
സെന്‍റ് കിറ്റ്സ്: ഫുട്ബോള്‍ മാതൃകയില്‍ ക്രിക്കറ്റിലും റെഡ‍് കാര്‍ഡ് രംഗപ്രവേശം ചെയ്‌തിരിക്കുകയാണ്. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സ്- സെന്‍റ് കിറ്റ്സ് മത്സരത്തിലാണ് അംപയര്‍ ചുവപ്പ് കാര്‍ഡ് കീശയില്‍ നിന്ന് പുറത്തെടുത്തത്. ഇതോടെ ട്രിന്‍ബാഗോയുടെ സ്റ്റാര്‍ സ്‌പിന്നര്‍ സുനില്‍ നരെയ്‌ന് മൈതാനത്തിന് പുറത്തുപോകേണ്ടിവന്നു. ടീമിന്‍റെ വീഴ്‌ചയ്‌ക്കാണ് ശിക്ഷാനടപടി എങ്കിലും സിപിഎല്ലില്‍ റെഡ് കാര്‍ഡ് കണ്ട് പുറത്താകുന്ന ആദ്യ താരം എന്ന നാണക്കേട് ഇതോടെ നരെയ്‌ന്‍റെ പേരിലായി.
സ്ലോ ഓവര്‍ റേറ്റിന് തടയിടാന്‍ കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ അവതരിപ്പിച്ചിരിക്കുന്ന പുതിയ നിയമമാണ് റെഡ് കാര്‍ഡ്. നിയമം ഈ സീസണില്‍ നടപ്പാക്കുമെന്ന് സിപിഎല്‍ അധികൃതര്‍ ഈ മാസം ആദ്യം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം നടന്ന ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സ്- സെന്‍റ് കിറ്റ്സ് മത്സരത്തില്‍ അംപയര്‍ റെഡ് കാര്‍ഡ് പുറത്തെടുത്തു. കുറഞ്ഞ ഓവര്‍ നിരക്കിന് ട്രിന്‍ബാഗോ ടീമിനെതിരെയായിരുന്നു അംപയറുടെ നടപടി. ഇതോടെ സ്റ്റാര്‍ സ്‌പിന്നര്‍ സുനില്‍ നരെയ്‌നെ ബഞ്ചിലേക്ക് മടക്കിയയക്കാന്‍ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റന്‍ കീറോണ്‍ പൊള്ളാര്‍ഡ് നിര്‍ബന്ധിതനായി.
എന്താണ് റെഡ് കാര്‍ഡ് നിയമം
കുറഞ്ഞ ഓവര്‍ നിരക്കിനെതിരെയുള്ള നിയമമാണ് ചുവപ്പ് കാര്‍ഡ് എന്ന് നേരത്തെ സൂചിപ്പിച്ചുവല്ലോ. കരീബിയന്‍ പ്രീമിയര്‍ ലീഗിലെ നിയമപ്രകാരം ഇന്നിംഗ്‌സിലെ 20-ാം ഓവര്‍ തുടങ്ങും മുമ്പ് ബൗളിംഗ് ടീം ഓവര്‍ റേറ്റില്‍ വീഴ്‌ച വരുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കും. 85 മിനുറ്റാണ് ഒരു ഇന്നിംഗ്‌സ് പൂര്‍ത്തിയാക്കാന്‍ അനുവദിച്ചിട്ടുള്ള സമയം. ഇത് പ്രകാരം ഓരോ ഓവറും എറിയാനായി ബൗളിംഗ് ടീമിന് അനുവദിച്ചിരിക്കുന്ന സമയം നാല് മിനുറ്റും 15 സെക്കന്‍ഡുമാണ്. ഈ കണക്ക് വച്ച് നോക്കിയാല്‍ 19 ഓവര്‍ 80 മിനുറ്റും 45 സെക്കന്‍ഡും സമയം കൊണ്ട് ബൗളിംഗ് ടീം പൂര്‍ത്തിയാക്കിയിരിക്കണം. ഇല്ലെങ്കില്‍ ഫീല്‍ഡിംഗ് ടീമിനെതിരെ അംപയര്‍ റെഡ് കാര്‍ഡ് ഉയര്‍ത്തും. ഇങ്ങനെ റെഡ് കാര്‍ഡ് ഉയര്‍ത്തിയാല്‍ ഏത് താരമാകും പുറത്ത് പോകേണ്ടിവരിക എന്ന സംശയം എല്ലാവര്‍ക്കും സ്വാഭാവികമായും കാണും. ബൗളിംഗ് ടീമിന്‍റെ നായകന് തന്‍റെ ടീമിലെ ഏതെങ്കിലും ഒരു താരത്തെ തിരിച്ചയക്കാം. ഇയാള്‍ക്ക് അവസാന ഓവറിലെ ആറ് പന്തും മിസ്സാവും എന്ന് മാത്രമല്ല, പകരം ഫീല്‍ഡര്‍ ഇറങ്ങാനും പാടില്ല. ഇതോടെ 10 പേര്‍ മാത്രമായി ബൗളിംഗ് ടീം ചുരുങ്ങും. ചുവപ്പ് കാര്‍ഡ് കിട്ടിക്കഴിഞ്ഞാല്‍ പിന്നെ അവസാന ഓവറില്‍ രണ്ടേ രണ്ട് ഫീല്‍ഡറെ മാത്രമേ 30 വാരയ്‌ക്ക് പുറത്ത് ഫീല്‍ഡ് ചെയ്യിക്കാനാകൂ എന്ന നിയമവും ബൗളിംഗ് ടീമിന് തിരിച്ചടിയാണ്.
സിപിഎല്ലില്‍ നടന്ന മത്സരത്തില്‍ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സ് ഓവര്‍ റേറ്റില്‍ വീഴ്‌ച വരുത്തിയെന്ന് വ്യക്തമായതോടെ 20-ാം ഓവറിന് മുമ്പ് അംപയര്‍ മത്സരം നിര്‍ത്തിവയ്‌ക്കുകയും റെഡ് കാര്‍ഡ് ഉയര്‍ത്തുകയും ചെയ്തു. ഇതോടെ സുനില്‍ നരെയ്‌നോട് പുറത്തുപോകാന്‍ ക്യാപ്റ്റന്‍ കീറോണ്‍ പൊള്ളാര്‍ഡ് നിര്‍ദേശിക്കുകയായിരുന്നു. മത്സരത്തില്‍ നാല് ഓവര്‍ ഇതിനകം എറിഞ്ഞിരുന്ന നരെയ്‌ന്‍ 24 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് പേരെ പുറത്താക്കി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!