രാജ്യാന്തര ട്വന്‍റി 20യില്‍ സൂര്യകുമാറിന് വെറും 45 മത്സരങ്ങളില്‍ ഇതിനകം 10 മാന്‍ ഓഫ് ദ് മാച്ച് പുരസ്‌കാരങ്ങളായി

രാജ്‌കോട്ട്: 2021 മാര്‍ച്ച് 14 ഇന്ത്യന്‍ ക്രിക്കറ്റിന് ഒരു സൂപ്പര്‍ താരത്തെ ലഭിച്ച ദിവസമാണ്. ഐപിഎല്ലിലെ നീണ്ട കാത്തിരിപ്പിനൊടുവില്‍ സൂര്യകുമാര്‍ യാദവ് ഇന്ത്യന്‍ കുപ്പായത്തില്‍ ട്വന്‍റി 20 അരങ്ങേറ്റം കുറിച്ചത് അന്നായിരുന്നു. അരങ്ങേറി രണ്ട് വര്‍ഷം തികയും മുമ്പേ സൂര്യകുമാറിന്‍റെ കണക്കുകള്‍ രാജ്യാന്തര ക്രിക്കറ്റില്‍ അത്ഭുതപ്പെടുത്തുകയാണ്. വിരാട് കോലിയും രോഹിത് ശര്‍മ്മയും കളിച്ചതിന്‍റെ പാതി പോലും ടി20 കളിക്കാത്ത സ്കൈ ഇരുവരുടേയും ഒരു റെക്കോര്‍ഡ് പൊട്ടിക്കാന്‍ തയ്യാറെടുത്താണ് കുതിക്കുന്നത്. 

രാജ്യാന്തര ട്വന്‍റി 20യില്‍ സൂര്യകുമാറിന് വെറും 45 മത്സരങ്ങളില്‍ ഇതിനകം 10 മാന്‍ ഓഫ് ദ് മാച്ച് പുരസ്‌കാരങ്ങളായി. അതേസമയം 115 മത്സരങ്ങള്‍ കളിച്ച വിരാട് കോലിക്ക് 15 ഉം 148 കളികളില്‍ രോഹിത് ശര്‍മ്മയ്ക്ക് 12 ഉം പുരസ്‌കാരങ്ങള്‍ മാത്രമാണുള്ളത്. സൂര്യ ഈ കുതിപ്പ് തുടര്‍ന്നാല്‍ ബാക്കി ചരിത്രം എന്താകുമെന്ന് ക്രിക്കറ്റ് ലോകത്തിന് അനായാസം ഊഹിക്കാവുന്നതേയുള്ളൂ. 45 രാജ്യാന്തര ടി20കളില്‍ മൂന്ന് സെഞ്ചുറിയും 13 അര്‍ധ സെഞ്ചുറികളും സഹിതം 1578 റണ്‍സാണ് സ്കൈയുടെ സമ്പാദ്യം. 46.41 ആണ് ബാറ്റിംഗ് ശരാശരിയെങ്കില്‍ സ്ട്രൈക്ക് റേറ്റ് 180.34 ഉണ്ട്. 

ഇന്നലെ രാജ്‌കോട്ടില്‍ നടന്ന ശ്രീലങ്കയ്ക്ക് എതിരായ മൂന്നാം ട്വന്‍റി 20യില്‍ സൂര്യകുമാര്‍ യാദവ് 51 പന്തില്‍ പുറത്താകാതെ 112 റണ്‍സ് നേടിയിരുന്നു. ഏഴ് ഫോറും 9 സിക്‌സറും സഹിതമാണിത്. ഇതോടെ 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 228 റണ്‍സെടുത്തിരുന്ന ഇന്ത്യ. മറുപടി ബാറ്റിംഗില്‍ ലങ്കയെ 16.4 ഓവറില്‍ 137ല്‍ ചുരുട്ടിക്കെട്ടി ഇന്ത്യ 91 റണ്‍സിന്‍റെ ജയം രാജ്‌കോട്ടില്‍ സ്വന്തമാക്കി. ഇതോടെ ഹാര്‍ദിക് പാണ്ഡ്യയുടെ നായകത്വത്തില്‍ 2-1ന് പരമ്പര ഇന്ത്യ സ്വന്തമാക്കുകയും ചെയ്തു. സൂര്യകുമാര്‍ യാദവ് രാജ്‌കോട്ടിലെയും അക്‌സര്‍ പട്ടേല്‍ പരമ്പരയുടേയും താരമായി തെരഞ്ഞെടുക്കപ്പെട്ടു. 

സീനിയേഴ്‌സ് കൂട്ടത്തോടെ തിരിച്ചെത്തുന്നു, യുവാക്കളെ ഒഴിവാക്കാനും വയ്യ; ടീം സെലക്ഷനില്‍ തലപുകഞ്ഞ് രോഹിത്