
കാന്‍ഡി: ഏഷ്യാ കപ്പില്‍ നാളെ ഇന്ത്യ, പാകിസ്ഥാനെ നേരിടാനിരിക്കെ മാനസികാധിപത്യം രോഹിത് ശര്‍മയക്കും സംഘത്തിനും. നേര്‍ക്കുനേര്‍ കണക്കുകളില്‍ ഇന്ത്യക്കാണ് മുന്‍തൂക്കം. ചരിത്രത്തിലാദ്യമായിട്ടാണ് ഇന്ത്യയും പാകിസ്ഥാനും പല്ലേക്കെലെ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടുന്നത്. ടിക്കറ്റുകളെല്ലാം നേരത്തെ വിറ്റുതീര്‍ന്നിരുന്നു. കാന്‍ഡിയിലെ പ്രധാന ഹോട്ടലുകളെല്ലാം ആരാധകരെകൊണ്ട് നിറഞ്ഞിരുന്നു. ത്രില്ലര്‍ മത്സരം തന്നെ ആരാധകര്‍ പ്രതീക്ഷിക്കുന്നുണ്ട്.
1984 തുടക്കം മുതല്‍ ഇരു ടീമുകളും നേര്‍ക്കുനേര്‍ വരുന്നുണ്ട്. ഇതുവരെ 16 തവണ രണ്ട് ടീമുകളും ഏഷ്യാ കപ്പില്‍ നേര്‍ക്കുനേര്‍ വന്നു. പരമ്പരാഗത ഏകദിന ഫോര്‍മാറ്റില്‍ 13 മത്സരങ്ങള്‍ നടന്നു. മൂന്ന് മത്സരങ്ങള്‍ ടി20 ഫോര്‍മാറ്റിലായിരുന്നു. മൊത്തത്തില്‍ ഇന്ത്യ ഏഴ് ഏകദിനങ്ങള്‍ ജയിച്ചു. രണ്ട് ടി20 മത്സരങ്ങളും സ്വന്തമാക്കി. പാകിസ്ഥാന്‍ അഞ്ച് ഏകദിനങ്ങളിലും ഒരു ടി20 മത്സരവും ജയിച്ചു. ഒരു മത്സരത്തില്‍ ഫലമുണ്ടായിരുന്നില്ല.
ഇന്ത്യ നാളെ ഇഷാന്‍ കിഷനെ ടീമില്‍ ഉള്‍പ്പെടുത്തിയാണ് ഗ്രൗണ്ടിലിറങ്ങുക. പരിക്കേറ്റ കെ എല്‍ രാഹുലിന് പകരം താരം ടീമിലിടം പിടിക്കും. അഞ്ചാം നമ്പറില്‍ കിഷന്‍ കളിക്കും. ദീര്‍ഘകാലത്തെ പരിക്കിന് ശേഷം തിരിച്ചെത്തുന്ന ശ്രേയസ് അയ്യരും നാലാം നമ്പറില്‍ കളിക്കാനെത്തും. രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യും. മൂന്നാമന്‍ വിരാട് കോലി. രണ്ട് ഓള്‍റൗണ്ടറുമായിട്ടാണ് ഇന്ത്യ ഇറങ്ങുക. ഹാര്‍ദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയും ടീമിലിടം പിടിക്കും. ജഡേജയ്ക്ക് കൂട്ടായി കുല്‍ദീപ് യാദവും. പേസര്‍മാരായി ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി എന്നിവര്‍ ടീമിലെത്തും.
ഇന്ത്യ സാധ്യതാ ഇലവന്‍: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ജസ്പ്രിത് ബുമ്ര.