
മുംബൈ: ടി20 ലോകകപ്പിന്‍റെ രണ്ടാം സെമിയിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് തകർപ്പൻ തുടക്കമിട്ട് മലയാളി താരം സഞ്ജു സാംസണ്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കായി ഇന്നിംഗ്‌സ് ഓപ്പൺ ചെയ്ത സഞ്ജു സാംസണ് ഇംഗ്ലീഷ് ക്യാപ്റ്റൻ ഹാരി ബ്രൂക്ക് നൽകിയ 'ലൈഫ്' ആണ് മത്സരത്തില്‍ വഴിത്തിരിവായത്.
ഇന്ത്യൻ ഇന്നിംഗ്‌സിന്‍റെ മൂന്നാം ഓവറിലായിരുന്നു സഞ്ജുവിനെ ബ്രൂക്ക് കൈവിട്ടത്. ജോഫ്ര ആർച്ചർ എറിഞ്ഞ ഓവറിലെ രണ്ടാം പന്തിൽ സഞ്ജു നൽകിയ അനായാസ ക്യാച്ച് മിഡ് ഓണിൽ ഹാരി ബ്രൂക്ക് കൈവിട്ടത് അവിശ്വനീയതയോടെയാണ് ആരാധകര്‍ കണ്ടത്. 15 റൺസായിരുന്നു അപ്പോൾ സഞ്ജുവിന്‍റെ വ്യക്തിഗത സ്കോര്‍. ജീവൻ കിട്ടിയതിന് പിന്നാലെ അതേ ഓവറിലെ നാലാം പന്ത് സിക്സറിലേക്കും അവസാന പന്ത് ബൗണ്ടറിയിലേക്കും പായിച്ച് സഞ്ജു വാങ്കഡെയെ ഇളക്കിമറിച്ചു. പിന്നീട് അവസരമൊന്നും നല്‍കാതെ തകര്‍ത്തടിച്ച സഞ്ജു 26 പന്തില്‍ ലോകകപ്പിലെ തുടര്‍ച്ചയായ രണ്ടാം അര്‍ധസെഞ്ചുറിയിലെത്തി.
അര്‍ധസെഞ്ചുറിക്ക് ശേഷവും തകര്‍ത്തടിച്ച സഞ്ജു ജോഫ്ര ആര്‍ച്ചറെ രണ്ടാം വരവിലും നിലം തൊടീച്ചില്ല. ആര്‍ച്ചര്‍ എറിഞ്ഞ പതിമൂന്നാം ഓവറില്‍ തുടര്‍ച്ചയായി രണ്ട് സിക്സുകള്‍ കൂടി പറത്തി 89 റണ്‍സിലെത്തിയ സഞ്ജു വില്‍ ജാക്സിന്‍റെ അടുത്ത ഓവറില്‍ മറ്റൊരു കൂറ്റന്‍ ഷോട്ടിന് ശ്രമിച്ച് പുറത്തായത് ആരാധകര്‍ക്ക് നിരാശയായി. അര്‍ഹിച്ച സെഞ്ചുറി തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സഞ്ജുവിന് കൈയകലത്തില്‍ നഷ്ടമായത് മാത്രം ആരാധകര്‍ക്ക് നിരാശയായി. എട്ട് ഫോറും ഏഴ് സിക്സും പറത്തിയ സഞ്ജു 42 പന്തില്‍ 89 റണ്‍സെടുത്താണ് പുറത്തായത്. കഴിഞ്ഞ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ 50 പന്തിൽ 97 റൺസുമായി പുറത്താകാതെ നിന്ന സഞ്ജു ആ ഫോം ഇംഗ്ലണ്ടിനെതിരെയും തുടരുകയായിരുന്നു.
സഞ്ജു തകര്‍ത്തടിച്ചപ്പോഴും യുവതാരം അഭിഷേക് ശർമ ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി. രണ്ടാം ഓവർ എറിയാനെത്തിയ ഓഫ് സ്പിന്നർ വിൽ ജാക്സിനെ സിക്സറിന് ശ്രമിച്ച അഭിഷേകിനെ ഫിൽ സാൾട്ട് പിടികൂടി. 7 പന്തിൽ 9 റൺസെടുത്താണ് അഭിഷേക് മടങ്ങിയത്. ലോകകപ്പില്‍ സിംബാബ്‌വെക്കെതിരെ നേടിയ ഒരേയൊരു അര്‍ധസെഞ്ചുറി മാത്രമാണ് അഭിഷേകിന്‍റെ എടുത്തുപറയാവുന്ന പ്രകടനം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!