വിണ്ടും നിരാശപ്പെടുത്തി ജോ റൂട്ട്, കമന്‍ററി ബോക്സില്‍ സങ്കടംകൊണ്ട് കണ്ണുനിറഞ്ഞ് സ്റ്റുവര്‍ട്ട് ബ്രോഡ്

Published : Nov 22, 2025, 02:36 PM IST
Stuart Broad in tears

Synopsis

തുടര്‍ച്ചയായ രണ്ടാം ഇന്നിംഗ്സിലും റൂട്ട് നിരാശപ്പെടുത്തിയതോടെ ഒരുനിമിഷം കണ്ണടച്ചിരുന്ന ബ്രോഡ് ദീര്‍ഘനിശ്വാസം വിട്ടശേഷം കണ്ണീര്‍ തുടക്കുന്നതിന്‍റെ വീഡിയോ സമൂഹമാധ്യമഘങ്ങളില്‍ വൈറലാവുകയും ചെയ്തു.

പെര്‍ത്ത്: ഓസ്ട്രേലിയയില്‍ സെഞ്ചുറിയില്ലെന്ന നാണക്കേട് മാറ്റാനിറങ്ങിയ ഇംഗ്ലണ്ട് സൂപ്പര്‍ താരം ജോ റൂട്ടിന് രണ്ടാം ഇന്നിംഗ്സിലും നിരാശ. ആദ്യ ഇന്നിംഗ്സില്‍ ഏഴ് പന്ത് നേരിട്ട് പൂജ്യത്തിന് പുറത്തായ റൂട്ട് രണ്ടാം ഇന്നിംഗ്സില്‍ 11 പന്ത് നേരിട്ട് എട്ട് റണ്‍സ് മാത്രമെടുത്ത് മിച്ചല്‍ സ്റ്റാര്‍ക്കിന്‍റ പന്തില്‍ ബൗള്‍ഡായി മടങ്ങി. ആദ്യ ഇന്നിംഗ്സിന് പിന്നാലെ രണ്ടാം ഇന്നിംഗ്സിലും റൂട്ട് വലിയ സ്കോര്‍ നേടാതെ മടങ്ങുന്നത് കമന്‍ററി ബോക്സിലിരുന്നു കണ്ട ഇംഗ്ലണ്ട് മുന്‍ താരം സ്റ്റുവര്‍ട്ട് ബ്രോഡിന് ആ കാഴ്ച കണ്ട് കണ്ണീരടക്കാനായില്ല.

തുടര്‍ച്ചയായ രണ്ടാം ഇന്നിംഗ്സിലും റൂട്ട് നിരാശപ്പെടുത്തിയതോടെ ഒരുനിമിഷം കണ്ണടച്ചിരുന്ന ബ്രോഡ് ദീര്‍ഘനിശ്വാസം വിട്ടശേഷം കണ്ണീര്‍ തുടക്കുന്നതിന്‍റെ വീഡിയോ സമൂഹമാധ്യമഘങ്ങളില്‍ വൈറലാവുകയും ചെയ്തു. ബ്രോഡിനൊപ്പം കമന്‍ററി ബോക്സിലുണ്ടായിരുന്നത് ഓസ്ട്രേലിയയുടെ മാത്യു ഹെയ്ഡനായിരുന്നു. റൂട്ട് ഇത്തവണ ഓസ്ട്രേലിയയില്‍ സെഞ്ചുറി അടിച്ചില്ലെങ്കില്‍ താന്‍ മെല്‍ബണ്‍ ഗ്രൗണ്ടിലൂടെ നഗ്നനായി ഓടുമെന്ന് ഹെയ്ഡന്‍ നേരത്തെ പ്രവചിച്ചിരുന്നു. 159 ടെസ്റ്റില്‍ 39 സെഞ്ചുറികള്‍ നേടിയ റൂട്ടിന് ഇതുവരെ ഓസ്ട്രേലിയയില്‍ ഒറ്റ സെഞ്ചുറി പോലും നേടാനായിട്ടില്ല. കരിയറിലെ ഏറ്റവും മികച്ച ഫോമില്‍ കളിക്കുന്ന റൂട്ട് ഇത്തവണയെങ്കിലും ഓസ്ട്രേലിയയില്‍ സെഞ്ചറിയില്ലെന്ന നാണക്കേട് മാറ്റുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. പക്ഷെ രണ്ട് ഇന്നിംഗ്സിലും രണ്ടക്കം തൊടാനായില്ല.

 

2021ൽ 18 ടെസ്റ്റ് സെഞ്ചുറികള്‍ മാത്രം പേരിലുണ്ടായിരുന്ന റൂട്ട് കഴിഞ്ഞ നാലു വര്‍ഷത്തിനിടെ 21 സെഞ്ചുറികളാണ് അടിച്ചുകൂട്ടിയത്. ടെസ്റ്റില്‍ 13551 റണ്‍സെടുത്തിട്ടുള്ള റൂട്ട് ടെസ്റ്റ് റണ്‍വേട്ടയില്‍ ഒന്നാമനായ ഇന്ത്യൻ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡ് മറികടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നുത്. ഓസ്ട്രേലിയയില്‍ ഇതുവരെ കളിച്ച 15 ടെസ്റ്റുകളിലെ 29 ഇന്നിംഗ്സില്‍ നിന്ന് 900 റണ്‍സാണ് റൂട്ടിന്‍റെ നേട്ടം. ഓസ്ട്രേലിയയില്‍ ഒമ്പത് അര്‍ധസെഞ്ചുറികള്‍ നേടിയിട്ടുള്ള റൂട്ടിന്‍റെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ 89 റണ്‍സാണ്.

 

കരിയറില്‍ ഓസ്ട്രേലിയക്കെതിരെ ഇതുവരെ കളിച്ച 35 ടെസ്റ്റില്‍ നിന്ന് 39.29 ശരാശരിയില്‍ നാലു സെഞ്ചുറികളും 18 അർധസെഞ്ചുറികളും അടക്കം 2436 റണ്‍സടിച്ചിട്ടുണ്ടെങ്കിലും നേടിയ നാലു സെഞ്ചുറികളും ഇംഗ്ലണ്ടിലായിരുന്നു. ഓസ്ട്രേലിയയില്‍ നടന്ന 2021-22 ആഷസ് പരമ്പരയില്‍ ഇംഗ്ലണ്ട് 4-0ന് തോറ്റപ്പോള്‍ റൂട്ട് 322 റണ്‍സടിച്ച് പരമ്പരയിലെ മൂന്നാമത്തെ വലിയ സ്കോററായെങ്കിലും ഒരു സെഞ്ചുറി പോലും നേടാനായിരുന്നില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഏകദിന റാങ്കിംഗ്, ഒന്നാം സ്ഥാനം നിലനിര്‍ത്തി രോഹിത് ശര്‍മ, വിരാട് കോലി തൊട്ടുപിന്നില്‍, രാഹുലിനും നേട്ടം
ഗില്ലിന് പകരം ഓപ്പണറായി സഞ്ജു?, ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടി20 നാളെ, സാധ്യതാ ഇലവൻ