
ലണ്ടൻ: ഐപിഎല്ലില്‍ ഗുജറാത്ത് കുപ്പായത്തില്‍ നിറം മങ്ങിയ അഫ്ഗാനിസ്ഥാന്‍ സ്പിന്നര്‍ റാഷിദ് ഖാന് ഇംഗ്ലണ്ടിലെ ഹണ്ട്രഡിലും അടിയോട് അടി. റാഷിദ് ഖാന്‍റെ അഞ്ച് പന്തില്‍ മൂന്ന് സിക്സും രണ്ട് ഫോറും പറത്തിയ ലിയാം ലിവിംഗ്‌സ്റ്റണ്‍ 26 റണ്‍സാണ് കഴിഞ്ഞ ദിവസം അടിച്ചുകൂട്ടിയത്. ഓവല്‍ ഇന്‍വിസിബിളിനെതിരായ മത്സരത്തിലാണ് ബര്‍മിംഗ്ഹാം ഫിനിക്സിനുവേണ്ടിയാണ് ലിവിംഗ്‌സ്റ്റണ്‍ അടിച്ചു തകര്‍ത്തത്. 27 പന്തില്‍ 69 റണ്‍സടിച്ച ലിവിംഗ്‌സ്റ്റണിന്‍റെ ഇന്നിംഗ്സിന്‍റെ കരുത്തില്‍ ബര്‍മിംഗ്ഹാം ഫിനിക്സ് തകര്‍പ്പന്‍ ജയം നേടി.
മത്സരത്തിലെ പതിനാറാം ഓവര്‍ എറിയാനെത്തിയ റാഷിദിനെയാണ് ലിംവിംഗ്‌സ്റ്റണ്‍ നിലം തൊടാതെ പറത്തിയത്. റാഷിദിന്‍റെ ആദ്യ പന്ത് ബൗണ്ടറി കടത്തിയ ലിവിംഗ്‌സ്റ്റണ്‍ അടുത്ത മൂന്ന് പന്തും സിക്സിന് പറത്തി. അഞ്ചാമത്തെയും അവസാനത്തെയും പന്ത് വീണ്ടും ബൗണ്ടറി കടത്തിയാണ് ലിവിംഗ്‌സ്റ്റണ്‍ 26 റണ്‍സ് അടിച്ചെടുത്തത്.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓവല്‍ ഇന്‍വിസിബിള്‍ 100 പന്തുകളില്‍ 180 റണ്‍സടിച്ചിരുന്നു. 29 പന്തില്‍ 63 റണ്‍സടിച്ച ഡൊണോവന്‍ ഫേരേരയായിരുന്നു ഇന്‍വിസിബിളിനായി തകര്‍ത്തടിച്ചത്. മറുപടി ബാറ്റിംഗില്‍ 67 പന്തുകള്‍ കഴിഞ്ഞപ്പോള്‍ 111 ഫിനിക്സ് 111-4 എന്ന സ്കോറില്‍ പതറുമ്പോഴാണ് ലിവിംഗ്സ്റ്റണ്‍ റാഷിദിനെതിരെ വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്ത്. ലിവിംഗ്സ്റ്റണിന്‍റെ ഇന്നിംഗ്സിന്‍റെ കരുത്തില്‍ 98 പന്തുകളില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ഫിനിക്സ് ജയം പിടിച്ചെടുത്തു. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിനായി പന്തെറിഞ്ഞ റാഷിദ് ഖാന് സീസണിലാകെ 10 വിക്കറ്റുകള്‍ മാത്രമായിരുന്നു വീഴ്ത്താനായത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക