ഏറ്റവും പുതിയ അപ്ഡേറ്റ് ആരാധകർക്കായി പങ്കുവെച്ചിരിക്കുകയാണ് ടീം സിഇഒ കാശി വിശ്വനാഥന്‍
ചെന്നൈ: ധോണി കളിക്കുമോ ഇല്ലയോ? ഐപിഎല്‍ 2024ന് മാസങ്ങള്‍ അവശേഷിക്കുകയാണെങ്കിലും എം എസ് ധോണിയുടെ ഭാവി സംബന്ധിച്ച് ആരാധകർ വലിയ ആകാംക്ഷയിലാണ്. ധോണി ഐപിഎല്‍ കരിയർ പൂർത്തിയാക്കി എന്ന് ചിലരൊക്കെ കരുതുമ്പോഴും ധോണി അടുത്ത സീസണിലും സിഎസ്കെയുടെ മഞ്ഞക്കുപ്പായത്തില്‍ കളിക്കും എന്നാണ് 'തല' ആരാധകരുടെ പ്രതീക്ഷ. ഐപിഎല്‍ പതിനാറാം സീസണ്‍ പൂർത്തിയായതിന് പിന്നാലെ കാല്‍മുട്ടിലെ പരിക്കിന് ശസ്ത്രക്രിയക്ക് വിധേയനായ ധോണിയുടെ ഫിറ്റ്നസ് അടുത്ത സീസണിലേക്ക് നിർണായകമാണ്. ഇക്കാര്യത്തില്‍ ഏറ്റവും പുതിയ അപ്ഡേറ്റ് ആരാധകർക്കായി പങ്കുവെച്ചിരിക്കുകയാണ് ടീം സിഇഒ കാശി വിശ്വനാഥന്‍.
'ഐപിഎല്‍ കഴിഞ്ഞതും മുംബൈയിലേക്ക് ശസ്ത്രക്രിയക്ക് പോവുകയാണ് എന്ന് ധോണി പറയുകയായിരുന്നു. റാഞ്ചിയിലായിരിക്കും ബാക്കി ചികില്‍സയും പരിശീലനവും എന്ന് അദേഹം വ്യക്തമാക്കിയിരുന്നു. മുംബൈയില്‍ റുതുരാജ ഗെയ്ക്വാദിന്‍റെ വിവാഹശേഷം ഞാന്‍ ധോണിയെ സന്ദർശിച്ചിരുന്നു. മൂന്ന് ആഴ്ച വിശ്രമം എടുത്ത ശേഷം റീഹാബിലിറ്റേഷന്‍ തുടങ്ങും എന്നാണ് ധോണി പറഞ്ഞത്. എന്തായാലും അടുത്ത ജനുവരി-ഫെബ്രുവരി വരെ ധോണി കളിക്കില്ല. അതിനെ കുറിച്ചൊക്കെ ധോണിയോട് ഇപ്പോള്‍ സംസാരിക്കേണ്ടതില്ല. എന്താണ് ചെയ്യേണ്ടത് എന്ന് ധോണിക്കറിയാം. എന്ത് ചെയ്യുന്നുണ്ടെങ്കിലും ധോണി എന്‍ ശ്രീനിവാസനെ വിളിച്ച് അറിയിക്കും, അത് 2008 മുതലുള്ള ശീലമാണ്. അത് തുടരും' എന്നും കാശി വിശ്വനാഥന്‍ വ്യക്തമാക്കി.
ഐപിഎല്‍ പതിനാറാം സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ എം എസ് ധോണി കളിച്ചത് കാലിലെ പരിക്ക് വകവെക്കാതെയായിരുന്നു. പരിക്കിനിടയിലും ധോണി എല്ലാ മത്സരത്തിലും കളത്തിലിറങ്ങി. കാര്യമായി റണ്‍ കണ്ടെത്താനായില്ലെങ്കിലും വിക്കറ്റിന് പിന്നില്‍ 41കാരനായ താരം തിളങ്ങിയിരുന്നു. പരിക്ക് കാര്യമാക്കാതെ കളിച്ച് ചെന്നൈയെ അഞ്ചാം കിരീടത്തിലേക്ക് സീസണില്‍ നയിച്ച ശേഷം അദേഹം പിന്നാലെ ശസ്ത്രക്രിയക്ക് വിധേയനാവുകയായിരുന്നു. സ്പോര്‍ട്‌സ് മെഡിസിന്‍ വിദഗ്‌ധനായ ഡോ. ദിന്‍ഷാ പര്‍ദിവാലയുടെ നേതൃത്വത്തിലായിരുന്നു ധോണിയുടെ ശസ്‌ത്രക്രിയ. ധോണിക്ക് എപ്പോള്‍ പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുക്കാനാകും എന്ന് വ്യക്തമല്ലെങ്കിലും രണ്ട് മാസം കൊണ്ട് നാല്‍പത്തിയൊന്നുകാരനായ താരത്തിന് നടക്കാന്‍ സാധിക്കും എന്നായിരുന്നു അന്ന് പുറത്തുവന്ന റിപ്പോർട്ടുകള്‍.
Read more: ധോണി ഉഗ്രന്‍ പോരാളി, ഐപിഎല്‍ കളിച്ചത് ഒരു കാലിലെ വേദന കടിച്ചമര്‍ത്തി; വാഴ്‌ത്തി മുന്‍ താരം

