ആദ്യം രാഹുല്‍ മടങ്ങി, സെഞ്ചുറിക്ക് പിന്നാലെ ഗില്ലും വീണു, മാഞ്ചസ്റ്ററില്‍ ഇംഗ്ലണ്ടിനെതിരെ തോൽവി മുന്നില്‍ക്കണ്ട് ഇന്ത്യ

Published : Jul 27, 2025, 05:54 PM ISTUpdated : Jul 27, 2025, 05:55 PM IST
Shhubman Gill

Synopsis

അഞ്ചാം നമ്പറില്‍ റിഷഭ് പന്തിന് പകരമെത്തിയ വാഷിംഗ്ടണ്‍ സുന്ദറിനെ കൂട്ടുപിടിച്ച് ഗില്‍ ഇന്ത്യയെ 200 കടത്തി. ഒടുവില്‍ രണ്ടാം ന്യൂബോളെടുത്ത ഇംഗ്ലണ്ട് തന്ത്രങ്ങളെയും ചെറുത്ത് 228 പന്തില്‍ സെഞ്ചുറി പൂര്‍ത്തിയാക്കി.

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിനെതിരായ മാഞ്ചസ്റ്റര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ തോല്‍വിയിലേക്ക് നീങ്ങുന്നു. സമനിലക്കായി പൊരുതുന്ന ഇന്ത്യ അവസാന ദിനം ലഞ്ചിന് പിരിയുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 223 റണ്‍സെന്ന നിലയില്‍ പതറുകയാണ്. 21 റണ്‍സോടെ വാഷിംഗ്ടണ്‍ സുന്ദറും റണ്ണൊന്നുമെടുക്കാതെ രവീന്ദ്ര ജഡേജയും ക്രീസില്‍. ഒമ്പതാം ടെസ്റ്റ് സെഞ്ചുറി നേടിയ ശുഭ്മാന്‍ ഗില്ലിന്‍റെയും(103) കെഎല്‍ രാഹുലിന്‍റെയും(90) വിക്കറ്റുകളാണ് ഇന്ത്യക്ക് ആദ്യ സെഷനില്‍ നഷ്ടമായത്. ബെന്‍ സ്റ്റോക്സിനും ജോഫ്ര ആര്‍ച്ചര്‍ക്കുമാണ് വിക്കറ്റ്.

നിസഹായനായി രാഹുല്‍, വലിച്ചെറിഞ്ഞ് ഗില്‍

 

174-2 എന്ന സ്കോറില്‍ അവസാന ദിനം ക്രീസിലിറങ്ങിയ ഇന്ത്യക്ക് ആദ്യ സെഷനില്‍ ബെന്‍ സ്റ്റോക്സ് ആണ് ഏറ്റവും കൂടുതല്‍ ഭീഷണി ഉയര്‍ത്തിയത്. സ്റ്റോക്സിന്‍റെ പല പന്തുകളും താഴ്ന്നു വന്നപ്പോള്‍ ഗില്ലും രാഹുലും പലപ്പോഴും വിക്കറ്റിന് മുന്നില്‍ കുടുങ്ങാതെ തലനാരിഴക്ക് രക്ഷപ്പെട്ടു. ഇതിനിടെ സ്റ്റോക്സിന്‍റെ പന്തില്‍ ഗില്‍ നല്‍കിയ പ്രയാസമുള്ളൊരു ക്യാച്ച് ഷോര്‍ട്ട് കവറില്‍ പറന്നുപിടിക്കാനുള്ള ഒല്ലി പോപ്പിന്‍റെ ശ്രമം വിഫലമായത് ഇന്ത്യക്ക് ആശ്വാസമായി. എന്നാല്‍ തൊട്ടു പിന്നാലെ രാഹുലിനെ താഴ്ന്നു വന്നൊരു പന്തില്‍ യാതൊരു അവസരവും നല്‍കാതെ വിക്കറ്റിന് മുന്നില്‍ കുടുക്കിയ സ്റ്റോക്സ് 188 റണ്‍സിന്‍റെ കൂട്ടുകെട്ട് പൊളിച്ചു.

 

അഞ്ചാം നമ്പറില്‍ റിഷഭ് പന്തിന് പകരമെത്തിയ വാഷിംഗ്ടണ്‍ സുന്ദറിനെ കൂട്ടുപിടിച്ച് ഗില്‍ ഇന്ത്യയെ 200 കടത്തി. ഒടുവില്‍ രണ്ടാം ന്യൂബോളെടുത്ത ഇംഗ്ലണ്ട് തന്ത്രങ്ങളെയും ചെറുത്ത് 228 പന്തില്‍ സെഞ്ചുറി പൂര്‍ത്തിയാക്കി. എന്നാല്‍ അവസാന ദിനം ലഞ്ചിന് പിരിയുന്നതിന് മുമ്പ് ഗില്ലിന്‍റെ സാഹസം ഇന്ത്യയെ വീണ്ടും പ്രതിരോധത്തിലാക്കി. ജോഫ്ര ആര്‍ച്ചറുടെ ഓഫ് സ്റ്റംപിന് പുറത്തുപോയ പന്തില്‍ കട്ടിന് ശ്രമിച്ച ഗില്ലിനെ ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ജാമി സ്മിത്ത് കൈയിലൊതുക്കി.

 

പിന്നീടെത്തിയ രവീന്ദ്ര ജഡേജ നേരിട്ട ആദ്യ പന്തില്‍ തന്നെ ഓഫ് സ്റ്റംപിന് പുറത്തുപോയ പന്തില്‍ ബാറ്റ് വെച്ച് സ്ലിപ്പില്‍ ജോ റൂട്ടിന് ക്യാച്ച് നല്‍കിയെങ്കിലും റൂട്ട് കൈവിട്ടത് ഇന്ത്യക്ക് ആശ്വാസമായി. അവസാന ദിനം 64 ഓവറുകളാണ് ഇനി ബാക്കിയുള്ളത്. ആറ് വിക്കറ്റ് കൈയിലുള്ള ഇന്ത്യക്ക് പ്രധാന ബാറ്റര്‍മാരെല്ലാം പുറത്തായതോടെ പ്രതിരോധിച്ചു നില്‍ക്കാനാവുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ലോര്‍ഡ്സില്‍ പുറത്തെടുത്തതുപോലൊരു ചെറുത്തു നില്‍പ്പിന് മാത്രമെ ഇന്ത്യയെ തോല്‍വിയില്‍ നിന്ന് രക്ഷിക്കാനാവു. രണ്ടാം ഇന്നിംഗ്സില്‍ റിഷഭ് പന്ത് ബാറ്റിംഗിനിറങ്ങുമോ എന്നും ആരാധകര്‍ ഉറ്റുനോക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'സഞ്ജുവിനല്ല, അടുത്ത മത്സരങ്ങളിലും അവസരം നല്‍കേണ്ടത് ജിതേഷ് ശര്‍മക്ക്', തുറന്നുപറഞ്ഞ് ഇര്‍ഫാന്‍ പത്താന്‍
മുഷ്താഖ് അലി ട്രോഫിക്കുള്ള ടീമിലെടുത്തില്ല, കോച്ചിന്‍റെ തലയടിച്ച് പൊട്ടിച്ച് യുവതാരങ്ങള്‍, സംഭവം പോണ്ടിച്ചേരിയില്‍