
വിശാഖപട്ടണം: ഇന്ത്യ- ദക്ഷിണാഫ്രിക്ക ആദ്യ ടെസ്റ്റിലെ ഒരു സംഭവം വലിയ ചിരിപടര്‍ത്തുകയാണ്. ഇന്ത്യന്‍ ഇന്നിംഗ്‌സിനിടെ പന്ത് കാണാതെ പോയതും ദക്ഷിണാഫ്രിക്കന്‍ ഫീല്‍ഡര്‍മാരുടെ പാളിപ്പോയ തിരച്ചിലുമാണ് സംഭവം. കമന്‍റേറ്റര്‍മാര്‍ മാത്രമല്ല, ആരാധകരും ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ക്ക് പറ്റിയ അമളി ആഘോഷിക്കുകയായിരുന്നു.
ഇന്ത്യന്‍ ഇന്നിംഗ്‌സിലെ 129-ാം ഓവറിലായിരുന്നു രസകരമായ സംഭവം. ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ക്വിന്‍റണ്‍ ഡികോക്ക് പന്ത് കൈക്കാലാക്കുന്നതില്‍ പരാജയപ്പെട്ടപ്പോള്‍ ബോള്‍ ബൗണ്ടറികടന്നു. ഇതുവരെ കാര്യങ്ങളെല്ലാം സ്വാഭാവികം മാത്രം. എന്നാല്‍ പിന്നീട് നടന്ന സംംഭവങ്ങളാണ് കൂട്ടച്ചിരി സൃഷ്‌ടിച്ചത്.
പന്തിനെ പിന്തുടര്‍ന്ന വെര്‍നോണ്‍ ഫിലാന്‍ഡര്‍ ബൗണ്ടറിലൈനിന് പുറത്ത് അരിച്ചുപെറുക്കി. കുറച്ച് റിസര്‍വ് താരങ്ങളും ഫിലാന്‍ഡര്‍ക്കൊപ്പം ചേര്‍ന്നതോടെ തിരച്ചില്‍ തകൃതം. എന്നാല്‍ ഗ്രൗണ്ടിലെ ഒരു ക്യാമറയില്‍ പന്ത് കൃത്യമായി പതിഞ്ഞു. അത് സൂം ചെയ്ത് കാണിച്ചെങ്കിലും ദക്ഷിണാഫ്രിക്കന്‍ താരങ്ങളുടെ കണ്ണില്‍പെട്ടില്ല. വീണ്ടും ദൃശ്യം കാണിച്ചപ്പോള്‍ ഏയ്‌ഡന്‍ മാര്‍ക്രം ഓടിയെത്തി പന്ത് കൈക്കലാക്കുകയായിരുന്നു. ബൗണ്ടറിലൈനില്‍ രണ്ട് പരസ്യബോര്‍ഡുകള്‍ക്ക് ഇടയില്‍ ഒളിച്ചിരിക്കുകയായിരുന്നു പന്ത്.
ഇതിനിടെ കമന്‍റേറ്റര്‍മാരുടെ പൊട്ടിച്ചിരി കൂടിയായതോടെ രംഗം കൊഴുത്തു. സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ക്കും ചിരിയടക്കാനായില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!