
ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ബാറ്റിംഗിനിടെ തന്നെ ട്രോളിയ ഇംഗ്ലണ്ട് ഓപ്പണര്‍ ബെന്‍ ഡക്കറ്റിന്‍റെ വായടപ്പിച്ച് റിഷഭ് പന്ത്. മൂന്നാം ദിനം 145-3 എന്ന സ്കോറില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യയെ റിഷഭ് പന്തും കെ എല്‍ രാഹുലും ചേര്‍ന്ന് മുന്നോട്ട് നയിക്കുന്നതിനിടെയായിരുന്നു ക്രിസ് വോക്സിന്‍റെ പന്ത് പ്രതിരോധിച്ച റിഷഭ് പന്തിന് അടുത്തുവന്ന് ഡക്കറ്റ് നീ എന്താ സമനിലക്ക് വേണ്ടിയാണോ കളിക്കുന്നത് എന്ന് ചോദിച്ചത്. ഇന്ത്യൻ ബാറ്റര്‍മാരുടെ കരുതലോടെയുള്ള സമീപനത്തെ ട്രോളിയായിരുന്നു ഡക്കറ്റിന്‍റെ പരിഹാസം. എന്നാല്‍ അതെ, നിന്നെപ്പോലെ, ആദ്യ ദിനം നീ കളിച്ചതുപോലെ എന്നായിരുന്നു ഇതിന് റിഷഭ് പന്ത് നല്‍കിയ മറുപടി.
ആദ്യ ദിനം ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് ബാസ്ബോള്‍ ശൈലി ഉപേക്ഷിച്ച് കരുതലോടെ കളിച്ചതിനെ കളിയാക്കിയായിരുന്നു റിഷഭ് പന്തിന്‍റെ മറുപടി. ബാസ്ബോള്‍ യുഗത്തില്‍ ഓവറില്‍ നാലും നാലരയും റണ്‍സ് വീതം അടിച്ചെടുക്കാറുള്ള ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റിന്‍റെ ആദ്യ ദിനം നാലു വിക്കറ്റ് നഷ്ടത്തില്‍ 251 റണ്‍സ് മാത്രമാണ് നേടിയത്. 40 പന്ത് നേരിട്ട ഡക്കറ്റ് ആകട്ടെ 23 റണ്‍സെടുത്ത് നിതീഷ് കുമാര്‍ റെഡ്ഡിയുടെ പന്തില്‍ വിക്കറ്റിന് പിന്നില്‍ റിഷഭ് പന്തിന് ക്യാച്ച് നല്‍കിയായിരുന്നു പുറത്തായത്.
ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 387 റണ്‍സിന് മറുപടിയായി മൂന്നാം ദിനം 145-3 എന്ന സ്കോറില്‍ ക്രീസിലെത്തിയ ഇന്ത്യൻ ബാറ്റര്‍മാരെ ഷോര്‍ട്ട് പിച്ച് പന്തുകള്‍ കൊണ്ട് പരീക്ഷിക്കാനാണ് ഇംഗ്ലീഷ് പേസര്‍മാര്‍ തുനിഞ്ഞത്. ലെഗ് സൈഡില്‍ ആറ് ഫീല്‍ഡര്‍മാരെ നിര്‍ത്തി തുടര്‍ച്ചയായി ഷോര്‍ട്ട് പിച്ച് പന്തുകളെറിഞ്ഞ ഇംഗ്ലീഷ് പേസര്‍മാരുടെ തന്ത്രം പക്ഷെ വിലപ്പോയില്ല.
നാലാം വിക്കറ്റില്‍ കെ എല്‍ രാഹുലിനൊപ്പം 198 പന്തില്‍ 141 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തിയശേഷമാണ് നിര്‍ഭാഗ്യകരമായി റിഷഭ് പന്ത് റണ്ണൗട്ടായി പുറത്തായത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!