
ധാക്ക: സിനിമാ താരങ്ങള്‍ പങ്കെടുത്ത സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കൂട്ടയടി. ബംഗ്ലാദേശിലെ താരങ്ങളും സിനിമാ സംവിധായകരും തമ്മില്‍ നടന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലാണ് താരങ്ങള്‍ തമ്മിലടിച്ചത്. സംവിധായകരായ മുസ്തഫ കമാല്‍ രാജിന്‍റെയും ദീപാങ്കര്‍ ദിപോണിന്‍റെയും ടീമുകള്‍ തമ്മിലാണ് ധാക്കയില്‍ നടന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് മത്സരത്തില്‍ ഗ്രൗണ്ടിലും പുറത്തും ഏറ്റുമുട്ടിയത്.
മത്സരത്തിനിടെ ബൗണ്ടറി അനുവദിക്കാതിരുന്ന അമ്പയറുടെ തെറ്റായ തീരുമാനത്തിനെതിരെ ഇരു ടീമുകളിലെയും താരങ്ങള്‍ തമ്മില്‍ വാക് തര്‍ക്കത്തിലേര്‍പ്പെടുകയും പിന്നീട് കൂട്ട അടിയിലെത്തുകയുമായിരുന്നു. ഇരു ടീമിലെയും താരങ്ങള്‍ പരസ്പരം മുഖത്തിടിക്കുകയും ജേഴ്സികളില്‍ പിടിച്ചുവലിക്കുകയും ചെയ്യുന്ന വീഡിയോ ആണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്.
വനിതാ താരങ്ങളും ഇതിനിടയില്‍ ഉണ്ടായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരും മാച്ച് ഒഫീഷ്യല്‍സും ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. ശിശിർ സർദാർ, രാജ് റിപ, ജോയ് ചൗധരി, അതിഖ് റഹ്മാൻ, ഷെയ്ഖ് ഷുവോ, ആഷിഖ് ജാഹിദ് എന്നിവര്‍ക്കാണ് താരങ്ങളുടെ തമ്മിലടിയില്‍ പരിക്കേറ്റത്.
ഈ തമ്മിലടികൊണ്ട് തന്‍റെ കരിയറില്‍ എന്തെങ്കിലും നഷ്ടം സംഭവിച്ചാല്‍ മുസ്തഫ കമാര്‍ രാജ് ആയിരിക്കും ഉത്തരവാദിയെന്ന് പരിക്കേറ്റ നടി രാജ് റിപ പിന്നീട് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. മുസ്തഫയുടെ ടീം അംഗങ്ങള്‍ തങ്ങള്‍ക്കുനേരെ വെള്ളക്കുപ്പികള്‍ വലിച്ചെറിഞ്ഞുവെന്നും റിപ ആരോപിച്ചു. താരങ്ങളുടെ തമ്മിലടിയെ തുടര്‍ന്ന് ടൂര്‍ണമെന്‍റ് റദ്ദാക്കി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!