
മുംബൈ: ഐപിഎൽ പത്തൊമ്പതാം സീസണിലെ ആദ്യ പോരാട്ടത്തിനായി മുംബൈ ഇന്ത്യൻസ് തയ്യാറെടുക്കുന്നതിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി നായകൻ ഹാർദിക് പാണ്ഡ്യയുടെ ആഢംബര കാറിന്‍റെ വീഡിയോ. 12 കോടി രൂപയുടെ തന്‍റെ പുത്തൻ ഫെരാരി കാറിൽ മുംബൈയിലൂടെ സഞ്ചരിക്കുന്നതിനിടെ സ്പീഡ് ബ്രേക്കർ മറികടക്കാൻ ഹാർദിക് പാടുപെടുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
സ്പോർട്സ് കാറുകളുടെ പ്രത്യേകതയായ 'ലോ ഗ്രൗണ്ട് ക്ലിയറൻസ്' ആണ് ഹാർദിക്കിന് വിനയായത്. സാധാരണ കാറുകളെപ്പോലെ നേരിട്ട് സ്പീഡ് ബ്രേക്കർ കയറ്റിയാൽ കാറിന്‍റെ അടിഭാഗം തട്ടാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രതയോടെയാണ് ഹാർദിക് വാഹനം ഓടിച്ചത്. കാറിന് കേടുപാടുകൾ സംഭവിക്കാതിരിക്കാൻ ക്രോസ് ആംഗിളിൽ വളരെ സാവധാനം കാർ വെട്ടിച്ചാണ് അദ്ദേഹം തടസം മറികടന്നത്.
സ്പീഡ് ബ്രേക്കറിലെ കടമ്പ കടന്നതിന് ശേഷം ഹാർദിക് അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരെ കണ്ട് കാർ നിർത്തിയ ഹാർദിക്, അവർക്ക് ഹസ്തദാനം നൽകുകയും വിശേഷങ്ങൾ പങ്കുവെക്കുകയും ചെയ്തു. മുംബൈ തെരുവുകളിൽ അപൂർവ്വമായി മാത്രം കാണാറുള്ള ലക്ഷ്വറി കാറിൽ തങ്ങളുടെ പ്രിയ താരം എത്തിയതിന്റെ ആവേശത്തിലായിരുന്നു ഉദ്യോഗസ്ഥരും.
ഇന്ന് വാംഖഡെ സ്റ്റേഡിയത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയാണ് മുംബൈയുടെ ആദ്യ മത്സരം. അഞ്ച് വർഷത്തെ കിരീട വരൾച്ച അവസാനിപ്പിക്കാനാണ് ഹാർദിക്കിന്‍റെ നേതൃത്വത്തിൽ മഞ്ഞപ്പട ഇന്ന് ഇറങ്ങുന്നത്. കഴിഞ്ഞ വർഷം ക്വാളിഫയർ 2-ൽ പഞ്ചാബ് കിംഗ്സിനോട് തോറ്റ് പുറത്തായ മുംബൈ, ഇത്തവണ സൂര്യകുമാർ യാദവ്, രോഹിത് ശർമ്മ, ജസ്പ്രീത് ബുംറ തുടങ്ങിയ വമ്പൻ താരനിരയുമായി ആറാം കിരീടമാണ് ലക്ഷ്യമിടുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!