
ബെംഗളൂരു: പരിക്കിനെ തുടര്‍ന്ന് കാലില്‍ നടത്തിയ ശസ്‌ത്രക്രിയക്ക് ശേഷം പൂര്‍ണ ആരോഗ്യവാനാണെന്ന് തെളിയിക്കുന്ന പരിശീലന വീഡിയോയുമായി കെ എല്‍ രാഹുല്‍. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ പരിശീലനത്തിലുള്ള താരം കൂറ്റനടികള്‍ നടത്തുന്നത് വീഡിയോയില്‍ കാണാം. പരിക്ക് പൂര്‍ണമായി മാറിയെന്ന് വ്യക്തമാക്കുന്നതാണ് രാഹുല്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോ.
കാലിലെ ശസ്‌ത്രക്രിയക്ക് ശേഷം കെ എല്‍ രാഹുല്‍ എന്‍സിഎയില്‍ പൂര്‍ണ തോതില്‍ പരിശീലനം ആരംഭിച്ചുകഴിഞ്ഞു. ഏഷ്യാ കപ്പിനും ഏകദിന ലോകകപ്പിനും മുമ്പ് ടീം ഇന്ത്യക്ക് വലിയ ആശ്വാസം പകരുന്ന വാര്‍ത്തയാണിത്. ഏകദിന ലോകകപ്പില്‍ കെ എല്‍ രാഹുലായിരിക്കും ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പര്‍ എന്ന സൂചന നേരത്തെ പുറത്തുവന്നിരുന്നു. യോയോ ടെസ്റ്റ് കൂടി വിജയിച്ച് 100 ശതമാനം ഫിറ്റ്‌നസ് തെളിയിച്ചാല്‍ രാഹുലിന് ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിവരാം. ഇതോടെ ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍ എന്നിവര്‍ക്ക് രണ്ടാം വിക്കറ്റ് കീപ്പറായോ സ്‌പെഷ്യലിസ്റ്റ് ബാറ്ററായോ മാത്രമേ സ്‌ക്വാഡില്‍ ഇടംപിടിക്കാനാകൂ. ഇഷാനെ മൂന്നാം ഓപ്പണറായും സഞ്ജുവിനെ മധ്യനിര ബാറ്ററായും ടീം ഉപയോഗിക്കാനുള്ള സാധ്യതയാണ് മുന്നിലുള്ളത്.
കാണാം രാഹുലിന്‍റെ ബാറ്റിംഗ്
ഐപിഎല്‍ 2023 സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനായി കളിക്കവേയാണ് കെ എല്‍ രാഹുലിന്‍റെ കാലിന് പരിക്കേറ്റത്. ഫീല്‍ഡിംഗിനിടെ കാലിന് പരിക്കേറ്റ താരം പിന്നാലെ മുടന്തി മൈതാനം വിടുകയായിരുന്നു. ഇതിന് ശേഷം മെയ് മാസം ഇംഗ്ലണ്ടില്‍ താരം ശസ്‌ത്രക്രിയക്ക് വിധേയനായി. പിന്നാലെയാണ് ഫിറ്റ്‌നസ്, നെറ്റ്‌സ് പരിശീലനങ്ങള്‍ക്കായി താരത്തോട് ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ എത്തിച്ചേരാന്‍ ബിസിസിഐ നിര്‍ദേശിച്ചത്. വരാനിരിക്കുന്ന അയര്‍ലന്‍ഡ് പര്യടനത്തിലേക്ക് കെ എല്‍ രാഹുലിനെ പരിഗണിക്കുമോ എന്ന് വ്യക്തമല്ല. എങ്കിലും ഏഷ്യാ കപ്പ് സ്‌ക്വാഡില്‍ താരം ഉള്‍പ്പെടാനുള്ള എല്ലാ സാധ്യതയും മുന്നിലുണ്ട്.
Read more: സഞ്ജു സാംസണ്‍ വിക്കറ്റ് കീപ്പര്‍; ഇന്ത്യന്‍ ഏകദിന സാധ്യതാ ഇലവന്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം