റീപ്ലേകളില്‍ പന്ത് ക്രോളിയുടെ ബാറ്റിലും പാഡിലും തട്ടിയിരുന്നുവെന്ന് വ്യക്തമായതോടെ സര്‍ഫറാസ് നിരാശകൊണ്ട് മുഖം പൊത്തിയപ്പോള്‍ ഇളിഭ്യനായതിന്‍റെ ചിരിയായിരുന്നു ക്യാപ്റ്റന്‍ രോഹിത്തിന്‍റെ മുഖത്ത്.
ധരംശാല: ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ നല്ല തുടക്കത്തിനുശേഷം തകര്‍ന്നടിഞ്ഞ ഇംഗ്ലണ്ട് 218 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ അര്‍ഹിച്ച വിക്കറ്റ് നഷ്ടമായി ഇന്ത്യൻ സ്പിന്നര്‍ കുല്‍ദീപ് യാദവ്. ലഞ്ചിന് പിരിയുമ്പോള്‍ 100-2 എന്ന ഭേദപ്പെട്ട നിലയിലായിരുന്നു ഇംഗ്ലണ്ട്. ലഞ്ചിന് പിന്നാലെ ഓപ്പണര്‍ സാക്ക് ക്രോളിയെ കുല്‍ദീപിന്‍റെ പന്തില്‍ ഷോര്‍ട്ട് ലെഗ്ഗില്‍ സര്‍ഫറാസ് ഖാന്‍ കൈയിലൊതുക്കി.
പാഡിലും ബാറ്റിലും ഉരഞ്ഞ പന്ത് വിക്കറ്റ് കീപ്പറുടെ ഗ്ലൗസില്‍ തട്ടിത്തെറിച്ച് നേരെ ഷോര്‍ട്ട് ലെഗ്ഗില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന സര്‍ഫറാസിന്‍റെ കൈയിലേക്കാണ് പോകുകയായിരുന്നു. എല്‍ബിഡബ്ല്യുവാണെന്ന് കരുതി ഇന്ത്യൻ ഫീല്‍ഡര്‍മാര്‍ അപ്പീല്‍ ചെയ്തെങ്കിലും അമ്പയര്‍ നിഷേധിച്ചു. എന്നാല്‍ ഷോര്‍ട്ട് ലെഗ്ഗില്‍ ഫീല്‍ഡ് ചെയ്ത സര്‍ഫറാസ് അത് ക്യാച്ച് ഔട്ടാണെന്ന് വാദിച്ചു.
അതിനാല്‍ അമ്പയറുടെ തീരുമാനത്തെ ചോദ്യം ചെയ്ത് റിവ്യു എടുക്കാന്‍ സര്‍ഫറാസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ നിര്‍ബന്ധിക്കുകയും ചെയ്തു. എന്നാല്‍ ക്രോളി ക്യാച്ച് ഔട്ടാണെന്ന് സര്‍ഫറാസും ശുഭ്മാന്ഡ ഗില്ലും ഉറപ്പ് പറഞ്ഞിട്ടും ക്യാപ്റ്റന്‍ രോഹിത് ശര്‍മ വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറെലിന്‍റെ വാക്കുകേട്ട് റിവ്യു എടുത്തില്ല.
റീപ്ലേക കണ്ടപ്പോഴാണ് രോഹിത് ശരിക്കും ഞെട്ടിയത്. കുല്‍ദീപിന്‍റെ പന്ത് ക്രോളിയുടെ ബാറ്റിലും പാഡിലും തട്ടിയിരുന്നുവെന്ന് വ്യക്തമായതോടെ സര്‍ഫറാസ് നിരാശകൊണ്ട് മുഖം പൊത്തിയപ്പോള്‍ ഇളിഭ്യനായതിന്‍റെ ചിരിയായിരുന്നു ക്യാപ്റ്റന്‍ രോഹിത്തിന്‍റെ മുഖത്ത്. വിക്കറ്റിന് പിന്നില്‍ നിന്ന് പന്ത് വ്യക്തമായി കാണാന്‍ കഴിയാതിരുന്ന ജുറെലിന്‍റെ വാക്കു മാത്രം വിശ്വസിച്ച് റിവ്യു എടുക്കാതിരുന്ന രോഹിത്തിന്‍റെ തീരുമാനം മണ്ടത്തരമായിപ്പോയെന്ന അഭിപ്രായമാണ് ഭൂരിഭാഗം ആരാധകര്‍ക്കും. ഈ സമയം സാക് ക്രോളിയുടെ വ്യക്തിഗത സ്കോര്‍ 61 മാത്രമായിരുന്നു.
പിന്നീട് 18 റണ്‍സ് കൂടി കൂട്ടിച്ചേര്‍ന്ന ക്രോളിയെ കുല്‍ദീപ് തന്നെ അവിശ്വസനീയമായൊരു പന്തില്‍ ബൗള്‍ഡാക്കി. ഓഫ് സ്റ്റംപില്‍ പിച്ച് ചെയ്ത് അകത്തേക്ക് കുത്തിത്തിരിഞ്ഞ പന്തില്‍ ഫ്രണ്ട് ഫൂട്ട് ഡ്രൈവിന് ശ്രമിച്ച ക്രോളി ബൗള്‍ഡായി. 108 പന്തില്‍ 79 റണ്‍സാണ് ക്രോളി നേടിയത്. മത്സരത്തില്‍ കുല്‍ദീപ് ഇന്ത്യക്കായി അഞ്ച് വിക്കറ്റെടുത്തപ്പോള്‍ അശ്വിന്‍ നാലും ജഡേജ ഒരു വിക്കറ്റുമെടുത്തു.
