ഇത്തവണ ഏഷ്യാ കപ്പില്‍ ഇരു ടീമുകളും മുഖാമുഖം വരുമ്പോള്‍ ഷഹീനെതിരെ രോഹിത് കരുതലോടെയിരിക്കണം എന്ന് ഓസീസ് ഇതിഹാസം മാത്യൂ ഹെയ്‌ഡന്‍ പറയുന്നു

കാന്‍ഡി: വീണ്ടുമൊരു ഇന്ത്യ- പാക് പോരാട്ടം കൂടി ക്രിക്കറ്റ് മൈതാനത്ത് വരികയാണ്. അതായത് ഒരിക്കല്‍ക്കൂടി ഇന്ത്യന്‍ സ്റ്റാര്‍ ബാറ്ററും നായകനുമായ രോഹിത് ശര്‍മ്മയും തീപാറും പാക് പേസര്‍ ഷഹീന്‍ ഷാ അഫ്രീദിയും തമ്മിലുള്ള പോരാട്ടം വരുന്നു. ഏഷ്യാ കപ്പില്‍ സെപ്റ്റംബര്‍ രണ്ടിനാണ് ഏഷ്യയിലെ വമ്പന്‍ ടീമുകളുടെ പോരാട്ടം. 2021ലെ ട്വന്‍റി 20 ലോകകപ്പിലെ പോലെ അഫ്രീദിക്ക് മുന്നില്‍ രോഹിത് അടിയറവുപറയുമോ എന്നതാണ് ചോദ്യം. ഇത്തവണ ഏഷ്യാ കപ്പില്‍ ഇരു ടീമുകളും മുഖാമുഖം വരുമ്പോള്‍ ഷഹീനെതിരെ രോഹിത് കരുതലോടെയിരിക്കണം എന്ന് ഓസീസ് ഇതിഹാസം മാത്യൂ ഹെയ്‌ഡന്‍ പറയുന്നു. 

യുഎഇയില്‍ നടന്ന 2021ലെ ട്വന്‍റി 20 ലോകകപ്പില്‍ ഷഹീന്‍ അഫ്രീദിയുടെ ആദ്യ പന്തില്‍ രോഹിത് ശര്‍മ്മ പുറത്തായിരുന്നു. ഇത്തവണ രോഹിത് കരുതലോടെ വേണം ആദ്യ മൂന്ന് ഓവറുകളില്‍ ഷഹീനെ നേരിടേണ്ടത് എന്ന് ഹെയ്‌ന്‍ ഉപദേശിച്ചു. 'ഷഹീന്‍ തുടക്കത്തിലെ വിക്കറ്റ് എടുക്കാന്‍ പറ്റുന്ന ബൗളറാണ്. 2021ല്‍ യുഎഇയില്‍ അത് നമ്മള്‍ കണ്ടതാണ്. രോഹിത്തിനെ പുറത്താക്കിയ പന്ത് നമുക്ക് മറക്കാനാവില്ല. അതിനാല്‍ ഇത്തവണ രോഹിത് കുടൂതല്‍ കരുതലോടെ കളിക്കണം. പന്ത് സ്വിങ് ചെയ്യുന്നുണ്ടെങ്കില്‍ ആദ്യ മൂന്ന് ഓവറുകള്‍ ഒഴിവാക്കുന്നതാണ് നല്ലത്' എന്നും മാത്യൂ ഹെയ്‌ഡന്‍ അഭിപ്രായപ്പെട്ടു. 

'ഷഹീന്‍ അഫ്രീദി, ഹാരിസ് റൗഫ്, നസീം ഷാ എന്നീ പാക് പേസ് ത്രത്തിനെതിരെയാണ് ഇന്ത്യ കളിക്കേണ്ടത്. ഇത് ക്രിക്കറ്റിലെ സവിശേഷമായ കൂട്ടുകെട്ടാണ്. മൂന്ന് പേരും ഏറെ വ്യത്യസ്തമായ ബൗളര്‍മാരാണ്. അതിനാല്‍ അവരെ നേരിടാന്‍ ഇന്ത്യയും വ്യത്യസ്ത പദ്ധതികളുമായി മുന്നോട്ടുവരണം. കാന്‍ഡിയില്‍ അല്‍പം ബൗണ്‍സ് ലഭിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഹാരിസ് റൗഫിന്‍റെ പന്തുകള്‍ ശ്രദ്ധിക്കണം. ഓഫ്‌സ്റ്റംപ് തെറിപ്പിക്കാന്‍ പ്രത്യേക കഴിവുള്ള താരമാണ് റൗഫ്. ശക്തമായ ബാറ്റിംഗ് നിരയുള്ളതിനാല്‍ നസീം ഷായെ പ്രതിരോധത്തിലാക്കിയാല്‍ ഇന്ത്യ ജയിക്കുമെന്നാണ് കരുതുന്നത്' എന്ന് ഹെയ്‌ഡന്‍ കൂട്ടിച്ചേര്‍ത്തു. നാളെയാണ് കാന്‍ഡിയില്‍ ഇന്ത്യ- പാക് ആവേശ മത്സരം. 

Read more: ഫോമില്‍ ബാബര്‍ അസം, ആര് പൂട്ടും? പേരുമായി മുഹമ്മദ് കൈഫ്; ആ താരം ബുമ്ര അല്ല!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം