
ദിണ്ടിഗല്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീം വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിന് മുമ്പ് വിശ്രമത്തിലാണ്. എന്നാല്‍ വെറ്ററന്‍ സ്പിന്നർ രവിചന്ദ്രന്‍ അശ്വിന്‍ ഈ സമയവും മൈതാനത്ത് സജീവമാണ്. തമിഴ്നാട് പ്രീമിയർ ലീഗില്‍ കളിച്ചുകൊണ്ടിരിക്കുകയാണ് അശ്വിനിപ്പോള്‍. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കഴിഞ്ഞതിന്‍റെ യാതൊരു ആലസ്യവും അശ്വിനില്ല. ദിണ്ടിഗല്‍ ഡ്രാഗണ്‍സും ചെപ്പോക്ക് സൂപ്പർ ഗില്ലീസും തമ്മില്‍ നടന്ന മത്സരത്തിലെ അശ്വിന്‍റെ പറക്കും ക്യാച്ച് തന്നെ ഇതിന് ഉദാഹരണം. മുപ്പത്തിയാറുകാരനായ അശ്വിന്‍ പ്രായത്തെ വെല്ലുന്ന മികവാണ് ഫീല്‍ഡിംഗില്‍ പുറത്തെടുത്തത്.
മത്സരത്തില്‍ ചെപ്പോക്ക് സൂപ്പർ ഗില്ലീസ് താരം സഞ്ജയ് യാദവിനെ പുറത്താക്കാനാണ് ആർ അശ്വിന്‍ തകർപ്പന്‍ ക്യാച്ചെടുത്തത്. ചെപ്പോക്ക് ഇന്നിംഗ്സിലെ 14-ാം ഓവറിലെ രണ്ടാം പന്തിലായിരുന്നു ഇത്. സ്പിന്നർ വരുണ്‍ ചക്രവർത്തിയെ സിക്സർ അടിക്കാന്‍ യാദവ് ശ്രമിച്ചപ്പോള്‍ ലക്ഷ്യം പിഴച്ചു. ബാറ്റില്‍ തട്ടി ലീഡിംഗ് എഡ്ജായി നേരെ മുകളിലേക്ക് ഉയർന്ന പന്ത് പറക്കും ക്യാച്ചിലൂടെ സ്വന്തമാക്കുകയായിരുന്നു വെറ്ററന്‍ സ്പിന്നർ. അശ്വിന്‍റെ ക്യാച്ച് പിന്നാലെ വൈറലായി. ഏഴ് പന്തില്‍ വെറും മൂന്ന് റണ്‍സെടുത്ത് മടങ്ങുകയായിരുന്നു സഞ്ജയ് യാദവ്.
ആവേശപ്പോരാട്ടത്തില്‍ ദിണ്ടിഗല്‍ ഡ്രാഗണ്‍സ് ഒരു റണ്ണിന്‍റെ ത്രില്ലർ ജയം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ദിണ്ടിഗല്‍ 20 ഓവറില്‍9 വിക്കറ്റിന് 170 റണ്‍സ് നേടിയപ്പോള്‍ ചെപ്പോക്കിന് നിശ്ചിത ഓവറില്‍ 9 വിക്കറ്റിന് 169 റണ്‍സിലെത്താനേ കഴിഞ്ഞുള്ളൂ. ബാബാ അപരാജിത് 40 പന്തില്‍ 74 റണ്‍സുമായി തിളങ്ങിയെങ്കിലും മൂന്ന് വിക്കറ്റുമായി വരുണ്‍ ചക്രവർത്തിയും രണ്ട് പേരെ പുറത്താക്കി ശരവണ കുമാറും ഓരോ വിക്കറ്റുമായി എസ് അരുമും സുബോത് ഭാട്ടിയും വരിഞ്ഞുമുറുക്കുകയായിരുന്നു. ദിണ്ടിഗല്‍ ക്യാപ്റ്റന്‍ കൂടിയായ അശ്വിന് വിക്കറ്റൊന്നും നേടാനായില്ല.
Read more: എം എസ് ധോണിയുടെ ഐപിഎല്‍ ഭാവി; വമ്പന്‍ അപ്ഡേറ്റുമായി ചെന്നൈ സൂപ്പർ കിംഗ്സ് സിഇഒ