ഐപിഎല്ലില്‍ കണ്ട ആളല്ല ഇപ്പോള്‍, ഏറെ മെച്ചപ്പെട്ടു; ഉമ്രാന്‍ മാലിക്കിനെ വാഴ്‌‌ത്തി വസീം ജാഫര്‍

By Web TeamFirst Published Jan 8, 2023, 4:57 PM IST
Highlights

രാജ്‌കോട്ടില്‍ ഇന്നലെ നടന്ന ഇന്ത്യ-ശ്രീലങ്ക മൂന്നാം ട്വന്‍റി 20യില്‍ മൂന്ന് ഓവര്‍ എറിഞ്ഞ ഉമ്രാന്‍ മാലിക് 31 റണ്‍സിന് രണ്ട് വിക്കറ്റ് നേടിയിരുന്നു

രാജ്‌കോട്ട്: ഇന്ത്യയുടെ അതിവേഗ പേസര്‍ ഉമ്രാന്‍ മാലിക്കിനെ പ്രശംസ കൊണ്ട് മൂടി മുന്‍ താരം വസീം ജാഫര്‍. ഉമ്രാന്‍ കൂടുതല്‍ മികവ് കൈവരിക്കുന്നതായും അദേഹത്തിന്‍റെ വിക്കറ്റ് എടുക്കാനുള്ള മികവിനെ അനുമോദിക്കുന്നതായും ജാഫര്‍ പറഞ്ഞു. 

'ഉമ്രാന്‍ മാലിക് പുരോഗതി നേടുന്നുണ്ട് എന്നാണ് മനസിലാക്കുന്നത്. ഐപിഎല്‍ മുതല്‍ കാണുന്ന കളി പരിശോധിച്ചാല്‍ അധികം വേരിയേഷനുകളോ സ്ലോ ബോളുകളോ ഇല്ലാത്തതിനാല്‍ ഉമ്രാന്‍ മാലിക് റണ്‍സ് വഴങ്ങുന്നുണ്ട്. 145-150 കിലോമീറ്റര്‍ വേഗത്തില്‍ പന്തെറിയുമ്പോള്‍ വേഗക്കുറവുള്ള പന്തുകള്‍ കൊണ്ടും ചിലപ്പോള്‍ ബാറ്റര്‍മാരെ കീഴ്‌പ്പെടുത്താവുന്നതാണ്. പേസ് ബൗളിംഗിനെ ഉപയോഗപ്പെടുത്താന്‍ ബാറ്റര്‍മാര്‍ വളരെ സ്‌മാര്‍ട്ടാണ്. എന്നാല്‍ ഉമ്രാന്‍റെ ലൈനും ലെങ്‌തും പുരോഗതി കൈവരിക്കുന്നുണ്ട്. വിക്കറ്റ് നേടാനാകുന്നു. റണ്‍സേറെ വഴങ്ങുമ്പോഴും നിര്‍ണായക വിക്കറ്റുകള്‍ നേടുന്നു. ഐപിഎല്ലില്‍ നിന്ന് വളര്‍ച്ച താരത്തിന്‍റെ ബൗളിംഗില്‍ ഇപ്പോള്‍ കാണാം' എന്നും വസീം ജാഫര്‍ ഇഎസ്‌പിഎന്‍ ക്രിക്‌ഇന്‍ഫോയോട് പറഞ്ഞു. 

രാജ്‌കോട്ടില്‍ ഇന്നലെ നടന്ന ഇന്ത്യ-ശ്രീലങ്ക മൂന്നാം ട്വന്‍റി 20യില്‍ മൂന്ന് ഓവര്‍ എറിഞ്ഞ ഉമ്രാന്‍ മാലിക് 31 റണ്‍സിന് രണ്ട് വിക്കറ്റ് നേടിയിരുന്നു. മുംബൈയിലെ ആദ്യ ടി20യില്‍ നാല് ഓവറില്‍ 27ന് രണ്ടും പൂനെയിലെ രണ്ടാം മത്സരത്തില്‍ 48 റണ്ണിന് മൂന്നും വിക്കറ്റ് ഉമ്രാന്‍ പേരിലാക്കിയിരുന്നു. രാജ്‌കോട്ടിലെ അവസാന മത്സരം 91 റണ്‍സിന് ജയിച്ച ഇന്ത്യ ടി20 പരമ്പര 2-1ന് സ്വന്തമാക്കിയിരുന്നു. 

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ മിന്നും പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലാണ് ഉമ്രാന്‍ മാലിക് ഇന്ത്യന്‍ ടീമിലെത്തിയത്. ഐപിഎല്‍ 17 മത്സരങ്ങളുടെ പരിചയസമ്പത്തുള്ള താരത്തിന് 24 വിക്കറ്റുണ്ട്. തുടര്‍ച്ചയായി 150 കിലോമീറ്റര്‍ വേഗത്തില്‍ പന്തെറിയാന്‍ കഴിയുന്നതായിരുന്നു ഉമ്രാന്‍ സവിശേഷത. ഇന്ത്യക്കായി അഞ്ച് ഏകദിനങ്ങളില്‍ ഏഴും 6 രാജ്യാന്തര ട്വന്‍റി 20കളില്‍ 9 വിക്കറ്റും ഉമ്രാന്‍ പേരിലാക്കി. 

രോഹിത്തും കോലിയും അറിയുന്നുണ്ടോ; സ്വപ്‌ന റെക്കോര്‍ഡ് 'സ്കൈ' തകര്‍ക്കാനായി, അതും പാതിപോലും മത്സരം കളിക്കാതെ

click me!