
ധരംശാല: ഇംഗ്ലണ്ടിനെതിരായ അഞ്ചാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റില്‍ ആഗ്രഹിച്ച ടോസ് നഷ്ടമായിട്ടും ഇംഗ്ലണ്ടിനെ 218 റണ്‍സില്‍ ഓള്‍ ഔട്ടാക്കി ഗംഭീര തിരിച്ചുവരവാണ് ഇന്ത്യ നടത്തിയത്. ഓപ്പണിംഗ് വിക്കറ്റില്‍ സാക്ക് ക്രോളി-ബെന്‍ ഡക്കറ്റ് സഖ്യം ഇംഗ്ലണ്ടിനായി 64 റണ്‍സടിച്ചപ്പോഴും ക്യാപ്റ്റൻ രോഹിത് ശര്‍മയുടെ മുഖത്ത് സമ്മര്‍ദ്ദത്തിന്‍റെ ലാഞ്ജന പോലുമില്ലായിരുന്നു.
തുടക്കത്തില്‍ ബാസ്ബോള്‍ എടുത്ത് അട്ടത്തുവെച്ചാണ് ഇംഗ്ലീഷ് ഓപ്പണര്‍മാര്‍ തുടങ്ങിയത്. നല്ല തുടക്കം കിട്ടിയതോടെ ആത്മവിശ്വാസമേറിയ ഇംഗ്ലണ്ടിനെ കുല്‍ദീപ് യദവിന്‍റെ സ്പിന്‍ മികവിലാണ് ഇന്ത്യ പിടിച്ചു നിര്‍ത്തിയത്. ആദ്യ ദിനം ലഞ്ചിനുശേഷം ക്രോളിയെയും ഡക്കറ്റിനെയും പോപ്പിനെയും നഷ്ടമായെങ്കിലും 145-3 എന്ന ശക്തമായ നിലയിലായിരുന്നു ഇംഗ്ലണ്ട്.
സാക് ക്രോളി പുറത്തായശേഷം ക്രീസിലെത്തിയ നൂറാം ടെസ്റ്റ് കളിക്കുന്ന ജോണി ബെയര്‍സ്റ്റോ തകര്‍ത്തടിച്ചാണ് തുടങ്ങിയത്. ബെയര്‍സ്റ്റോയും റൂട്ടും ക്രീസില്‍ വേര് പിടിച്ചതോടെ രോഹിത് അപകടം മണത്തു, ഇതോടെ ബൗളിര്‍മാരെ മാാറി മാറി പരീക്ഷിച്ചും ഫീല്‍ഡിംഗിന് കൃത്യസ്ഥലത്ത് തന്നെ ആളുകളെ നിയോഗിച്ചും രോഹിത് ഇംഗ്ലണ്ടിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ നോക്കി.
ഇതിനിടെ ജോണി ബെയര്‍സ്റ്റോ ക്രീസില്‍ നില്‍ക്കുമ്പോള്‍ ഫോര്‍വേര്‍ഡ് ഷോര്‍ട്ട് ലെഗ്ഗില്‍ ഫീല്‍ഡ് ചെയ്യാനെത്തിയ സര്‍ഫറാസിനോട് കുറച്ചു കൂടി വലതുവശത്തേക്ക് മാാറി നില്‍ക്കാന്‍ രോഹിത് ആവശ്യപ്പെട്ടു. സര്‍ഫറാസ് മാറിയെങ്കിലും തൃപ്തനാവാതെ സ്ലിപ്പില്‍ നിന്ന് രോഹിത് സര്‍ഫറാസിന് അടുത്തെത്തി ചുമലില്‍ പിടിച്ച് ഫോര്‍വേര്‍ഡ് ഷോര്‍ട്ട് ലെഗ്ഗിലേക്ക് പിടിച്ചു നിര്‍ത്തി. ഇതുകണ്ട് സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന യശസ്വി ജയ്സ്വാള്‍ സ്വയം രണ്ടടി മുന്നോട്ട് കയറിയെങ്കിലും യശസ്വിക്ക് അടുത്തെത്തി ഒന്നു നോക്കിയ രോഹിത് കാലുകൊണ്ട് ഒരു വരവരച്ച് അവിടെ നില്‍ക്കാന്‍ പറഞ്ഞു. ക്യാപ്റ്റന്‍റെ കര്‍ശന നിര്‍ദേശം യുവതാരങ്ങള്‍ അക്ഷരംപ്രതി അനുസരിക്കുകയും ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക