയത്തിലേക്ക് നയിച്ചത്.

മാഞ്ചസ്റ്റര്‍: പാകിസ്ഥാനെതിരായ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ത്രസിപ്പിക്കുന്ന ജയം. തോല്‍വി മുന്നില്‍ കണ്ടിരുന്ന ഇംഗ്ലണ്ടിനെ ക്രിസ് വോക്‌സ് (പുറത്താവാതെ 84), ജോസ് ബട്‌ലര്‍ (75) എന്നിവരാണ് വിജയത്തിലേക്ക് നയിച്ചത്. 276 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ അതിഥേയരുടെ മുന്‍നിര പരാജയപ്പെട്ടെങ്കിലും അവസാനദിനം വോക്‌സ്- ബട്‌ലര്‍ കൂട്ടുകെട്ട് വിജയത്തിലേക്ക് നയിക്കുകയായിരുന്നു. സ്‌കോര്‍: പാകിസ്ഥാന്‍ 326 & 169, ഇംഗ്ലണ്ട്: 219 & 277/7. ടെസ്റ്റില്‍ ഒന്നാകെ 103 റണ്‍സ് നേടുകയും നാല് വിക്കറ്റ് വീഴ്ത്തുകയും ചെയ്ത വോക്‌സാണ് മാന്‍ ഓഫ് ദ മാച്ച്. 

വിജയത്തിലേക്കുള്ള യാത്രയ്ക്കിടെ ഇംഗ്ലണ്ട് അഞ്ചിന് 117 എന്ന നിലയിലേക്ക് വീണു. റോറി ബേണ്‍സ് (10), ഡൊമിനിക് സിബ്ലി (36), ജോ റൂട്ട് (42), ബെന്‍ സ്‌റ്റോക്‌സ് (9), ഓലി പോപ്പ് (7) എന്നിവരുടെ വിക്കറ്റുകളാണ് ഇത്രയും റണ്‍സിനിടെ ഇംഗ്ലണ്ടിന് നഷ്ടമായത്. പിന്നീട് ഒത്തുച്ചേര്‍ന്ന വോക്‌സ്- ബട്‌ലര്‍ സഖ്യത്തിന്റെ 139 റണ്‍സാണ് ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ചത്. 120 പന്തില്‍ 10 ഫോറിന്റെ സഹായത്തോടെയാണ് വോക്‌സ് 84 റണ്‍സെടുത്തത്. ബട്‌ലര്‍ 107 പന്തില്‍ ഏഴ് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെയാണ് 75 റണ്‍സെടുത്തത്. ബട്‌ലറേയും  സ്റ്റുവര്‍ട്ട് ബ്രോഡിനേയും (7) യാസിര്‍ ഷാ മടക്കിയെങ്കിലും വോക്‌സ് ആതിഥേയരെ വിജയത്തിലേക്ക് നയിച്ചു.

നേരത്തെ പാകിസ്ഥാന്റെ രണ്ടാം ഇന്നിങ്‌സ് 169ന് അവസാനിച്ചിരുന്നു. എട്ടിന് 137 എന്ന നിലയിലാണ് പാകിസ്ഥാന്‍ അഞ്ചാം ദിനം ആരംഭിച്ചത്. 31 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ സന്ദര്‍ശകര്‍ക്ക് ശേഷിക്കുന്ന വിക്കറ്റുകള്‍ കൂടെ നഷ്ടമായി. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ബ്രോഡ്, രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ക്രിസ് വോക്‌സ്, ബെന്‍ സ്‌റ്റോക്‌സ് എന്നിവരാണ് പാകിസ്ഥാന്റെ തകര്‍ച്ച വേഗത്തിലാക്കിയത്. 33 റണ്‍സ് നേടിയ യാസിര്‍ ഷാ ആയിരുന്നു പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍.

ഒന്നാം ഇന്നിങ്‌സില്‍ 107 റണ്‍സിന്റെ ലീഡായിരുന്നു ഇംഗ്ലണ്ട് വഴങ്ങിയത്. ഷാന്‍ മസൂദിന്റെ (156) സെഞ്ചുറി കരുത്തില്‍ 326 നേടിയ പാകിസ്ഥാന്‍ ഇംഗ്ലണ്ടിനെ 219ന് പുറത്താക്കുകയായിരുന്നു.

click me!